ADVERTISEMENT

ബുള്ളറ്റിനെ നേരിടാൻ ശേഷി കുറഞ്ഞ എൻജിനുള്ള ബൈക്കുമായി യു എസ് നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ എത്തുന്നു. ഇറ്റാലിയൻ ബ്രാൻഡായ ബെനെല്ലിയുടെ ഉടമസ്ഥരായ ചൈനീസ് കമ്പനി, ഷിജിയാങ് ക്വിയാൻജിയാങ് മോട്ടോർ സൈക്കിളാണ് ഈ ഉദ്യമത്തിൽ ഹാർലി ഡേവിഡ്സന്റെ പങ്കാളി.  ഏഷ്യൻ വിപണി ലക്ഷ്യമിട്ടാണ് ചൈനീസ് പങ്കാളിത്തത്തോടെ ഹാർലി ഡേവിഡ്സൻ ഈ എൻജിൻ ശേഷി കുറഞ്ഞ മോട്ടോർ സൈക്കിളുകൾ വികസിപ്പിക്കുന്നത്. അടുത്ത ഒരു വർഷത്തിനിടെ ബെനെല്ലിയുടെ പദ്ധതികൾ വെളിപ്പെടുത്തുന്നതിനൊപ്പം നിലവിൽ വികസന ഘട്ടത്തിലുള്ള ഈ ബൈക്കിന്റെ ആദ്യ ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഹാർലി ഡേവിഡ്സൻ ബ്രാൻഡിൽ വിപണിയിലിറങ്ങുന്ന പുത്തൻ 338 സി സി മോട്ടോർ സൈക്കിൾ വരുന്ന ജൂണോടെ വിൽപനയ്ക്കെത്തുമെന്നാണു സൂചന.  

ബെനെല്ലിയുടെ 302 പ്ലാറ്റ്ഫോമിന്റെ വകഭേദത്തിലാണ് 338 സി സി എൻജിനുള്ള ഹാർലി ഡേവിഡ്സൻ ബൈക്ക് സാക്ഷാത്കരിക്കുന്നതെന്നാണ് അഭ്യൂഹം. ബെനെല്ലി 302 ബൈക്കിലുള്ളത് 300 സി സി, പാരലൽ ട്വിൻ എൻജിനാണ്. 11,500 ആർ പി എമ്മിൽ 38.26 ബി എച്ച് പി വരെ കുരത്തും 10,000 ആർ പി എമ്മിൽ 26.5 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എന്നാൽ പുതിയ ബൈക്കിനായി ഹാർലി ഡേവിഡ്സൻ ഈ എൻജിൻ തിരഞ്ഞെടുക്കാൻ സാധ്യതയില്ല. ആർ പി എം അധികമാണെന്നതാണു പ്രശ്നം. പകരം ഹാർലി അവതരിപ്പിക്കുന്ന 338 സി സി എൻജിന്റെ പ്രകടനക്ഷമത സംബന്ധിച്ചു സൂചനകൾ പോലുമില്ല. 

എൻജിൻ ശേഷി കുറയുന്നതോടെ വിലയും കുറയുമെന്നത് ഹാർലി ഡേവിഡ്സൻ ബൈക്ക് കൂടുതൽ ആകർഷമാക്കുമെന്നാണു പങ്കാളികളുടെ വിലയിരുത്തൽ. ഏഷ്യൻ വിപണികളായ തായ്‌ലൻഡ്, ഇന്തൊനീഷ, വിയറ്റ്നാം, ഫിലിപ്പൈൻസ്, മലേഷ്യ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലും ഓസ്ട്രേലിയയിലുമുള്ള വിപണന സാധ്യത ലക്ഷ്യമിട്ടാണ് ഷിജിയാങ് ക്വിയാൻജിയാങ് മോട്ടോർ സൈക്കിളുമായി ദീർഘകാല സഖ്യത്തിന് ഹാർലി ഡേവിഡ്സൻ സന്നദ്ധത തയാറായത്. ആദ്യഘട്ടത്തിൽ ചൈനയിലാവും പുതിയ ബൈക്ക് വിൽപ്പനയ്ക്കെത്തുക. ക്രമേണ ഇന്ത്യയടക്കമുള്ള മറ്റു വിപണികളിലേക്കും ഈ 338 സി സി ബൈക്കിന്റെ വിൽപ്പന ഹാർലി ഡേവിഡ്സൻ വ്യാപിപ്പിച്ചേക്കും.

English Summary: Harley Davidson 338 cc Bike

Image Source

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com