ADVERTISEMENT

കോംപസിലൂടെ ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിച്ചെങ്കിലും ആ ആവേശം നിലനിർത്താനാവാതെ പോയതിന്റെ നഷ്ടബോധത്തിലാണു യു എസ് നിർമാതാക്കളായ എഫ് സി എ ഇന്ത്യ. 2017 ജൂലൈയിലായിരുന്നു പ്രാദേശികമായി നിർമിച്ച മോഡലായ ജീപ് കോംപസിന്റെ വരവ്. എന്നാൽ തുടക്കത്തിലെ ആവരവമടങ്ങിയതോടെ ഇന്ത്യയിൽ പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാൻ കോംപസിനു സാധിക്കാതെ പോയി. ഈ പോരായ്മ മറികടക്കാൻ പുണെയ്ക്കടുത്ത് രഞ്ജൻഗാവിലുള്ള ശാലയിൽ നിന്ന് സമീപ ഭാവിയിൽ രണ്ടോ മൂന്നോ മോഡലുകൾ പുറത്തിറക്കാനാണ് എഫ് സി എ ഇന്ത്യയുടെ പദ്ധതി. 

ആദ്യ പടിയെന്ന നിലയിൽ യു എസിൽ ഇതിഹാസമാനങ്ങളുള്ള റാംഗ്ലർ റൂബികോൺ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് എഫ് സി എ ഒരുങ്ങുന്നത്.  റാംഗ്ലർ റൂബികോണിന്റെ ഇന്ത്യൻ അരങ്ങേറ്റം അധികം വൈകില്ലെന്നാണു സൂചന. ഇന്ത്യയ്ക്കായി രൂപകൽപ്പന ചെയ്തു പുണെ ശാലയിൽ നിർമിച്ച കോംപസ്’എഫ് സി എയ്ക്ക് പ്രതിച്ഛായയ്ക്കൊപ്പം സാമ്പത്തിക നേട്ടവും സമ്മാനിച്ചിരുന്നു. സാങ്കേതികവിദ്യയ്ക്കൊപ്പം വിലയുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധ പുലർത്തിയാണു കമ്പനി കോംപസ്പടയ്ക്കിറക്കിയത്. 14.95 ലക്ഷം രൂപയായിരുന്നു ‘കോംപസി’ന്റെ ഷോറൂം വില. 

ജനപ്രീതി കൈവരിച്ചു മുന്നേറിയതോടെ കോംപസിനായി എഫ് സി എ നിക്ഷേപിച്ച 25 കോടി ഡോളർ(ഏകദേശം 1797.19 കോടി രൂപ) വെറും 10 മാസത്തിനകം വീണ്ടെടുക്കാൻ എഫ് സി എ ഇന്ത്യയ്ക്കായി. യു എസ് കമ്പനികളെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ കൈവരിച്ച സമാനതകളില്ലാത്ത നേട്ടമായിരുന്നു ഇത്. ഇന്നാവട്ടെ അരലക്ഷത്തിലേറെ ജീപ് കോംപസ് ആണ് ഇന്ത്യൻ നിരത്തിലുള്ളത്. പോരെങ്കിൽ ബ്രിട്ടൻ, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങി റൈറ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ട് പിന്തുടരുന്ന 15 വിപണികളിലേക്കായി 17,000 കോപസ് കയറ്റുമതി ചെയ്യാനും എഫ് സി എയ്ക്കായി. 

ഇന്ത്യയിലെ പ്രവർത്തനം കമ്പനി ഗൗരവമായാണു പരിഗണിക്കുന്നതെന്ന് എഫ് സി എ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ പാർഥ ദത്ത വ്യക്തമാക്കി. വിൽപ്പനയിൽ നേരിടുന്ന ഇടിവ് താൽക്കാലിക തിരിച്ചടി മാത്രമായാണു കമ്പനി കരുതുന്നതെന്നും ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ വിജയം ആവർത്തിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

ഇന്ത്യയിൽ വിജയം കൈവരിക്കാൻ കൂടുതൽ മോഡലുകൾ അനിവാര്യമാണ്. എന്നാൽ നിലവിൽ കമ്പനിയുടെ മോഡൽ ശ്രേണി പരിമിതമാണെന്നത് പോരായ്മയാണെന്ന് ദത്ത അംഗീകരിച്ചു. ഈ പോരായ്മ മറികടക്കാൻ അടുത്ത വർഷത്തോടെ രഞ്ജൻഗാവ് ശാലയിൽ നിന്നു രണ്ടോ അതിലധികമോ പുതിയ ജീപ്പുകൾ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. 

English Summary: Jeep India To Launch 3 New Model by 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com