ADVERTISEMENT

ലോകം ഏറ്റവും പേടിക്കുന്ന ആക്രമണങ്ങളിലൊന്നാണ് ആണവായുധങ്ങളുടേത്. പരിധിയില്‍ വരുന്നതെന്തും തകര്‍ത്തു തരിപ്പണമാക്കാന്‍ അണുബോംബുകള്‍ക്ക് ശേഷിയുണ്ട്. അത്യാധുനിക സൈനിക ഉപകരണങ്ങളും മറ്റു വാഹനങ്ങളും ഇത്തരം ആണവസ്‌ഫോടനങ്ങളുടെ പരിധിയില്‍ വന്നാലെന്തു സംഭവിക്കും? അത് പരീക്ഷിച്ചറിയാന്‍ റഷ്യയുടെ പക്കല്‍ സംവിധാനമുണ്ട്.

റഷ്യന്‍ സൈന്യത്തിന്റെ പ്രത്യേക പരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ റഷ്യയിലെ Zvezda TVയാണ് പുറത്തുവിട്ടത്. ആണവസ്‌ഫോടനം അടക്കമുള്ള കനത്ത ആഘാതങ്ങള്‍ വിവിധ വാഹനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നായിരുന്നു പരീക്ഷിച്ചത്. പരീക്ഷണത്തിനായി റഷ്യ രഹസ്യമായി ആണവസ്‌ഫോടനം നടത്തിയെന്ന് കരുതരുത്. നിയന്ത്രിതമായ സാഹചര്യത്തില്‍ സ്‌ഫോടനത്തിന്റെ ആഘാതം സൃഷ്ടിച്ചായിരുന്നു പരീക്ഷണം. 

സ്‌ഫോടനത്തെ തുടര്‍ന്നുണ്ടാകുന്ന ഊര്‍ജ തരംഗങ്ങളും വൈദ്യുത കാന്തിക തരംഗങ്ങളും തുടങ്ങി മിന്നലേറ്റാലുള്ള സാഹചര്യം വരെ കൃത്രിമമായി സൃഷ്ടിച്ചായിരുന്നു പരീക്ഷണം. 12 കിലോ മാത്രമുള്ള സൈനിക റോബോട്ട് മുതല്‍ 13 ടണ്‍ വരെ ഭാരമുള്ള മിലിട്ടറി ട്രക്ക് വരെയുള്ളവ പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രത്യേകമായി നിര്‍മിച്ച 113 മീറ്റര്‍ നീളത്തിലുള്ള കൂറ്റന്‍ ട്യൂബിലൂടെ സ്‌ഫോടന ആഘാതങ്ങള്‍ കടത്തിവിട്ടായിരുന്നു പരീക്ഷണം. ആണവസ്‌ഫോടനത്തിന്റെ ഫലമായുണ്ടാകുന്ന തരംഗങ്ങള്‍ അതേ ആവൃത്തിയില്‍ പുനരാവിഷ്‌ക്കരിച്ചും പരീക്ഷണം നടത്തി. സോവിയറ്റ് കാലത്തെ BMD-1 യുദ്ധ ടാങ്കുകള്‍ ഈ പരീക്ഷണത്തിനിടെ കരിയില പോലെ പറന്നുപോകുന്നതും കാണാമായിരുന്നു.

സൈനികേതര വാഹനങ്ങളായിരുന്നു ഈ പരീക്ഷണത്തില്‍ അമ്പേ പരാജയപ്പെട്ടത്. സാധാരണ കാറുകള്‍ അമ്പേ തകര്‍ന്നുപോകുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ റഷ്യന്‍ സൈന്യത്തിന്റെ ട്രക്ക് ആണവസ്‌ഫോടനത്തെ തുടര്‍ന്നുള്ള തരംഗത്തിലും കാര്യമായ ഇളക്കങ്ങള്‍ പോലുമില്ലാതെ നില്‍ക്കുന്ന അദ്ഭുത കാഴ്ചയും വീഡിയോയിലുണ്ട്.

വ്യത്യസ്തങ്ങളായ 50 ശക്തിയിലുള്ള തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ റഷ്യന്‍ സൈന്യത്തിന്റെ ഈ പരീക്ഷണ സംവിധാനത്തിന് കഴിയും. റഷ്യന്‍ സൈന്യത്തിന്റെ വാഹനങ്ങളും മറ്റു ഉപകരണങ്ങളും ഏത് സാഹചര്യം വരെ അതിജീവിക്കും എന്ന് പരീക്ഷിച്ചറിയാനാണ് ഈ കൂറ്റന്‍ ട്യൂബ് സജ്ജീകരിച്ചിരിക്കുന്നത്. അമേരിക്കയ്ക്കും സമാനമായ പരീക്ഷണ സംവിധാനമുണ്ട്.

English Summary: Nuclear Weapon Effects on Vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com