ADVERTISEMENT

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയുടെ ഇന്ത്യൻ വിപണിയിലെ ഇതുവരെയുള്ള മൊത്തം വിൽപന ഏഴു ലക്ഷം യൂണിറ്റ പിന്നിട്ടു. 2015 ഒക്ടോബറിൽ അരങ്ങേറ്റം കുറിച്ച ബലേനൊ ജനുവരി അവസാനത്തോടെ തന്നെ 7,20,733 യൂണിറ്റിന്റെ വിൽപന കൈവരിച്ചെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.  കഴിഞ്ഞ 52 മാസത്തിനിടെ 7.20 ലക്ഷം യൂണിറ്റ് വിൽപന നേടിയതോടെ ബലേനൊയുടെ പ്രതിമാസ ശരാശരി വിൽപ്പന 13,860  യൂണിറ്റോളമാണ്. ഇതുവരെയുള്ള വിൽപനയിൽ 6,16,867 ബലേനൊ പെട്രോൾ എൻജിനുള്ളവയായിരുന്നു. അവശേഷിക്കുന്ന 1,03,866 എണ്ണം മാത്രമാണു ഡീസൽ എൻജിനുള്ളവ.

രാജ്യത്ത് ആറു ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കുന്ന ആദ്യ പ്രീമിയം ഹാച്ച്ബാക്കും ബലേനൊ ആയിരുന്നു. മാരുതി സുസുക്കി ഇന്ത്യയുടെ പ്രീമിയം ഡീലർഷിപ് ശൃംഖലയായ നെക്സ വഴിയാണു ബലേനൊ വിൽപനയ്ക്കെത്തുന്നത്. ഇന്ത്യയിൽ ഹോണ്ട ജാസ്, ടാറ്റ ആൾട്രോസ്, ഹ്യുണ്ടേയ് ഐ 20 തുടങ്ങിയവയോടാണ് ബലേനൊയുടെ പോരാട്ടം. ശക്തമായ മത്സരത്തിനിടയിലും കഴിഞ്ഞ അഞ്ചു സാമ്പത്തിക വർഷങ്ങളിലും തുടർച്ചയായ വിൽപ്പന വളർച്ച കൈവരിച്ചാണു ബലേനൊയുടെ മുന്നേറ്റം. പക്ഷേ നിലവിലെ പ്രതികൂല സാഹചര്യങ്ങൾ ബലേനൊയുടെ വിൽപനയ്ക്കും തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം 2019 ഏപ്രിൽ മുതൽ 2020 ജനുവരി വരെയുള്ള 10 മാസത്തിനിടെ 1,52,422 ബലേനൊയാണു നിരത്തിലെത്തിയത്. 2018 ഏപ്രിൽ – 2019 ജനുവരിയിൽ വിറ്റ 1,77,122 കാറുകളെ അപേക്ഷിച്ച് 14% ഇടിവാണിത്.

കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിലെ ‘ബലേനൊ’ വിൽപ്പന ഒറ്റ നോട്ടത്തിൽ:

2015 –16: 44,697

2016 – 17: 1,20,804 (170%)

2017 – 18: 1,90,480 (57%)

2018 – 19: 2,12,330 (11%)

2019 – 20(ജനുവരി വരെ): 1,52,422 (14%)

ആകെ: 7,20,733 യൂണിറ്റ്

ഏഴു ലക്ഷം യൂണിറ്റിലേക്കുള്ള മുന്നേറ്റം ഒറ്റ നോട്ടത്തിൽ:

1,00,000: 12 മാസത്തിനകം

2,00,000: 21 മാസത്തിനകം

3,00,000: 27 മാസത്തിനകം

4,00,000: 33 മാസത്തിനകം

5,00,000: 38 മാസത്തിനകം

6,00,000: 44 മാസത്തിനകം

7,00,000: 51 മാസത്തിനകം

രണ്ടു ലക്ഷം യൂണിറ്റിനു ശേഷം ശരവേഗത്തിലാണു ബലേനൊ വിൽപന മുന്നേറുന്നതെന്നു  കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടു ലക്ഷം മുതൽ ആറു ലക്ഷം വരെയുള്ള കുതിപ്പിൽ ഓരോ ആറു മാസത്തിനിടയിലും ഓരോ ലക്ഷം യൂണിറ്റ് വിൽപന കൈവരിക്കാൻ ബലേനൊയ്ക്കു സാധിച്ചു. വാഹന വിപണി കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാൽ നടപ്പു സാമ്പത്തിക വർഷം മാത്രമാണ് വിൽപ്പന ഒരു ലക്ഷം തികയാൻ ഏഴു മാസത്തോഴമെടുത്തത്. എന്നാൽ സ്ഥിതിഗതി സാധാരണനിലയിലാവുകയാണെന്ന സൂചനയും കഴിഞ്ഞ മാസങ്ങളിലെ ബലേനൊ വിൽപന നൽകുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷത്തെ ഏറ്റവും മികച്ച വിൽപ്പനയാണു ജനുവരിയിൽ ‘ബലേനൊ’ രേഖപ്പെടുത്തിയത്: 20,485 യൂണിറ്റ്. 2019 ഡിസംബറിൽ 18,464 യൂണിറ്റ് വിറ്റ സ്ഥാനത്താണിത്. പോരെങ്കിൽ ജനുവരിയിലെ വിൽപ്പന കണക്കെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തിയ ‘ഡിസയറു’മായി വെറും 1,921 യൂണിറ്റ് വ്യത്യാസത്തിലാണു ‘ബലേനൊ’ രണ്ടാമതായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com