ADVERTISEMENT

പുത്തൻ എസ്‌യുവിയായ കരോക്കിന്റെയും സെഡാനായ റാപിഡ് 1.0 ടിഎസ്ഐയുടെയും ബുക്കിങ്ങിനു തുടക്കം കുറിച്ചു ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ. അര ലക്ഷം രൂപ അഡ്വാൻസ് ഈടാക്കിയാണു സ്കോഡ ഓട്ടോ ഇരു മോഡലുകൾക്കുമുള്ള ബുക്കിങ് ഏറ്റെടുക്കുന്നത്. ബുക്കിങ് റദ്ദാക്കുന്ന പക്ഷം അഡ്വാൻസ് മടക്കി നൽകുമെന്നും സ്കോഡ വ്യക്തമാക്കുന്നു. രാജ്യത്തെ സ്കോഡ ഡീലർഷിപ്പുകൾക്കു പുറമെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയും പുത്തൻ എസ്‌യുവിയും സെഡാനും ബുക്ക് ചെയ്യാൻ അവസരമുണ്ട്.

ബുക്ക് ചെയ്യുന്നവർക്ക് പുത്തൻ റാപിഡ് ഡെലിവറി ഏപ്രിൽ 14ന് ആരംഭിക്കുമെന്നാണു സ്കോഡയുടെ വാഗ്ദാനം. പുതിയ കരോക്‌ ലഭിക്കാൻ മേയ് ആറു വരെ കാത്തിരിക്കണം. പണത്തിനൊത്ത മൂല്യത്തിനു പുറമെ ആഡംബരവും മോഹിക്കുന്നവരെയാണു പുതിയ എസ്‌യുവിയിലൂടെ കമ്പനി നോട്ടമിടുന്നതെന്നു സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ സാക് ഹോളിസ് അഭിപ്രായപ്പെട്ടു. സ്കോഡ ശ്രേണിയുടെ സവിശേഷതകൾ പൂർണമായും നിലനിർത്തുന്ന കരോക് ഇന്ത്യയിൽ വിജയം വരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

അടുത്ത ഒന്നിനു പ്രാബല്യത്തിലെത്തുന്ന ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരം കൈവരിക്കാനുള്ള സാങ്കേതികവിദ്യയാണ് റാപിഡിലൂടെ അരങ്ങേറുന്ന ടർബോ ചാർജ്ഡ് സ്ട്രാറ്റിഫൈഡ് ഇഞ്ചക്ഷൻ(ടിഎസ്ഐ) പെട്രോൾ എൻജിന്റെ സവിശേഷത. മികച്ച കരുത്തും തകർപ്പൻ ഇന്ധനക്ഷമതയും ഉറപ്പുനൽകാൻ ഈ ഒരു ലീറ്റർ, ടിഎസ്ഐ പെട്രോൾ എൻജിനു സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം കരോക്കിനു കരുത്തേകുന്നത് 1.5 ലീറ്റർ, ടി എസ് ഐ പെട്രോൾ എൻജിനാണ്. 150 പി എസ് വരെ കരുത്തും 250 എൻ എമ്മോളം കരുത്തും സൃഷ്ടിക്കുന്ന ഈ എൻജിനു കുട്ടാവുന്നത് ഏഴു സ്പീഡ്, ഡ്യുവൽ ക്ലച് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com