ADVERTISEMENT

വിവിധോദ്ദേശ്യ വാഹന(എംപിവി)മായ എർട്ടിഗയുടെ ഇതുവരെയുള്ള വിൽപന അഞ്ചു ലക്ഷം യൂണിറ്റ് പിന്നിട്ടെന്ന് നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. നിരത്തിലെത്തി എട്ടു വർഷം കൊണ്ട്  ഈ നേട്ടം കൈവരിച്ച് രാജ്യത്ത് ഈ വിഭാഗത്തിൽ ഏറ്റവുമധികം വിൽപ്പനയുള്ള മോഡലായി മാറാനും എർട്ടിഗയ്ക്കു സാധിച്ചെന്നു കമ്പനി അവകാശപ്പെട്ടു.

നിലവിൽ നിരത്തിലുള്ളത് എർട്ടിഗയുടെ രണ്ടാം തലമുറ മോഡലാണ്. 2018ൽ പുറത്തെത്തിയ ഈ മോഡൽ 13 മാസത്തിനകം ഒരു ലക്ഷം യൂണിറ്റ് വിൽപനയാണു നേടിയത്. ആദ്യ തലമുറ എർട്ടിഗയാവട്ടെ ഏഴു വർഷം കൊണ്ട് 4,18,128 യൂണിറ്റിന്റെ വിൽപ്പന കൈവരിച്ചെന്നും കമ്പനി വിശദീകരിക്കുന്നു. ‘എർട്ടിഗ’യുടെ പിൻബലത്തിൽ എം പി വി വിഭാഗത്തിലെ വിപണി വിഹിതം നേരത്തെയുള്ള 25.3 ശതമാനത്തിൽ നിന്ന് 50.3% ആയി വർധിപ്പിക്കാനും മാരുതി സുസുക്കി ഇന്ത്യയ്ക്കായി. 

മൂന്നു നിരകളിലായി സുഖകരമായ യാത്ര ഉറപ്പു നൽകുന്ന വിവിധോദ്ദേശ്യ വാഹനമെന്നതാണ് എർട്ടിഗയ്ക്കു തകർപ്പൻ വിജയം സമ്മാനിച്ചതെന്നു മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. എർട്ടിഗയുടെ ചിറകിലേറെ എം പി വി വിപണി പിടിക്കാനും മാരുതിക്ക് സാധിച്ചെന്ന് അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്തെ എം പി വി വിഭാഗത്തിൽ 36% വിപണി വിഹിതത്തോടെ എർട്ടിഗ നേതൃസ്ഥാനത്താണ്. 

സുസുക്കിയുടെ അഞ്ചാംതലമുറ ഹാർടെക്ട് പ്ലാറ്റ്ഫോം അടിത്തറയാക്കുന്ന എർട്ടിഗയിൽ മികച്ച സുരക്ഷ ഉറപ്പാക്കാൻ മുന്നിൽ ഇരട്ട എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, റിവേഴ്സ് പാർക്കിങ് സെൻസർ എന്നിവയൊക്കെ മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്. പോരെങ്കിൽ പെട്രോൾ, ഡീസൽ, സി എൻ ജി ഇന്ധനസാധ്യതകളോടെ വിപണിയിൽ ലഭ്യമാവുന്ന ഏക എം പി വിയും എർട്ടിഗ തന്നെ. ഇതുകൊണ്ടൊക്കെയാവാം എർട്ടിഗ വാങ്ങാനെത്തുന്നവരിൽ 28 ശതമാനത്തോളം നേരത്തെ എർട്ടിഗ ഉപയോഗിച്ചിരുന്നവർ തന്നെയാണെന്നു മാരുതി സുസുക്കി വെളിപ്പെടുത്തുന്നത്. 

English Summary: Maruti Suzuki Ertiga Sales Cross 5 Lakh Unit Milestone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com