ADVERTISEMENT

ജയിംസ് ബോണ്ട് ചിത്രങ്ങൾ എന്നും വാഹന പ്രേമികൾക്ക് ആവേശമാണ്. പുതിയ വാഹനങ്ങളും ത്രസിപ്പിക്കുന്ന സ്റ്റണ്ടുകളും സിനിമാ പ്രേമികളെ മാത്രമല്ല വാഹനഭ്രാന്തന്മാരേയും ആവേശത്തിലാഴ്ത്തും. ഏപ്രിലിൽ പുറത്തിറങ്ങുന്ന നോ ടൈം ടു ഡൈ എന്ന പുതിയ ബോണ്ട് ചിത്രവും വാഹനങ്ങളുടെ കാര്യത്തിൽ വിഭിന്നമല്ല. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ ബോണ്ട് ചിത്രത്തിൽ ഡിഫൻഡർ ഉപയോഗിച്ച് ചെയ്യുന്ന കിടിലൻ സ്റ്റണ്ട് മെയ്ക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ലാൻഡ് റോവർ. ഏകദേശം 30 മീറ്റർ ഉയരത്തിൽ നിന്ന് താഴേയ്ക്ക് പതിപ്പിച്ച് ഓടിപ്പോകുന്ന ഡിഫൻഡറിന്റെ ദൃശ്യങ്ങളാണ് അതിൽ പ്രധാനം.

ചിത്രത്തിന് വേണ്ടി പത്തു ഡിഫൻഡറുകളാണ് ലാൻഡ്റോവർ നിർമിച്ചു നൽകിയത്. പ്രശസ്ത സ്റ്റണ്ട് കോർഡിനേറ്റർ ലീ മൊറൈസണും ഓസ്കാർ ജേതാവ് ക്രിസ് കോർബോൾഡും ചേർന്നാണ് ഡിസ്കവറിയുടെ സ്റ്റണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. വാഹനം ഓടിക്കുന്നവരുടെ സുരക്ഷയ്ക്കായി റോഡ് കേജുകൾ സ്ഥാപിച്ചു എന്നല്ലാതെ വിപണിയിൽ ഇറങ്ങുന്ന വാഹനവുമായി വലിയ വ്യത്യാസങ്ങൾ വരുത്തിയിട്ടില്ലെന്നാണ് ലാൻഡ്റോവർ പറയുന്നത്.

bond-landrover-defender

നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് ഈ വർഷം അവസാനം വിപണിയിലെത്തും. ഇതേ പതിപ്പ് തന്നെയാണ് ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്. 2016ൽ വിൽപന അവസാനിപ്പിച്ച ഐതിഹാസിക ഡിഫൻഡറിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങൾ കൂട്ടിയിണക്കിയുമാണ് പുതിയ ഡിഫൻഡർ എത്തുന്നത്. പ്രീമിയം 4x4 വാഹനം ആദ്യമെത്തുന്നത് 5–ഡോർ പതിപ്പിലാണ്– ഡിഫൻഡർ 110. ഒതുക്കമുള്ളതും ചെറിയ വീൽബേസോടു കൂടിയതുമായ ഡിഫൻഡർ 90 പിന്നാലെ എത്തും.

ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. ഒർജിനൽ ലാൻഡ് റോവർ സീരിസിൽ നിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്. കുറഞ്ഞ ഫ്രണ്ട്, റിയർ ഓവർഹാങ് ആണു പുതിയ ഡിഫൻഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും ഓഫ്റോഡിങ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു.

291മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 900 മില്ലിമീറ്റർ വരെ വെള്ളത്തിലൂടെ പോകാനുമാകും. ഉയർന്ന നിലവാരത്തിലുള്ള പെട്രോൾ, ഡീസൽ എൻജിനുകളാണ് പുതിയ ഡിഫെൻഡറിനു മികച്ച കരുത്തു പകരുന്നത്. പ്ലഗ് ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ വൈകാതെ  ലഭ്യമാകും. 4–സിലിണ്ടർ 300എച്ച്പി, 6–സിലിണ്ടർ 400എച്ച്പി മൈൽഡ് ഹൈബ്രിഡ് എന്നീ പെട്രോൾ എൻജിനുകൾ ലഭ്യമാണ്. 4–സിലിണ്ടർ ഡീസൽ 200എച്ച്പി, 240 എച്ച്പി മോഡലുകളും.

English Summary: New Land Rover Defender flies into action in latest James Bond movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com