ഓട്ടോ എക്സ്പോ: സന്ദർശകർ 6.08 ലക്ഷത്തിലേറെ

auto-expo-main-banner
SHARE

എഴുപതോളം പുതിയ മോഡലുകളുടെ അനാവരണ ചടങ്ങുകൾക്ക് വേദിയൊരുക്കി രാജ്യത്തെ ഏറ്റവും വലിയ വാഹന മാമാങ്കമായ ഓട്ടോ എക്സ്പോ കൊടിയിറങ്ങി. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡ ആതിഥ്യമരുളിയ ഓട്ടോ എക്സ്പോയിലേക്ക് എട്ടു ദിവസത്തിനിടെ 6.08 ലക്ഷത്തോളം സന്ദർശകരാണ് ഒഴുകിയെത്തിയത്. എക്സ്പോയിൽ പങ്കെടുത്ത 109 കമ്പനികൾ ചേർന്ന് മുന്നൂറ്റി അൻപതിലേറെ ഉൽപന്നങ്ങളാണു പ്രദർശിപ്പിച്ചത്. ആഗോളതലത്തിൽ തന്നെ ആദ്യമായി അനാവൃതമാവുന്ന എട്ടെണ്ണമടക്കം എഴുപതോളം മോഡൽ അവതരണങ്ങൾക്കും എക്സ്പോ സാക്ഷിയായെന്നു സംഘാടകരായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ്(സയാം) അറിയിച്ചു.

പരിസ്ഥിതി സൗഹൃദ മോഡലുകളോട് ആഭിമുഖ്യമേറുന്ന സാഹചര്യത്തിൽ 35 വൈദ്യുത വാഹനങ്ങളുടെ അരങ്ങേറ്റത്തിനും എക്സ്പോ വേദിയായി. ആശയ ഘട്ടത്തിലുള്ള 15 മോഡലുകളും മേളയിൽ അണിനിരന്നു. 

ചൈനയിൽ നിന്നുള്ള ഗ്രേറ്റ് വാൾ മോട്ടോഴ്സും ഹൈമ ഓട്ടമൊബീലും ഒലെക്ട്രയുമൊക്കെയായിരുന്നു ഓട്ടോ എക്സ്പോയിലെ പുതുമുഖങ്ങൾ. അതേസമയം പ്രമുഖ നിർമാതാക്കളായ ടൊയോട്ട, ഹോണ്ട, ബി എം ഡബ്ല്യു, ഔഡി, ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്, ബജാജ് ഓട്ടോ, ടി വി എസ് മോട്ടോർ കമ്പനി തുടങ്ങിയവർ ഇക്കുറി ഓട്ടോ എക്സ്പോയ്ക്കെത്തിയിരുന്നില്ല.

ഇന്ത്യ എക്സ്പോ മാർട്ടിൽ കഴിഞ്ഞ അഞ്ചിനു കൊടിയേറിയ ഓട്ടോ എക്സ്പോയ്ക്ക് ഇക്കുറി കൊറോണ വൈറസ് ബാധയും കനത്ത വെല്ലുവിളി സൃഷ്ടിച്ചു. വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്നുള്ള പ്രതിനിധികൾക്കു മേളയ്ക്കെത്താനുമായില്ല. ഈ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ചൈനയിൽ നിന്നുള്ള പ്രമുഖ നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോഴ്സ് ഇന്ത്യയിൽ 100 കോടി ഡോളറി(ഏകദേശം 7,130.14 കോടി രൂപ)ന്റെ പുതിയ നിക്ഷേപം പ്രഖ്യാപിക്കുകയും ചെയ്തു. 

മാറുന്ന കാലത്തിന്റെ കാഴ്ചകളൊരുക്കാൻ മാരുതി സുസുക്കി ഇന്ത്യയും ഹ്യുണ്ടേയിയും ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും റെനോയും മെഴ്സീഡിസ് ബെൻസും ഫോക്സ്വാഗനും സ്കോഡയുമൊക്കെ ഓട്ടോ എക്സ്പോയിൽ സജീവ സാന്നിധ്യമായി. നവാഗതരും ഹ്യുണ്ടേയിയുടെ ഉപസ്ഥാപനവുമായ കിയ മോട്ടോറാവട്ടെ ‘ഹെക്ടറി’നു പുറമെ വൈദ്യുത വാഹന മോഡലുകളും ഭാവി ആശയങ്ങളും പ്രദർശിപ്പിച്ചു.

മുൻ വർഷങ്ങളിലെ പോലെ താരപ്പകിട്ടിനും എക്സ്പോയിൽ കുറവുണ്ടായിരുന്നില്ല; ഷാരൂഖ് ഖാൻ, ഹുമ ഖുറേഷി, ഗുൽ പനാഗ്, നാരായൺ കാർത്തികേയൻ, ദലേർ മെഹന്ദി, അംഗദ് ബേദി, നഫീസ അലി, ഡിസൈനർമാരായ ഗൗരി ആൻഡ് നൈനിക, കുശ കപില, രാഹുൽ സിങ്, സോഹ അലി ഖാൻ തുടങ്ങിയവരൊക്കെ എക്സ്പോ സന്ദർശിക്കാനെത്തിയിരുന്നു. 

English Summary: Auto Expo 2020 Register 6 Lakhs Footfall

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA