ADVERTISEMENT

യുട്ടിലിറ്റി വിപണി ലക്ഷ്യം വെച്ചാണ് എംജി ഇന്ത്യയിലെത്തിയത്. തുടക്കത്തിൽ ഹെക്ടറും പിന്നീട് ഇലക്ട്രിക് എസ്‍യുവിയും പുറത്തിറക്കി. ഈ ബ്രിട്ടീഷ് വാഹന നിർമാതാക്കളുടെ മൂന്നാമത്തെ വാഹനമാണ് ഗ്ലോസ്റ്റർ. ആദ്യത്തേത് രണ്ടു ചെറു എസ്‍യുവികളാണെങ്കിൽ മൂന്നാമൻ ഫുൾ സൈസ് ഏഴു സീറ്ററാണ്. ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാനെത്തുന്ന വാഹനം ഈ വർഷം നവംബറിൽ വിപണിയിലെത്തും. 

എംജി മോട്ടോർ നിരയിലെ ഏറ്റവും വലിയ വാഹനമാകാനെത്തുന്ന ഗ്ലോസ്റ്റർ കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ എംജി പ്രദർശിപ്പിച്ചിരുന്നു. സായിക്കിന്റെ കീഴിലുള്ള മാക്സസിന്റെ ഡി90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ് ഗ്ലോസ്റ്റർ. 5005 എംഎം നീളവും 1932 എംഎം വീതിയും 1875 എംഎം ഉയരവും 2950 എംഎം വീൽബെയ്സുമുണ്ട് വാഹനത്തിന്. വലിയ ഗ്രിൽ, ഡേടൈം റണ്ണിങ് ലാംപുകൾ എന്നിവ ഗ്ലോസ്റ്റിന്റെ പ്രത്യേകതകളാണ്.

ജർമൻ കാറുകളോട് കിടപിടിക്കുന്ന രീതിയിലുള്ള നിർമാണമാണ് കാറിന്റേതെന്ന് കമ്പനി അവകാശപ്പെടുന്നു. മൂന്നു നിര സീറ്റുകളുള്ള വാഹനത്തിന്റെ അകത്തളങ്ങളും മികച്ചതാണ്. ഇന്റീരിയറിന്റെ കൂടുതൽ വിവരങ്ങളും പുറത്തുവിട്ടിട്ടില്ലെങ്കിലും 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൂന്നു സോൺ എസി, 8 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങി നിരവധി ഫീച്ചറുകൾ വാഹനത്തിലുണ്ടാകും.

MG-Gloster

എംജിയുടെ 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 224എച്ച്പിയാണ് കരുത്ത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ‍് ഒാട്ടമാറ്റിക് ഗിയർ ബോക്സിന്റെ അകമ്പടിയോടെ ഇൗ എൻജിൻ വാഹനത്തിലെത്തിയേക്കാം. നാലു വീൽ ഡ്രൈവ്, ടൂ വീൽ ഡ്രൈവ് ഓപ്ഷനുകളും ഗ്ലോസ്റ്ററിൽ പ്രതീക്ഷിക്കാം. ചൈനീസ് വിപണിയിൽ 17 ലക്ഷം മുതൽ 27 ലക്ഷം വരെയാണ് വില.

English Summary: Know More About MG Gloster 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com