ADVERTISEMENT

ഹ്യുണ്ടേയ് മോട്ടോറിന്റെ ഉപസ്ഥാപനമാ കിയ മോട്ടോഴ്സ് ഇന്ത്യയുടെ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ കാർണിവൽ അടുത്ത മാസം നടക്കുന്ന ഓട്ടോ എക്സ്പോയിൽ അരങ്ങേറും. എക്സ്പോയുടെ ഉദ്ഘാടന ദിനമായ ഫെബ്രുവരി അഞ്ചിനു തന്നെ കിയ മോട്ടോഴ്സ് കാർണിവൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഓട്ടോ എക്സ്പോയിലെ ആദ്യ രണ്ടു ദിനങ്ങളിൽ മാധ്യമ പ്രതിനിധികൾക്കു മാത്രമാണു പ്രവേശനം. ഫെബ്രുവരി ഏഴു മുതലാണു വാഹന മാമാങ്കത്തിൽ സന്ദർശകരെ അനുവദിക്കുക.

നിലവിൽ ഇന്ത്യൻ എം പി വി വിപണി വാഴുന്ന ‘ഇന്നോവ ക്രിസ്റ്റ’യെ അപേക്ഷിച്ചു  പ്രീമിയം നിലവാരത്തിലാവും കിയ ‘കാർണിവൽ’ അവതരിപ്പിക്കുകയെന്നാണു വിലയിരുത്തൽ. ‘ക്രിസ്റ്റ’യെ അപേക്ഷിച്ച് വലിപ്പം അധികമുള്ള ‘കാർണിവലി’ന് ഉയർന്ന വിലയും ന്യായമായും പ്രതീക്ഷിക്കാം. ആറോ ഏഴോ എട്ടോ സീറ്റുകൾ ഘടിപ്പിച്ചെത്തുന്ന ‘കാർണിവലി’നു കരുത്തേകുക 2.2 ലീറ്റർ ഡീസൽ എൻജിനാവും. പിൻ സീറ്റ് യാത്രികർക്കായി രണ്ട് 10.1 ഇഞ്ച് സ്ക്രീൻ സഹിതമാവും കിയയുടെ എം പി വിയുടെ വരവ്.

സൗകര്യങ്ങളിലെയും സംവിധാനങ്ങളിലെയും മികവിന്റെ പേരിൽ 30 ലക്ഷം രൂപ വിലനിലവാരത്തിലാവും ‘കാർണിവലി’ന്റെ വരവെന്നാണു പ്രതീക്ഷ. അതേസമയം ‘ഇന്നോവ ക്രിസ്റ്റ’യുടെ പെട്രോൾ പതിപ്പുകൾക്ക് 15.13 മുതൽ 21.23 ലക്ഷം രൂപ വരെയും ഡീസൽ വകഭേദങ്ങൾക്ക് 15.87 ലക്ഷം രൂപ മുതൽ 22.63 ലക്ഷം രൂപ വരെയുമാണു ഷോറൂം വില. എന്നാൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിനുകൾ എത്തുന്നതോടെ ‘ഇന്നോവ ക്രിസ്റ്റ’യ്ക്കു വിലയേറുമെന്നാണു സൂചന. ‘കാർണിവലി’നു പിന്നാലെ ഇക്കൊല്ലം രണ്ടാം പകുതിയിൽ പുതിയ സബ് കോംപാക്ട് എസ് യു വി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാനും കിയ മോട്ടോഴ്സ് തയാറെടുക്കുന്നുണ്ട്. 

അതിനിടെ ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യ മോഡലായ ‘സെൽറ്റോസി’ന്റെ വില കിയ മോട്ടോഴ്സ് വർധിപ്പിച്ചു; പുതുവർഷം മുതൽ എസ് യു വിയുടെ വിവിധ വകഭേദങ്ങൾക്ക് 20,000 മുതൽ 35,000 രൂപയുടെ വരെ വർധനയാണു പ്രാബല്യത്തിലെത്തിയത്.  കഴിഞ്ഞ മാസം 4,713 ‘സെൽറ്റോസ്’ വിറ്റതായി കിയ മോട്ടോഴ്സ് അറിയിച്ചു; കഴിഞ്ഞ വർഷത്തെ മൊത്തം വിൽപ്പനയാവട്ടെ 45,294 യൂണിറ്റാണ്. പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 9.69 ലക്ഷം രൂപയ്ക്കായിരുന്നു കിയ ‘സെൽറ്റോസ്’ അവതരിപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com