അഞ്ചു മാസം കാത്തിരുന്നു കിട്ടിയ കാർ, ഇന്റർനെറ്റ് എസ്യുവി സ്വന്തമാക്കി പ്രിയ നടി

Mail This Article
എംജി മോട്ടറിന്റെ ഇന്റർനെറ്റ് എസ്‍യുവി ഹെക്ടർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടി രചന നാരായൺകുട്ടി. ബുക്ക് ചെയ്തിട്ട് അഞ്ചു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്റർനെറ്റ് എസ്‌യുവി ലഭിച്ചത് എന്നാണ് രചന സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. വൈൻ റെഡ് നിറത്തിലുള്ള വാഹനമാണ് രചന വാങ്ങിയത്. ഇനി അങ്ങോട്ടുള്ള തന്റെ യാത്രകൾക്ക് കൂട്ടായി ഹെക്ടറുമുണ്ടാകും എന്നും സന്തോഷത്തോടെ രചന പറയുന്നു. നേരത്തെ ലെനയും ഹെക്ടർ സ്വന്തമാക്കിയിരുന്നു.
ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജിയുടെ ആദ്യ വാഹനം ഹെക്ടർ ജൂണിലാണ് വിപണിയിലെത്തുന്നത്. രാജ്യത്തെ ആദ്യ ഇന്റർനെറ്റ് എസ്‌യുവി എന്ന പേരിലെത്തിയ വാഹനം പെട്ടെന്നു തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി. ഇതുവരെ ഏകദേശം 13000ൽ അധികം ഹെക്ടറുകൾ നിരത്തിലെത്തിയിട്ടുണ്ട്. കുറഞ്ഞ വിലയും പ്രീമിയം സെഗ്‍മെന്റുകളിൽ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വൻ ജനപ്രീതിക്കു പിന്നിൽ.
രണ്ട് പെട്രോൾ, ഒരു ഡീസൽ എൻജിൻ ഓപ്ഷനുകളോടെയാണ് ഹെക്ടർ വിപിണിയിലെത്തിയത്. ജീപ് കോംപസിലും ടാറ്റ ഹാരിയറിലുമുള്ള രണ്ടു ലീറ്റർ മൾട്ടി ജെറ്റ് ഡീസൽ എൻജിൻ തന്നെയാണു ഹെക്ടറിലുമെത്തുന്നത്. ആറു സ്പീഡ് മാനുവൽ ഗീയർബോക്സും പെട്രോൾ എൻജിനൊപ്പം ഡി സി ടി ഗീയർബോക്സുമാണ് ലഭിക്കുന്നത്. ഏകദേശം 12.48 ലക്ഷം മുതൽ പെട്രോൾ എൻജിനുള്ള അടിസ്ഥാന വകഭേദമായ സ്റ്റൈലിന് 12.18 ലക്ഷം രൂപ 17.28 ലക്ഷം രൂപ വരെയാണ് ഷോറൂം വില.
English Summary: Rachana Narayanankutti Bought MG Hector