ADVERTISEMENT

വൻസുരക്ഷാ സംവിധാനങ്ങളുള്ള ഒരു രാജ്യത്തെ മുഴുവൻ കബളിപ്പിച്ച് പെട്ടിയിൽ കയറി വിമാനത്തിൽ ലബനിലിലേക്ക് മുങ്ങിയ ഓട്ടമൊബീൽ കമ്പനി നിസാന്റെ മുൻ തലവൻ കാർലോസ് ഘോനാണ് ജപ്പാനിലെ ഇപ്പോഴത്തെ സംസാരവിഷയം. അതിസുരക്ഷാ പരിശോധനകളിൽ നിന്നെല്ലാം വിദഗ്ധമായി രക്ഷപ്പെട്ടാണ് ഘോനിന്റെ പലായനം. ഇതോടെ നാണംക്കെട്ട ജപ്പാൻ സ്വകാര്യ വിമാനങ്ങളിലും ലഗേജ് പരിശോധന നിർബന്ധമാക്കിയിരിക്കുകയാണ്.

ആരാണ് കാർലോസ് ഘോൻ?

വിജയക്കൊടുമുടി കയറിയ ബിസിനസ് എക്സിക്യൂട്ടീവ്, അതിബുദ്ധിമാൻ, കോടീശ്വരൻ. ഘോനിന്റെ ജീവിത വിജയങ്ങൾ‌ ആരെയും കൊതിപ്പിക്കുന്നതായിരുന്നു. കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ട്രെയിനിങ് ക്ലാസുകളിൽ ഘോനിന്റെ ജീവിതം ഉദാഹരണങ്ങളായി. ടയർ കമ്പനി മിഷലിൻ, ഫ്രഞ്ച് കാർ കമ്പനി റെനോ, ജപ്പാൻ കാർ കമ്പനി നിസാൻ എന്നിവയെ പ്രതിസന്ധികളിൽ കമ്പോളത്തിൽ വിജയിപ്പിച്ചത് ഘോനായിരുന്നു.

ഘോൻ പെട്ടിയിലായത് എന്തിന്?

കമ്പനിയുടെ പണം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതുൾപ്പെടെയുള്ള കേസുകളാണു ഘോനെതിരെയുള്ളത്. വിചാരണ അനന്തമായി നീണ്ടു പോകുന്നതു ഘോനിനെ അസ്വസ്ഥനാക്കി. അന്വേഷണത്തോടു സഹകരിച്ചിരുന്ന അദ്ദേഹത്തെ ഭാര്യയെ കാണുന്നതിൽ നിന്നുപോലും വിലക്കി. ഫോൺ, ഇന്റർനെറ്റ് സൗകര്യങ്ങൾ നിഷേധിച്ചു. യുഎസിൽ കഴിയുന്ന മകളെയും മകനെയും ജപ്പാൻ അധികൃതർ ചോദ്യം ചെയ്തതു ഘോനിനെ ഒളിച്ചോടാൻ പ്രേരിപ്പിച്ചു.

ഡിസംബർ 29നു ടോക്കിയോയിലെ വീട്ടിൽ നിന്നിറങ്ങിയ ഘോൻ ഓസക വരെ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്ത ശേഷമാണ് കൻസായ് വിമാനത്താവളത്തിൽ നിന്നു സ്വകാര്യ ജെറ്റ് വിമാനത്തിൽ ലബനനിലേക്കു കടന്നത്. സംഗീതോപകരണങ്ങൾ കൊണ്ടുപോകുന്ന തരത്തിലുള്ള വലിയ പെട്ടിയിലാക്കിയാണു ഘോനെ വിമാനത്തിൽ കയറ്റിയതെന്ന റിപ്പോർട്ടുകൾ ശരിയായിരുന്നു. ഇതിന് പിന്നാലെ ജപ്പാനിൽ സ്വകാര്യ വിമാനങ്ങളിലും ലഗേജ് പരിശോധന നിർബന്ധമാക്കി. സ്വകാര്യ വിമാനങ്ങളിലെ ലഗേജ് മുൻപു പരിശോധിച്ചിരുന്നില്ല. പെട്ടിയുടെ വലുപ്പക്കൂടുതലും എക്സ്റേ പരിശോധന ഒഴിവാക്കാൻ കാരണമായി. എന്നാൽ, തിങ്കളാഴ്ച മുതൽ ടോക്കിയോയിലെ 2 വിമാനത്താവളങ്ങളിലും ക‍ൻസായ്, നഗോയ വിമാനത്താവളങ്ങളിലും പരിശോധന ആരംഭിച്ചതായി നിയമമന്ത്രി മസാകോ മോറി അറിയിച്ചു.

ഭാര്യക്കെതിരെ കേസ്

അതിനിടെ, ഘോന്റെ ഭാര്യ കാരളിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഘോനെതിരായ ക്രമക്കേടു കേസിൽ ഏപ്രിലിൽ ഇവർ നൽകിയ മൊഴികൾ വ്യാജമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. ലബനനിലേക്കു മുങ്ങിയ ഘോൻ ജാമ്യവ്യവസ്ഥകളുടെ കടുത്ത ലംഘനമാണു നടത്തിയതെന്നും നിയമനടപടികൾ തുടരുമെന്നു നിസാൻ വ്യക്തമാക്കിയിട്ടുമുണ്ട്. 

ഘോന്റെ വാദം

എന്നാൽ ഫ്രഞ്ച് കമ്പനി റെനോയുമായി സഹകരിക്കാനുള്ള തന്റെ തീരുമാനത്തിൽ എതിർപ്പുള്ള കമ്പനിയിലെ ഒരു വിഭാഗവും ചില സർക്കാർ ഉദ്യോഗസ്ഥരും ചേർന്നു കേസിൽ കുടുക്കുകയായിരുന്നുവെന്നാണു ഘോന്റെ വാദം.

വിവാദങ്ങളെന്തൊക്കെ?

ജപ്പാൻ, തുർക്കി എന്നീ രാജ്യങ്ങൾ കടന്ന് ലെബനനിലെത്താൻ ഘോനിനു ഒറ്റയ്ക്കു കഴിയില്ല. അധികൃതരുടെയും പൊലീസിന്റെയും സഹായം ലഭിച്ചിരിക്കുമെന്ന് ഉറപ്പാണ്. 4 പൈലറ്റുമാർ ഉൾപ്പെടെ 7 പേരെ തുർക്കി പൊലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. 

പാസ്പോർട്ടാണു താരം

ഘോനിനു ജപ്പാൻ, ഫ്രാൻസ്, ബ്രസീൽ, ലെബനൻ എന്നീ രാജ്യങ്ങളിൽ പൗരത്വമുണ്ട്. ഇവ ജപ്പാനിൽ പിടിച്ചു വച്ചിരുന്നെങ്കിലും ഫ്രഞ്ച് പാസ്പോർട്ട് പിന്നീട് വിട്ടു നൽകിയിരുന്നു. ഇത് ഉപയോഗിച്ചാവാം നാടുവിട്ടതെന്നു കരുതുന്നു. ഫ്രാൻസിലെത്തിയാൽ ഘോനിനെ ജപ്പാനു കൈമാറില്ലെന്നു ഫ്രഞ്ച് അധികൃതർ പറഞ്ഞു. ഇതിനിടെ ഘോനിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ലെബനന് ഇന്റർപോൾ‌ നോട്ടിസ് അയച്ചു.

English Summary: Why did Carlos Ghosn flee to Lebanon?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com