ADVERTISEMENT

ഇന്ത്യയിലെ ആദ്യത്തെ പൂർണ ഇലക്ട്രിക് ഇന്റർനെറ്റ് എസ്‌യുവി എന്ന വിശേഷണത്തോടെ എത്തുന്ന ഇസെഡ് എസ്ഇവി എംജി മോട്ടോർ ഇന്ത്യ അവതരിപ്പിച്ചു. ഇന്ത്യയിലെ തങ്ങളുടെ ആദ്യ വാഹനമായ ഹെക്ടറിന് പിന്നാലെയാണ് ഇലക്ട്രിക് എസ്‌യുവി ഇസെഡ്എസ് ഇവി എംജി പുറത്തിറക്കിയിരിക്കുന്നത്. കാറിന്റെ വില പിന്നീട് പ്രഖ്യാപിക്കും. ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നീ 5 നഗരങ്ങളിൽ മാത്രമാകും ഇസെഡ് എസ്ഇവി എംജി മോട്ടോർ ഇന്ത്യ പുറത്തിറക്കുക.

MG-SUV-ZS-EV-JPG

കഴിഞ്ഞ വർഷം അവസാനം നടന്ന ചൈനീസ് മോട്ടോർ ഷോയിലാണ് ഇസെഡ് എസ്ഇവി ആദ്യം പ്രദർശിപ്പിച്ചത്. ഹെക്ടറിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ഐസ്മാർട്ട് ടെക്നോളജി ഇൗ ഇലക്ട്രിക് എസ്‌യുവിയിലുമുണ്ടാകും. 150 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറാണ് വാഹനത്തിന് കരുത്തു പകരുക. പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗം 8.5 സെക്കന്റിൽ ആർജിക്കാനുള്ള കഴിവുണ്ടാകും. ഒറ്റ ചാർജിൽ 300 കിലോമീറ്ററിലധികം സഞ്ചരിക്കാൻ സാധിക്കും എന്നതും ഈ എസ്‌യുവിയുടെ മേന്മയാണ്. 60 കിലോമീറ്റർ വേഗ പരിധിയിൽ സഞ്ചരിച്ചാൽ 428 കിലോമീറ്റർ വരെ ചാർജ് നിൽക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

MG-ZS-EV3

ഫീച്ചറുകൾ

എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, 17 ഇഞ്ച് അലോയ് വീലുകൾ, ഒാട്ടമാറ്റിക്കായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, കീലെസ് എൻട്രി എന്നിവ ഇസെഡ്എസ് ഇവിയിൽ ഉണ്ടാകും. പനോരമിക് സൺറൂഫും കാറിൽ ഉണ്ട്. എം‌ജി ഇതിനെ സ്കൈറൂഫ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്റർനെറ്റ് കണക്റ്റിവിറ്റി, വോയ്‌സ്-ആക്റ്റിവേറ്റഡ് കമാൻഡുകൾ, ആപ്പിൾ കാർ പ്ലേ എന്നിവ നിയന്ത്രിക്കാനാകുന്ന സംയോജിത സിം ഇസെഡ് ഇവിക്കൊപ്പം ലഭിക്കും.

MG-ZS-EV2

5 കിലോമീറ്ററുകളിൽ ഫാസ്റ്റ് ചാർജറുകൾ

എം‌ജി ഇസെഡ് ഇ‌വിയുടെ ലിഥിയം അയൺ ബാറ്ററി 50 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ച് 40 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. സ്റ്റാൻഡേർഡ് 7 കിലോവാട്ട് ചാർജർ ഉപയോഗിച്ചാൽ ഏഴു മണിക്കൂർ വരെ ചാർജിങ്ങിനെടുക്കാം. ഇന്ത്യയിലെ ആദ്യത്തെ 50 ലോ ഡിസി ഫാസ്റ്റ് ചാർജറുകൾ നൽകുന്നതിന് എം‌ജി മോട്ടോർ ഫോർട്ടം എന്ന സ്ഥാപനവുമായി സഹകരിച്ചു പ്രവർത്തിക്കും. ഈ സൂപ്പർഫാസ്റ്റ് ചാർജറുകൾക്ക് ഒരു മണിക്കൂറിനുള്ളിൽ വാഹനം 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. ഒരു നഗരത്തിലെ ഓരോ 5 കിലോമീറ്ററിലും ഹൈവേകളിൽ ഓരോ 25 കിലോമീറ്ററിലും ചാർജർ സ്ഥാപിക്കാനാണ് ഫോർട്ടം ലക്ഷ്യമിടുന്നത്.

വാഹനത്തിന്റെ വിലകുറയ്ക്കുന്നതിനായി പാർട്ട്സുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബിൾ ചെയ്ത് വിൽക്കാനാണ് കമ്പനി പദ്ധതി. ജനറല്‍ മോട്ടോഴ്‌സില്‍ നിന്നു സ്വന്തമാക്കിയ ഗുജറാത്തിലെ ഹലോല്‍ ശാലയില്‍ നിന്നാണ് എംജി വാഹനങ്ങള്‍ പുറത്തിറക്കുന്നത്. യുഎസ് നിർമാതാക്കളായ ടെസ്‌ല കഴിഞ്ഞാൽ ഒ ടി എ സാങ്കേതികവിദ്യ എംജി മോട്ടോറിനു മാത്രമാണ് സ്വന്തമായുള്ളത്. നിലവിൽ ഇന്ത്യയിലുള്ള കാറുകളിലൊന്നിലും ഈ സാങ്കേതികവിദ്യ ലഭ്യമല്ല. അതുകൊണ്ടുതന്നെ ഒ ടി എ സാങ്കേതികവിദ്യയുടെ വരവ് ഗതാഗത രംഗത്തു വിപ്ലവകരമായ മാറ്റത്തിനു വഴി തെളിക്കുമെന്നും എംജി പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com