ADVERTISEMENT

ബുള്ളറ്റ് ട്രയല്‍സ് 350, ബുള്ളറ്റ് ട്രയല്‍സ് 500 മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നു റോയല്‍ എന്‍ഫീല്‍ഡ് പിന്‍വലിക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ അവതരിപ്പിച്ച മോഡലുകള്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാത്ത സാഹചര്യത്തിലാണ് ഇവയുടെ വില്‍പന അവസാനിപ്പിക്കാന്‍ കമ്പനി തയാറെടുക്കുന്നത്. അടുത്ത മാസം മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്‌റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പ്രാബല്യത്തിലെത്തുന്നതോടെ 500 സി സി ബുള്ളറ്റ് ശ്രേണി പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നു നേരത്തെ വ്യക്തമായിരുന്നു. 

ഇതിനു പുറമെ 350 സി സി എന്‍ജിനുള്ള ട്രയല്‍സ് മോഡലിലെ എന്‍ജിന്‍ ബി എസ് ആറ് നിലവാരത്തിലെത്തിക്കാനും കമ്പനി നടപടി സ്വീകരിച്ചിരുന്നില്ല. അതേസമയം ക്ലാസിക് 350 ബൈക്കിലെ എന്‍ജിന്‍ ബി എസ് ആറ് നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. പ്രതീക്ഷിച്ച വില്‍പന കൈവരിക്കാതെ പോയതോടെയാവണം ബുള്ളറ്റ് ട്രയല്‍സ് 350 ബൈക്കിനെ ബി എസ് ആറ് നിലവാരത്തിനായി റോയല്‍ എന്‍ഫീല്‍ഡ് പരിഗണിക്കാതെ വിട്ടത്.

കഴിഞ്ഞ കാലങ്ങളിലെ റോയല്‍ എന്‍ഫീല്‍ഡ് ട്രയല്‍സ് ബൈക്കുകള്‍ക്കുള്ള ശ്രദ്ധാഞ്ജലി എന്ന നിലയിലായിരുന്നു കമ്പനി 2019 മാര്‍ച്ചില്‍ ബുള്ളറ്റ് ട്രയല്‍സ് ശ്രേണി പുറത്തിറക്കിയത്. ടാങ്ക്, പാര്‍ശ്വത്തിലെ പാനല്‍, സസ്‌പെന്‍ഷന്‍, എന്‍ജിന്‍ എന്നിവയൊക്കെ സാധാരണ 'ബുള്ളറ്റി'ല്‍ നിന്നു കടമെടുത്തപ്പോഴും 'ട്രയല്‍സി'ല്‍ വലിപ്പമേറിയ വീല്‍, അണ്‍സ്വെപ്റ്റ് എക്‌സോസ്റ്റ്, ചോപ്പ്ഡ് ഫെന്‍ഡര്‍ എന്നൊക്കെ റോയല്‍ എന്‍ഫീല്‍ഡ് സജ്ജമാക്കി. ഒപ്പം ഏതു തരം പ്രതലത്തെയും നേരിടാന്‍ ഡ്യുവല്‍ പര്‍പ്പസ് ടയറുകളും ഘടിപ്പിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ മോഡല്‍ ധാരാളിത്തത്തിനിടയിലും വേറിട്ട വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ 'ട്രയല്‍സി'നായി. 'ട്രയല്‍സ് 350' ബൈക്കിന് 1.62  ലക്ഷം രൂപയും 500 ട്രയല്‍സിന് 2.07 ലക്ഷം രൂപയുമായിരുന്നു ഷോറൂം വില. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com