വാഹന മേഖലയിൽ 35,000 കോടിയുടെ നിക്ഷേപം

CARS
പ്രതീകാത്മക ചിത്രം
SHARE

ഇന്ത്യൻ വാഹന വ്യാപാര മേഖലയിലെ മാന്ദ്യം തുടരുന്നതിനിടയിലും വൻതോതിലുള്ള നിക്ഷേപത്തിന് വിവിധ നിർമാതാക്കൾ തയാറെടുക്കുന്നു. വിൽപ്പനയിൽ നേരിടുന്ന തുടർച്ചയായ തിരിച്ചടി മുൻനിർത്തി പല കമ്പനികളും ഉൽപ്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാൽ നിലവിലെ പ്രതികൂല സാഹചര്യമൊന്നും ഇന്ത്യൻ വിപണി തിരിച്ചു വരുമെന്ന പ്രതീക്ഷയ്ക്കോ വൻതോതിലുള്ള നിക്ഷേപങ്ങൾക്കോ മാറ്റം വരുത്തിയിട്ടില്ലെന്നതു ശ്രദ്ധേയമാണ്.

ഇന്ത്യൻ വാഹന വ്യവസായത്തിലെ ആദ്യ മൂന്നു സ്ഥാനക്കാരായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ചേർന്ന് ഒന്നര വർഷത്തിനകം 15,000 കോടിയോളം രൂപ നിക്ഷേപിക്കാനാണുള്ള പദ്ധതികളാണു തയാറാക്കിയിരിക്കുന്നത്. പുത്തൻ മോഡൽ അവതരണങ്ങൾക്കും മറ്റുമായി വരുന്ന 18 മാസത്തിനിടെ മൊത്തം 30,000 മുതൽ 35,000 കോടി രൂപയുടെ നിക്ഷേപമാവും ഇന്ത്യൻ വാഹന വ്യവസായ മേഖലയിലേക്ക് ഒഴുകിയെത്തുക. 

വാഹന വ്യാപാരത്തിൽ വളർച്ച കൈവരിക്കാൻ പുതിയ മോഡൽ അവതരണങ്ങൾ അനിവാര്യമാണെന്നത് എല്ലാ നിർമാതാക്കളും ഒരേ പോലെ അംഗീകരിക്കുന്ന വസ്തുതയാണ്. അതുകൊണ്ടുതന്നെ പുതിയ നിക്ഷേപത്തിൽ സിംഹഭാഗവും പുത്തൻ മോഡൽ അവതരണങ്ങൾക്കായിട്ടാവും കമ്പനികൾ നീക്കിവയ്ക്കുക. അടുത്ത 12 — 18 മാസത്തിനുള്ളിൽ ഇരുപത്തി അഞ്ചോളം പുതിയ മോഡലുകൾ നിരത്തിലെത്തുമെന്നാണു പ്രതീക്ഷ. ചില നിർമാതാക്കളാവട്ടെ വാഹന ഉൽപ്പാദന ശേഷി ഉയർത്താനും തയാറെടുക്കുന്നുണ്ട്. 

വിറ്റാര ബ്രേസ, എസ് ക്രോസ്, എർട്ടിഗ എന്നിവയുടെ ബി എസ് ആറ് പെട്രോൾ പതിപ്പുകൾ അവതരിപ്പിക്കാനാണു മാരുതി സുസുക്കി ഒരുങ്ങുന്നത്. മറ്റു ചില മോഡലുകളുടെ പുതുതലമുറ പതിപ്പുകളും വരും മാസങ്ങളിൽ കമ്പനി വിപണിയിലിറക്കും. 

ഹ്യുണ്ടേയിയാവട്ടെ പുതുതലമുറ ‘ക്രേറ്റ’യ്ക്കും ‘എലീറ്റ് ഐ ട്വന്റി’ക്കുമൊപ്പം പരിഷ്കരിച്ച ‘വെർണ’യും ഇക്കൊല്ലം അവതരിപ്പിക്കും. പുത്തൻ ‘ഥാർ’, ‘സ്കോർപിയൊ’, ‘എക്സ് യു  വി 500’ എന്നിവയാണ് വരുന്ന 18 മാസക്കാലത്തിനിടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിൽപ്പനയ്ക്കെത്തിക്കുക. വിവിധ ഘടകങ്ങൾ പരിഗണിച്ചാൽ പുതിയ പ്ലാറ്റ്ഫോം വികസനത്തിനു മാത്രം 1,200 മുതൽ 1,500 കോടി രൂപ ചെലവുണ്ടെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക വ്യക്തമാക്കുന്നു. 

English Summary: Auto Companies May Inject 35000 Cr To Drive Up Sales

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA