ADVERTISEMENT

മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്‌റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പ്രാബല്യത്തിലെത്തിയ സാഹചര്യത്തില്‍ പഴയ നിലവാരമുള്ള ഇരുചക്രവാഹനങ്ങള്‍ വിലക്കിഴിവോടെ വിറ്റഴിക്കാന്‍ ഹീറോ മോട്ടോ കോര്‍പ് ആലോചിക്കുന്നു. ബി എസ് നാല് നിലവാരമുള്ള എന്‍ജിന്‍ ഘടിപ്പിച്ച മോട്ടോര്‍ സൈക്കിളുകള്‍ക്ക് 10,000 രൂപ വരെയും സമാന സ്‌കൂട്ടറുകള്‍ക്ക് 15,000 രൂപ വരെയുമാവും വിലയിലെ ഇളവ്.

കൊറോണ വൈറസ് ബാധ പരിഗണിച്ചുള്ള രാജ്യവ്യാപക ലോക്ക്ഡൗണ്‍ അവസാനിച്ചശേഷമുള്ള 10 ദിവസത്തിനിടെ കെട്ടിക്കിടക്കുന്ന ബി എസ് നാല് സ്‌റ്റോക്കില്‍ 10% വാഹനങ്ങള്‍ ഡല്‍ഹി, രാജ്യതലസ്ഥാന മേഖല(എന്‍ സി ആര്‍)യിലൊഴികെ വിറ്റഴിക്കാന്‍ സുപ്രീം കോടതി നിര്‍മാതാക്കള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തി പരമാവധി പഴയ മോഡല്‍ വാഹനങ്ങള്‍ വിറ്റൊഴിവാക്കാനാണു ഹീറോ മോട്ടോ കോര്‍പിന്റെ നീക്കം. ലോക്ക്ഡൗണ്‍ മൂലം ഷോറൂമുകള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാവും ഹീറോ മോട്ടോ കോര്‍പിന്റെ ഈ ആദായവില്‍പ്പന. 

രാജ്യമെങ്ങുമുള്ള ഡീലര്‍ഷിപ്പുകളിലായി ബി എസ് നാല് നിലവാരമുള്ള ഒന്നര ലക്ഷത്തോളം ഇരുചക്രവാഹനങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നാണു ഹീറോ മോട്ടോ കോര്‍പിന്റെ കണക്ക്. 600 കോടി രൂപ മൂല്യം കണക്കാക്കുന്ന ഈ സ്‌റ്റോക്കില്‍ നിന്നു സുപ്രീം കോടതി വിധി പ്രകാരം 10% വാഹനങ്ങള്‍ മാത്രമാണു വിറ്റൊഴിവാക്കാനാവുക. അവശേഷിക്കുന്നവ മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടില്ലാത്ത വിദേശ വിപണികളിലേക്കു കയറ്റുമതി ചെയ്യാനും സ്‌പെയര്‍ പാര്‍ട്‌സ് ബിസിനസിനായി വിനിയോഗിക്കാനുമാണു ഹീറോ മോട്ടോ കോര്‍പ് ആലോചിക്കുന്നത്. 

അതിനിടെ കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രണാതീതമായ കാരണമായി പരിഗണിച്ചു സപ്ലയര്‍മാര്‍ക്കുള്ള പ്രതിഫലം നല്‍കുന്നതു നീട്ടാനുള്ള മുന്‍തീരുമാനത്തിലും ഹീറോ മോട്ടോ കോര്‍പ് ഇളവു വരുത്തി. വലിയ കമ്പനികള്‍ക്ക് കൊടുക്കാനുള്ള തുകയുടെ 25% മാത്രം നല്‍കാനായിരുന്നു ഹീറോയുടെ ആദ്യ തീരുമാനം; എന്നാലിത് 50% ആക്കി ഉയര്‍ത്താനാണു കമ്പനി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. വിപണിയിലെ സാഹചര്യം സമീപ ഭാവിയില്‍ അനിശ്ചിതമായി തുടരുമെന്നാണു ഹീറോ മോട്ടോ കോര്‍പിന്റെ വിലയിരുത്തല്‍. നിലവിലെ പ്രതിസന്ധി എപ്പോള്‍ അതിജീവിക്കുമെന്നു പറയാനാവാത്ത സ്ഥിതിയാണ്. എങ്കിലും നവരാത്രി — ദീവാപലി ഉത്സവകാലത്തോടെ ഇരുചക്രവാഹന വിപണി പ്രകടനം മെച്ചപ്പെടുത്തുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com