ADVERTISEMENT

കോംപാക്ട് എസ് യു വിയായ നെക്സന്റെ വൈദ്യുത പതിപ്പിന്റെ ആദ്യ പ്രദർശനം അടുത്തമാസം നടക്കും.  വൈദ്യുത വാഹന സാങ്കേതിക വിദ്യയ്ക്കായി കമ്പനി ആവിഷ്കരിച്ച സിപ്ട്രോണിന്റെ പിൻബലത്തോടെയെത്തുന്ന വാഹനം അടുത്ത വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെക്സൻ ഇ വിക്ക് 15 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും വില. ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 300 കിലോമീറ്റർ പിന്നിടാൻ പ്രാപ്തിയുള്ള രീതിയിൽ വൈദ്യുത നെക്സനെ നിരത്തിലെത്തിക്കാനാണു ടാറ്റ മോട്ടോഴ്സിന്റെ ശ്രമം.

സിപ്ട്രോൺ സാങ്കേതികവിദ്യയുടെ പിൻബലത്തോടെയെത്തുന്ന നെക്സൻ ഇ വിയിൽ കാര്യക്ഷമതയേറിയ ഹൈ വോൾട്ടേജ് സംവിധനം, അതിവേഗ ചാർജിങ് സൗകര്യം, എട്ടു വർഷ വാറന്റിയുള്ള ബാറ്ററിയും മോട്ടോറുമൊക്കെ ലഭ്യമാക്കുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം. കൂടാതെ പൊടി നിയന്ത്രണത്തിലും ജലപ്രതിരോധത്തിലും ഐ പി 67 നിലവാരവും നെക്സൻ ഇ വിയിൽ കമ്പനി ഉറപ്പാക്കും. കാര്യക്ഷമതയേറിയ ഹൈ വോൾട്ടേജ് സിസ്റ്റം, മികച്ച പ്രകടനക്ഷമത, ദീർഘദൂര റേഞ്ച്, അതിവേഗ ബാറ്ററി ചാർജിങ് എന്നിവയൊക്കെയാണു സിപ്ട്രോണിന്റെ മികവായി ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നത്. ഒപ്പം ബാറ്ററിക്ക് എട്ടു വർഷ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ബാറ്ററിയിൽ ഓടുന്ന നെക്സന്റെ വരവിനു മുന്നോടിയായി ദ് അൾട്ടിമേറ്റ് ഇലക്ട്രിക് ഡ്രൈവ് എന്ന ഹാഷ്ടാഗിൽ പുതിയ പരസ്യപ്രചാരണത്തിനും ടാറ്റ മോട്ടോഴ്സ് തുടക്കമിട്ടിട്ടുണ്ട്. നടനും മോഡലുമായ മിലിന്ദ് സോമനും ഭാര്യ അങ്കിത കൺവറും വദ്യുത ‘നെക്സനി’ൽ നടത്തുന്ന മണാലി – ലേ യാത്രയാണ് ഈ പ്രചാരണത്തിന്റെ ഇതിവൃത്തം. വൈദ്യുത വാഹനങ്ങളുടെ സഞ്ചാര പരിധി സംബന്ധിച്ചും ബാറ്ററി ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യത്തിലെ പരിമിതികളെക്കുറിച്ചും ഇത്തരം കാറുകളുടെ പ്രകടനക്ഷമതയെക്കുറിച്ചുമൊക്കെയുള്ള ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാൻ ഈ പ്രചാരണം സഹായിക്കുമെന്നു ടാറ്റ മോട്ടോഴ്സ് കരുതുന്നു.

പത്തു ലക്ഷത്തോളം കിലോമീറ്റർ നീണ്ട പരീക്ഷണ ഓട്ടത്തിലൂടെ തെളിയിച്ച മികവിന്റെ പിൻബലത്തോടെയാണ് സിപ്ട്രോൺ സാങ്കേതികവിദ്യയുടെ വരവെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കുന്നു. ഈ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ ഇന്ത്യയിൽ വൈദ്യുത വാഹന തരംഗം തന്നെ സൃഷ്ടിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

English Summary: Tata Nexon EV likely to be unveiled on December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com