ADVERTISEMENT

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ലോക്ക്ഡൗണിനെ തുടർന്ന് പുതിയ വാഹനങ്ങളുടെ സൗജന്യ സർവീസ്, വാറന്റി കാലാവധി വീണ്ടും നീട്ടുകയാണെന്ന് ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് പ്രഖ്യാപിച്ചു. കഴിഞ്ഞ മാർച്ച് 20നും മേയ് 31നുമിടയ്ക്ക് പൂർത്തിയാവുന്ന സൗജന്യ സർവീസിന്റെയും വാറന്റിയുടെയും കാലാവധി ജൂലൈ 31 വരെയാണു കമ്പനി ദീർഘിപ്പിച്ചത്. 

നേരത്തെ മാർച്ച് 20നും ഏപ്രിൽ 30നുമിടയ്ക്ക് പൂർത്തിയാവുന്ന, ഇരുചക്രവാഹനങ്ങളുടെ സൗജന്യ സർവീസ്/വാറന്റി കാലാവധി കമ്പനി നേരത്തെ മേയ് 31 വരെ ദീർഘിപ്പിച്ചിരുന്നു. വീടിനു പുറത്തിറങ്ങാൻ വിലക്കും നിയന്ത്രണങ്ങളും പ്രാബല്യത്തിലുള്ള സാഹചര്യത്തിൽ വാഹനങ്ങൾ സമയബന്ധിതമായി സർവീസ് ചെയ്യുക സാധ്യമാവില്ലെന്ന പ്രശ്നമുണ്ട്. അതുപോലെ ലോക്ക്ഡൗൺ കാലയളവിനിടെ വാറന്റി കാലാവധി അവസാനിക്കുന്നവർക്കും ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ തടസ്സമുണ്ടാവുമെന്നു കമ്പനി വിലയിരുത്തുന്നു.

മാർച്ച് 25 മുതൽ പ്രാബല്യത്തിലെത്തിയ ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലെത്തിയതോടെ വ്യവസ്ഥകളിലും നിബന്ധനകളിലും അനുവദിച്ച ഇളവുകൾ പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബജാജ് ഡീലർഷിപ്പുകളും സർവീസ് സെന്ററുകളും പ്രവർത്തനം പുനഃരാരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യം പ്രയോജനപ്പെടുത്തി  മുടങ്ങിക്കിടക്കുന്ന സൗജന്യ സർവീസും വാറന്റി പ്രകാരമുള്ള ആനുകൂല്യങ്ങളും പൂർത്തിയാക്കാനാണു ബജാജിന്റെ അഭ്യർഥന. 

അതിനിടെ കൊറോണ വൈറസ് വ്യാപനം തടയാൻ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗൺ  പരിഗണിച്ചു ടയറുകളുടെ വാറന്റി മൂന്നു മാസത്തേക്കു ദീർഘിപ്പിക്കാൻ സീയറ്റ് ടയേഴ്സും തീരുമാനിച്ചു. ദീർഘനാളത്തെ ലോക്ക് ഡൗൺ മൂലം ഉപയോക്താക്കൾക്കു നേരിട്ട കഷ്ടനഷ്ടങ്ങൾ മുൻനിർത്തിയാണു വാറന്റി ദീർഘിപ്പിക്കുന്നതെന്നും കമ്പനി വിശദീകരിച്ചു. കഴിഞ്ഞ മാർച്ച് ഒന്നിനും മേയ് 31നുമിടയ്ക്കു പൂർത്തിയാവുന്ന വാറന്റിയുടെ കാലാവധിയാണു സീയറ്റ് ടയേഴ്സ് മൂന്നു മാസത്തേക്കു കൂടി ദീർഘിപ്പിച്ചത്. ടയർ നിർമിച്ച വർഷത്തിന്റെയും ആഴ്ചയുടെയും അടിസ്ഥാനത്തിലാവും വാറന്റി കാലാവധി ദീർഘിപ്പിക്കൽ അനുവദിക്കുകയെന്നും കമ്പനി വ്യക്തമാക്കി. രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളിലും ഈ ആനുകൂല്യം ലഭ്യമാണെന്നും സീയറ്റ് ടയേഴ്സ് അറിയിച്ചു. 

English Summary: Bajaj Auto Extends Warranty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com