ADVERTISEMENT

മാരുതി സുസുക്കിയുടെ കോംപാക്ട് എസ്‌യുവിയായ വിറ്റാര ബ്രേസയുടെ ഇതുവരെയുള്ള മൊത്തം വിൽപന അഞ്ചു ലക്ഷം പിന്നിട്ടു. 2016 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിച്ച, നാലു മീറ്ററിൽ താഴെ നീളമുള്ള എസ് യു വിയായ വിറ്റാര ബ്രേസ വെറും 46 മാസത്തിനകമാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2016 മാർച്ച് എട്ടിനായിരുന്നു വിറ്റാര ബ്രേസയുടെ അരങ്ങേറ്റം. 2019 ഡിസംബറാകുമ്പോഴേക്ക് കോംപാക്ട് എസ് യു വിയുടെ ആഭ്യന്തര വിൽപ്പന 5,00,000 പിന്നിടുകയും ചെയ്തു. 

കഴിഞ്ഞ 31ലെ കണക്കനുസരിച്ച് 5,08,673 വിറ്റാര ബ്രേസയാണു മാരുതി സുസുക്കി ഇതുവരെ ഇന്ത്യയിൽ വിറ്റത്. കഴിഞ്ഞ മാസം മാത്രം 13,658 വിറ്റാര ബ്രേസ വിറ്റു പോയി. തോടെ കോംപാക്ട് എസ് യു വി വിഭാഗത്തിലെ നേതൃസ്ഥാനവും മാരുതി സുസുക്കി വീണ്ടെടുത്തെന്നാണു വിലയിരുത്തൽ. അവതരണ വേള മുതൽ മികച്ച സ്വീകാര്യത കൈവരിച്ചായിരുന്നു വിറ്റാര ബ്രേസയുടെ മുന്നേറ്റം. 2018 ഒക്ടോബറിലാവട്ടെ വിറ്റാര ബ്രേസ വിൽപന ചരിത്രവും സൃഷ്ടിച്ചു. 15,082 യൂണിറ്റായിരുന്ന ആ മാസത്തെ റെക്കോഡ് വിൽപന. കഴിഞ്ഞ ജൂലൈയിൽ രേഖപ്പെടുത്തിയ 5,302 യൂണിറ്റാണു വിറ്റാര ബ്രേസ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിൽപന.

യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ മാരുതി സുസുക്കിക്കു മേൽക്കോയ്മ നേടിക്കൊടുക്കുന്നതിൽ നിർണായക സംഭാവനയാണു വിറ്റാര ബ്രേസ നൽകിയത്. നിലവിൽ 25.07% വിപണി വിഹിതവുമായി ഈ വിഭാഗത്തിൽ നേതൃസ്ഥാനത്താണു മാരുതി സുസുക്കി; 20.45% വിപണി വിഹിതത്തോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ആണു രണ്ടാം സ്ഥാനത്ത്. 19.18% വിപണി വിഹിതമുള്ള ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ മൂന്നാം സ്ഥാനത്തും.

വിൽപ്പന ആരംഭിച്ച് ആദ്യ വർഷം തന്നെ ‘വിറ്റാര ബ്രേസ’ ആദ്യ ലക്ഷം തികച്ചിരുന്നു; 17 മാസത്തിനകം മൊത്തം വിൽപ്പന 1.50 ലക്ഷം പിന്നിട്ടു. രണ്ടു ലക്ഷം ‘വിറ്റാര ബ്രേസ’ നിരത്തിലെത്താൻ വേണ്ടി വന്നത് 20 മാസമാണ്; മൂന്നു ലക്ഷം പിന്നിട്ടതാവട്ടെ 28 മാസത്തിനകവും. 35 മാസം കഴിഞ്ഞ തോടെ വിൽപ്പന നാലു ലക്ഷം കവിഞ്ഞു. 41 മാസത്തിനിടെ നാലര ലക്ഷം തികഞ്ഞ ‘വിറ്റാര ബ്രേസ’ വിൽപ്പന അഞ്ചു മാസം കൂടി കഴിയുമ്പോൾ അഞ്ചു ലക്ഷവും പിന്നിട്ടുള്ള കുതിപ്പിലാണ്.

മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’ വിൽപ്പന: ഒറ്റ നോട്ടത്തിൽ(സാമ്പത്തിക വർഷം, വിൽപ്പന എന്ന ക്രമത്തിൽ):

2016 മാർച്ച് : 5,563

2016 — 2017: 1,08,640

2017 — 2018: 1,48,462

2018 — 2019: 1,57,880

2019 — 2020(ഡിസംബർ വരെ): 88,128

ആകെ: 5,08,673.

 

English Summary: Maruti Suzuki Vitara Brezza Sales Cross 5 Lakh Unit Milestone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com