ADVERTISEMENT

കോറോണ വൈറസ് പടർന്നു പിടിക്കുന്നത് തടയാൻ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങൾ. ചൈനയിൽ നിന്ന് ആരംഭിച്ച് ലോകത്തിലെ 143 രാജ്യങ്ങളിലെ ഏകദേശം 2.5 ലക്ഷം ആളുകളെ ബാധിച്ച കൊറോണ വൈറസ് മൂലമുള്ള മരണം 10000 കടന്നു. ലോകരാജ്യങ്ങളെല്ലാം കൊറോണയെ ചെറുക്കാൻ നടപടികൾ ശക്തമാക്കുമ്പോൾ വിമാനം ലാൻഡ് ചെയ്യാതിരിക്കാൻ റൺവേയിൽ വാഹനങ്ങൾ നിരത്തിയിട്ടിരിക്കുകയാണ് ഇക്വഡോറിലെ ഗ്വായാക്വിലിലെ വിമാനത്താവളം.

കോറോണ വൈറസ് പടർന്നു പിടിച്ച സ്പെയ്നിലെ മാൻഡ്രിഡിൽ നിന്നെത്തിയ വിമാനവും ആംസ്റ്റർഡാമിൽ നിന്നെത്തിയ കെഎൽഎം വിമാനവും ലാൻഡ് ചെയ്യാതിരിക്കാനാണ് ഗ്വായാക്വിലിലെ ജോസ് ജാക്വിലിൻ ഡേ ഓൽമെഡോ വിമാനത്താവളത്തിൽ പൊലീസ് വാഹനങ്ങൾ നിരത്തിയിട്ടത്. ഗ്വായാക്വിലിലെ മേയറുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടി.

കോവിഡ് 19 ബാധയെത്തുടർന്ന് ഇക്കഡോർ അതിർത്തികളെല്ലാം അടച്ചിരുന്നുവെങ്കിലും വ്യോമപാത അടച്ചിരുന്നില്ല. കോറോണ വൈറസ് ബാധിച്ച വിദേശികളെ സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനായി എത്തുന്ന വിമാനങ്ങളായിരുന്നു ഇക്കഡോറിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിച്ചിരുന്നത്. ഗായാക്വിലിലെ സ്പാനിഷ് പൗരൻമാരെ നാട്ടിലെത്തിക്കാനായിരുന്നു വിമാനം എത്തിയത്. ഗായാക്വിലിൽ നിന്ന് ഇക്കഡോറിന്റെ തലസ്ഥാനത്തേക്ക് തിരിച്ചുവിട്ട വിമാനത്തിൽ 11 വിമാന ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

കോറോണ വൈറസ് ബാധ ഏറെയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന വിമാനങ്ങളിലെ ജീവനക്കാരെ നഗരത്തിൽ പ്രവേശിപ്പിക്കുന്നതും ഒരു ദിവസം താമസിപ്പിക്കുന്നതും അപകടകമാണെന്ന് കാണിച്ചാണ് റൺവേയിൽ വാഹനങ്ങൾ ഇട്ടതെന്നാണ് മേയർ പറയുന്നത്. ദക്ഷിണ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ ഇതുവരെ 170 പേർക്കാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com