ADVERTISEMENT

പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങളുടെ പ്രചാരണാർഥം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറിന്റെ യാത്രകൾ ഇനി മലിനീകരണ വിമുക്ത വാഹനത്തിൽ. ഔദ്യോഗിക യാത്രകൾക്കായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ഇനി വൈദ്യുത എസ് യു വിയായ ഹ്യുണ്ടേയ് ‘കോന’യാവും ഉപയോഗിക്കുക. 

 ജയ്റാം താക്കൂറിന്റെ ഉപയോഗത്തിനായി സംസ്ഥാന ഗതാഗത വകുപ്പ് പുത്തൻ കോന വാങ്ങി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയതായും ഹിമാചൽ പ്രദേശ് പൊതുഭരണ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്തിനകത്തു മാത്രമല്ല പുറത്തെ യാത്രകൾക്കും താക്കൂർ ഹ്യുണ്ടേയ് ‘കോന’യാവും ഉപയോഗിക്കുകയെന്നു ഹിമാചൽ പ്രദേശ് അധികൃതർ അറിയിച്ചു. ഒറ്റത്തവണ ചാർജ് ചെയ്താൽ 450 കിലോമീറ്റർ വരെ പിന്നിടാൻ ‘കോന’യിലെ  ബാറ്ററി പായ്ക്കിനാവും. പർവത മേഖലയായ ഹിമാചൽ പ്രദേശിലെ നിരത്തുകളിൽ കോന മികവു തെളിയിക്കുന്ന പക്ഷം മന്ത്രിമാരുടെയും മറ്റും ഉപയോഗത്തിനായും വൈദ്യുത വാഹനങ്ങൾ വാങ്ങാൻ പദ്ധതിയുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി. ഹിമാചൽ പ്രദേശ് നിയമസഭയുടെ വർഷകാല സമ്മേളന വേളയിൽ ഷിംലയിലെ നിയമസഭാ മന്ദിര പരിസര്തത് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ‘കോന’ പ്രദർശിപ്പിച്ചിരുന്നു.

പർവതനിരകളുടെ റാണിയായി വാഴ്ത്തപ്പെടുന്ന ഷിംലയിൽ പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ട് ബാറ്ററിയിൽ ഓടുന്ന ബസ്സുകളാണു സംസ്ഥാന തലസ്ഥാനത്തെ പൊതുഗതാഗത മേഖലയിൽ ഉപയോഗിക്കുന്നത്. വൈദ്യുത എസ് യു വിയായ ‘കോന’ വാങ്ങാൻ കേന്ദ്ര സർക്കാർ മുമ്പേ തന്നെ  തീരുമാനനിച്ചിരുന്നു. ഊർജ വകുപ്പിന്റെ കീഴിലുള്ള പൊതു മേഖല സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ) വഴി കേന്ദ്ര സർക്കാർ ഓഫിസുകളുടെ ഉപയോഗത്തിനായി 10 ‘കോന’യാണു വാങ്ങിയത്. 

പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 25.30 ലക്ഷം രൂപയ്ക്കായിരുന്നു കോന ഇന്ത്യയിൽ  വിൽപ്പനയ്ക്കെത്തിയത്. പിന്നീട് കേന്ദ്ര ബജറ്റിൽ വൈദ്യുത വാഹനങ്ങൾക്ക് ചരക്ക്, സേവന നികുതി(ജി എസ് ടി) നിരക്കിൽ ഇളവ് അനുവദിച്ചതോടെ ‘കോന’യുടെ വില 23.71 ലക്ഷം രൂപയായി കുറഞ്ഞു. കോന എത്തുന്നത് 39.2 കിലോവാട്ട് അവർ ലിതിയം അയോൺ ബാറ്ററി പായ്ക്ക് സഹിതമാണ്; 136 ബി എച്ച് പിയോളം കരുത്തും 395 എൻ എം ടോർക്കുമാണ് ഈ പവർ ട്രെയ്ൻ സൃഷ്ടിക്കുക. ഒറ്റ ചാർജിൽ 452 കിലോമീറ്റർ ഓടാൻ പ്രാപ്തിയുള്ള കോനയ്ക്ക് 9.7 സെക്കൻഡിനകം നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാനാവുമെന്നും ഹ്യുണ്ടേയ് അവകാശപ്പെടുന്നു. 

കാഴ്ചയിൽ സാധാരണ കോനയോടു സാമ്യമേറെയാണെങ്കിലും വൈദ്യുത പതിപ്പിൽ നിന്നു ഗ്രിൽ ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ബാറ്ററിയിൽ ഓടുന്ന കോനയുടെ അലോയ് വീലിനു സവിശേഷ രൂപകൽപ്പനയും ഹ്യുണ്ടേയ് തിരഞ്ഞെടുത്തിട്ടുണ്ട്.  വേഗമേറിയ 50 കിലോവാട്ട് അവർ ഡി സി ചാർജർ ഉപയോഗിച്ചാൽ 57 മിനിറ്റിൽ കോനയിലെ ബാറ്ററി 80% വരെ ചാർജ് ചെയ്യാനാവും; സാധാരണ ചാർജറി(7.2 കിലോവാട്ട് അവർ)ൽ ബാറ്ററി പൂർണ തോതിൽ ചാർജ് ആവാൻ ആറു മണിക്കൂർ 10 മിനിറ്റാണു വേണ്ടി വരിക. കിലോമീറ്റർ പരിധിയില്ലാതെ മൂന്നു വർഷ വാറന്റിയോടെയാണു കോന എത്തുന്നത്. കാറിലെ ബാറ്ററി പായ്ക്കിനാവട്ടെ എട്ടു വർഷം അഥവാ 1.6 ലക്ഷം കിലോമീറ്റർ നീളുന്ന വാറന്റിയും ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നു. 

English Summary: Himachal CM opts for electric SUV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com