ADVERTISEMENT

രണ്ടു വർഷം മുമ്പ് രാജ്യാന്തര വിപണിയിൽ അരങ്ങേറിയതു മുതൽ വൻ ഡിമാന്റാണ് സുസുക്കി ജിംനിക്ക്. ജപ്പാനിലും യൂറോപ്യൻ രാജ്യങ്ങളിലും ചൂടപ്പം പോലെ വിറ്റുപോകുന്ന ജിംനി ഇത്തവണത്തെ ന്യൂഡൽഹി ഓട്ടോഎക്സ്പോയിലെ പ്രധാന താരമായിരുന്നു. എക്സ്പോയിൽ പ്രദർശിപ്പിച്ച് ജനശ്രദ്ധ നേടിയ ജിംനി ഇന്ത്യൻ വിപണിയിലുമെത്തും. എന്നാൽ മൂന്നു ഡോർ ആയിരിക്കില്ല ഇന്ത്യയ്ക്കായി വികസിപ്പിക്കുന്ന 5 ഡോർ ഫോർമാറ്റിലായിരിക്കും ജിംനി വിപണിയിലെത്തുക. വൈഡബ്ല്യു ഡി എന്ന കോഡുനാമത്തിൽ വികസിപ്പിക്കുന്ന വാഹനം ഇന്ത്യൻ വിപണിയിൽ മാത്രമായിരിക്കില്ല മറ്റു രാജ്യാന്തര വിപണിയിലും എത്തിയേക്കും.

നിലവിൽ സുസുക്കിയുടെ ജപ്പാനിലെ കൊസായി പ്ലാന്റിലാണ് വാഹനം നിർമിക്കുന്നത്. എന്നാൽ രാജ്യാന്തര വിപണിയിൽ ജിംനിക്ക് ലഭിക്കുന്ന മികച്ച പ്രചാരം ഉത്പാദനം കൂട്ടാൻ സുസുക്കിയെ പ്രേരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗുജറാത്തിൽ സുസുക്കി സ്ഥാപിച്ച നിർമാണശാലയിൽ നിന്നാവും ജിംനി പുറത്തെത്തുകയെന്നാണു സൂചന. തുടർന്ന് രാജ്യാന്തര വിപണികളിലേക്കുള്ള ജിംനി കയറ്റുമതിയും ഈ ശാലയിൽ നിന്നാവും. മാസം 4000 മുതൽ 5000 വരെ യൂണിറ്റ് നിർമിക്കാനാണ് മാരുതിയുടെ പദ്ധതി. തുടക്കത്തിൽ രാജ്യന്തര വിപണിക്കും അതിനുശേഷം ഇന്ത്യൻ വിപണിക്കുമായുള്ള ജിംനി ഗുജറാത്ത് ശാലയിൽ നിന്ന് പുറത്തിറങ്ങും. അഞ്ചു ഡോർ, മൂന്നു ഡോർ വകഭേദങ്ങളാണ് ഗുജറാത്തിലെ പ്ലാന്റിൽ നിർമിക്കുക.

മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപനയ്ക്കെത്തുന്ന ജിംനിയുടെ വില 10 ലക്ഷത്തിൽ താഴ ഒതുക്കാനായിരിക്കും കമ്പനി ശ്രമിക്കുക. 2018 ൽ ജപ്പാനിലായിരുന്നു നാലാം തലമുറ ജിംനിയുടെ അരങ്ങേറ്റം പിന്നാലെ വിവിധ വിദേശ വിപണികളിലും തരംഗമായി മാറി. ഓഫ് റോഡ് ഡ്രൈവിങിനു പുറമെ യാത്രാസുഖവും ഉറപ്പുവരുത്തുന്ന രീതിയിലാണ് നാലാം തലമുറ വാഹനത്തിന്റെ രൂപകൽപന. ദൃഢതയുള്ള ലാഡർ ഫ്രെയിം ഷാസിയും എയർ ബാഗ്, എ ബി എസ്, ഇ എസ് പി, പവർ സ്റ്റീയറിങ്, റിവേഴ്സ് പാർക്കിങ് സെൻസറുമൊക്കെയുള്ള ടച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം വാഹനത്തിലുണ്ടാവും.

600 സിസി, 1.5 ലീറ്റർ എന്നിങ്ങനെ രണ്ട് എൻജിൻ സാധ്യതകളോടെയാണ് രാജ്യാന്തര വിപണിയിൽ ജിംനി വിൽപനയിലുള്ളത്. ഇതിൽ 1.5 ലീറ്റർ എൻജിൻ ഇന്ത്യൻ പതിപ്പിന് ലഭിക്കും. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന എർട്ടിഗയ്ക്കും സിയാസിനും എക്സ് എൽ 6നും കരുത്തു പകരുന്ന എൻജിന് എകദേശം 104 എച്ച്പി കരുത്തും 138 എൻ എം ടോർക്കുമുണ്ട്. കൂടാതെ ഫോർവീൽ ഡ്രൈവ് മോഡലുമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com