ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡി(എം എസ് ഐ എൽ)ന്റെ ഇതുവരെയുള്ള മൊത്തം വാഹന വിൽപ്പന രണ്ടു കോടി യൂണിറ്റ് തികഞ്ഞു.1983 ഡിസംബറിൽ ‘മാരുതി 800’ എന്ന ചെറുകാറുമായി ഇന്ത്യൻ വിപണിയിൽ അരങ്ങേറിയ മാരുതി സുസുക്കി 37 വർഷത്തിനുള്ളിലാണ് ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. 

ഉൽപ്പാദനം ആരംഭിച്ച് 29 വർഷം കൊണ്ടായിരുന്നു മാരുതി സുസുക്കിയുടെ ആഭ്യന്തര വിൽപ്പന ആദ്യ കോടി പിന്നിട്ടത്. എന്നാൽ തുടർന്നുള്ള ഒരു കോടി യൂണിറ്റ് വിൽപ്പന കൈവരിക്കാൻ കമ്പനിക്കു വേണ്ടിവന്നതു വെറും എട്ടു വർഷം മാത്രമാണ്. ഇതിൽതന്നെ അവസാനത്തെ 50 ലക്ഷം യൂണിറ്റ് വിൽപ്പന കഴിഞ്ഞ മൂന്നു വർഷത്തിനിടെ നേടിയതാണെന്നും മാരുതി സുസുക്കി അവകാശപ്പെടുന്നു. ഏതായാലും ഇന്ത്യൻ കാർ നിർമാതാക്കളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കമ്പനിയാണു മാരുതി സുസുക്കി. 

കാർ വിൽപ്പനയിൽ മാരുതി സുസുക്കി താണ്ടിയ നാഴികക്കല്ലുകൾ ഇപ്രകാരമാണ്:

10  ലക്ഷം 1994 — 95

50 ലക്ഷം 2005 — 06

ഒരു കോടി 2011 — 12

1.50 കോടി 2016 — 17

രണ്ടു കോടി 2019 — 20

ചരിത്ര നേട്ടം സ്വന്തമായതിൽ അതീവ സന്തുഷ്ടരാണെന്നു മാരുതി സുസുക്കി ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവ അഭിപ്രായപ്പെട്ടു. മാരുതി സുസുക്കിക്കു മാത്രമല്ല സപ്ലയർമാരെയും ഡീലർമാരെയും സംബന്ധിച്ചിടത്തോളവും ഇതു മികച്ച നേട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രാൻഡിൽ വിശ്വാസമർപ്പിച്ച ഉപയോക്താക്കളോടും മികച്ച പിന്തുണ നൽകിയ സർക്കാരിനോടും  ദീർഘകാലമായി പങ്കാളിത്തം തുടരുന്നവരോടുമുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. 

ഇന്ത്യക്കാർക്കു യാത്രാസൗകര്യം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകൃതമായ കമ്പനിയാണു മാരുതി സുസുക്കി. കാർ സ്വന്തമാക്കുക എന്ന ഓരോ ഇന്ത്യൻ കുടുംബത്തിന്റെയും സ്വപ്നം സഫലമാക്കാനുള്ള തീവ്രശ്രമം കമ്പനി തുടരുമെന്നും അയുകാവ വ്യക്തമാക്കി.

English Summary: Maruti Suzuki Cross 20 Million Mark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com