ADVERTISEMENT

വാഹന ചരിത്രത്തിൽ ഇതിഹാസ മാനങ്ങളുള്ള ഹമ്മർ തിരിച്ചെത്തിക്കാൻ യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ്(ജി എം) ഒരുങ്ങുന്നു. കരുത്തുറ്റ പെട്രോൾ എൻജിനുള്ള പഴയ ഹമ്മറിനു പകരം ബാറ്ററിയിൽ ഓടുന്ന പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളും പിക് അപ് ട്രക്കുകളുമാവും ഈ ശ്രേണിയിൽ ഭാവിയിൽ നിരത്തിലെത്തുക. ജി എം സി ബ്രാൻഡിൽ പുറത്തെത്തുന്ന ‘ഹമ്മർ ഇ വി’ക്ക് 1,014 ബി എച്ച് പിയോളം കരുത്തും 15,592 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവുമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം. നിശ്ചലാവസ്ഥയിൽ നിന്നു വെറും മൂന്നു സെക്കൻഡിലാവും ഈ പുതുതലമുറ ‘ഹമ്മർ’ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു പറക്കുക. ഓൺ റോഡ്, ഓഫ് റോഡ് മേഖലകളിൽ അവിശ്വസനീയ മികവ് പുലർത്തുമെന്നതിനപ്പുറം പുത്തൻ ‘ഹമ്മറി’നെക്കുറിച്ച് അധികമെന്തെങ്കിലും ജി എമ്മോ ജി എം സിയോ വെളിപ്പെടുത്തിയിട്ടില്ല.

‘ഹമ്മർ’ ശ്രേണിയിലെ പിക് അപ് ട്രക്കിന്റെ ഔദ്യോഗിക അവതരണം മേയ് 20ന് ലാസ് വേഗാസിൽ നടക്കുമെന്നാണ പ്രതീക്ഷ. ഇതിനു മുന്നോടിയായി സൂപ്പർബൗൾ മത്സരങ്ങൾക്കിടെ  ഈ ട്രക്കിന്റെ  30 സെക്കൻഡ് ടീസർ ജി എം പ്രദർശിപ്പിക്കുന്നുണ്ട്.

ശേഷിയേറിയ പ്രീമിയം ട്രക്കുകളും എസ് യു വികളും നിർമിക്കുന്നതിലാണ് ജി എം സിയുടെ മികവെന്ന് കമ്പനി വൈസ് പ്രസിഡന്റ് ഡങ്കൻ ആൽഡ്രെഡ് വെളിപ്പെടുത്തുന്നു. ‘ഹമ്മർ ഇ വി’യുടെ വരവ് ഈ മികവിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. അടുത്ത വർഷം അവസാനത്തോടെ ജനറൽ മോട്ടോഴ്സിനു മിചിഗനിലുള്ള ഡെട്രോയ്റ്റ് ഹാംട്രാംക്ക് ശാലയിലാവും പുതുതലമുറ ‘ഹമ്മർ’ പിറവിയെടുക്കുക.

അടുത്ത നാലു വർഷത്തിനിടെ യു എസിലെ ശാലകളെ വൈദ്യുത വാഹന നിർമാണസജ്ജമാക്കാൻ 770 കോടി ഡോളർ(ഏകദേശം 55,054 കോടി രൂപ) ആണു ജി എം നിക്ഷേപിക്കുക. വൈദ്യുത ട്രക്കുകളും വാനുകൾ നിർമിക്കേണ്ട ഡെട്രോയ്റ്റ് ഹാംട്രാംക്ക് ശാല നവീകരണത്തിനാവട്ടെ 300 കോടി ഡോളർ(ഏകദേശം 21,450 കോടി രൂപ) ആണു ചെലവ് പ്രതീക്ഷിക്കുന്നത്. 

സ്റ്റാർട് അപ് കമ്പനിയായ റിവിയന്റെ രീതിയിൽ  സ്കേറ്റ് ബോർഡ് ശൈലിയിലുള്ള ഷാസിയാണ് ഇ വികൾക്കായി  ജി എം തിരഞ്ഞെടുത്തിരിക്കുന്നത്. ഉൽപ്പാദന ചെലവ് കുറയ്ക്കാനായി മോട്ടോറും ബാറ്ററിയും സംയോജിപ്പിച്ചാവും വാഹന നിർമാണം. പ്രതിവർഷം 80,000 വൈദ്യുത വാഹനങ്ങൾ ഉൽപ്പാദിപ്പിക്കാനാണു ജി എമ്മിന്റെ പദ്ധതി. 

‘പ്രോജക്ട് ഒ’ എന്ന കോഡ് നാമത്തിൽ വികസനഘട്ടത്തിലുള്ള ആദ്യ മോഡലിനു പിന്നാലെ പ്രകടനക്ഷൊമതയേറിയ വകഭേദം 2022ൽ പുറത്തെത്തുമെന്നാണു പ്രതീക്ഷ. ഐതിഹാസിക മോഡലുകളായ ‘ഹമ്മർ എച്ച് ടു’വിന്റെയും വലിപ്പം കുറഞ്ഞ ‘എച്ച് ത്രി’യുടെയും ഉൽപ്പാദനം 2009ലാണ് ജി എം അവസാനിപ്പിച്ചത്. 

English Summary: Electric Hummer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com