ADVERTISEMENT

ആദ്യ വാഹനമായ സെൽറ്റോസിലൂടെ വിപണിയിൽ തരംഗം സൃഷ്ടിച്ച് വാഹന നിർമാതാക്കളാണ് കിയ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇന്ത്യൻ വിപണിയില്‍ ഏറ്റവും ജനപ്രിയ വാഹന നിർമാതാക്കളിൽ ഇടം പിടിച്ചു കിയ. സെൽറ്റോസും കാർണിവല്ലിനും ഉടൻ പുറത്തിറങ്ങുന്ന ചെറു എസ്‌യുവിയായ സോണറ്റിനും ശേഷം ചെറു കാർ സെഗ്‌മെന്റിലേക്കും കിയയുടെ ശ്രദ്ധപതിക്കുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ വാഹനലോകം.

kia-picanto-2
2020 Kia Picanto

രാജ്യാന്തര വിപണിയിൽ കിയയുടെ ചെറു ഹാച്ച്ബാക്കായ പിക്കാന്റോയുടെ പുതിയ രൂപം ഇന്ത്യൻ വിപണിയിലെത്തുമോ എന്നാണ് വാഹനലോകം ഉറ്റുനോക്കുന്നത്. അടുത്തിടെ ദക്ഷിണ കൊറിയയിൽ പിക്കാന്റോയുടെ പുതിയ രൂപം പ്രദർശിപ്പിച്ചിരുന്നു. പ്രീമിയം ഫീച്ചറുകളും മനം മയക്കും രൂപവുമുള്ള പിക്കാന്റോ ഇന്ത്യൻ വിപണിയിലെത്തിയാൽ ജനപ്രിയകാറുകള്‍ക്കെല്ലാം ഭീഷണി സൃഷ്ടിക്കും.

നിലവിൽ വിപണിയിലുള്ള പിക്കാന്റോയിൽ നിന്ന് നിരവധി മാറ്റങ്ങളുമായാണ് പുതിയ കാർ പ്രദർശിപ്പിച്ചത്. ക്രോം ഫിനിഷുള്ള ടൈഗർ നോസ് ഗ്രിൽ, രൂപമാറ്റം വരുത്തിയ എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, ഡേറ്റൈം റണ്ണിങ് ലാംപ്, പുതിയ മുൻ ബംബർ, റീസ്റ്റൈൽ ചെയ്ത എയർഡാം, മാറ്റങ്ങൾ വരുത്തിയ ഫോഗ്‌ലാംപ്, എൽഇഡി ഡീറ്റൈലിങ്ങുള്ള ടെയിൽ ലാംപ്, പുതിയ ഡിസൈനിലുള്ള അലോയ് വീലുകൾ എന്നിവ പിക്കാന്റോയുടെ പുറം ഭാഗത്തിലെ പുതുമകളാണ്. 

kia-picanto-1
2020 Kia Picanto

ഇന്റീരിയറിലും ധാരാളം മാറ്റങ്ങളുണ്ട്, എട്ട് ഇഞ്ച് ടച്ച് സക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബോഡി കളേർഡ് എസി വെന്റുകള്‍, സൺറൂഫ് തുടങ്ങി നിരവധി ഫീച്ചറുകൾ ഇന്റീരിയറിലുമുണ്ട്. 76 ബിഎച്ച്പി കരുത്തുള്ള 1 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സും 4 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോസും. കൊറിയൻ വിപണിയിൽ ഉടനെത്തുമെങ്കിലും ഇന്ത്യ അടക്കം മറ്റു രാജ്യാന്തര വിപണികളില്‍ എന്നെത്തുമെന്ന് കിയ വ്യക്തമാക്കിയിട്ടില്ല.

English Summary: 2020 Kia Picanto Reveled In Korea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com