ബ്രേക്ക് തകരാർ, വിദേശത്തു വിറ്റ 15,200 ബൈക്ക് തിരിച്ചു വിളിച്ച് പരിശോധിക്കാൻ എൻഫീൽഡ്

royal-enfield-intercepter-gt
SHARE

നിർമാണ തകരാറിന്റെ പേരിൽ വിദേശ വിപണികളിൽ വിറ്റ 15,200 മോട്ടോർ സൈക്കിളുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ റോയൽ എൻഫീൽഡ് തീരുമാനിച്ചു. ബ്രേക്ക് ഘടകത്തിലെ തകരാറിനെ തുടർന്നാണു യു കെയിലും കൊറിയയിലും യൂറോപ്യൻ രാജ്യങ്ങളിലുമായി വിറ്റ മൂന്നു മോഡലുകൾ കമ്പനി തിരിച്ചു വിളിച്ചു പരിശോധിക്കുന്നത്. ചില രാജ്യങ്ങളിൽ ബ്രേക്ക് കാലിപർ തുരുമ്പെടുക്കാനുള്ള സാധ്യത കണ്ടെത്തിയതിനെ തുടർന്ന് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി 650, ഹിമാലയൻ എന്നിവയാണു തിരിച്ചു വിളിച്ചു പരിശോധിക്കുന്നതെന്നു റോയൽ എൻഫീൽഡ് അറിയിച്ചു. 

ശീതകാലത്ത് ഐസ് രൂപപ്പെടുന്നതു തടയാനായി ചില ലവണങ്ങളോ, ലവണങ്ങളുടെ സംയുക്തമോ പ്രയോഗിച്ച റോഡുകളിലൂടെ ഏറെ നാൾ ഓടിക്കുമ്പോഴാണു ബൈക്കുകളിലെ ബ്രേക്ക് കാലിപർ തുരുമ്പെടുക്കാൻ സാധ്യതയേറുന്നതെന്നു റോയൽ എൻഫീൽഡ് കണ്ടെത്തിയിട്ടുണ്ട്. ഈ നില തുടർന്നാൽ ബ്രേക്ക് കാലിപറിൽ നിന്നു പിസ്റ്റൻ ബോറിലേക്കും ഒപ്പമുള്ള അസംബ്ലികളിലേക്കുമെല്ലാം തുരമ്പ് വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. ബ്രേക്കിങ് ഘട്ടത്തിൽ അസ്വാഭാവികമായ ശബ്ദം, വർധിച്ച ബ്രേക്ക് ഡ്രാഗ് എന്നിവയ്ക്കൊപ്പം കാലിപർ തുരുമ്പെടുക്കുന്നത് ബ്രേക്കിങ് ക്ഷമതയെ തന്നെ ബാധിച്ചേക്കാമെന്നും കമ്പനി വിശദീകരിക്കുന്നു.

അപൂർവം ബൈക്കുകളിലാണ് ഈ തകരാർ കണ്ടെത്തിയിട്ടുള്ളതെങ്കിലും ഉടമസ്ഥരുടെ സുരക്ഷ പരിഗണിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനാണു കമ്പനി തയാറെടുക്കുന്നത്. യു കെയിലും യൂറോപ്പിലും കൊറിയയിലും വിറ്റ 15,200 ബൈക്കുകൾ തിരിച്ചുവിളിച്ച് പരിശോധനയും കാലിപർ വൃത്തിയാക്കലും ആവശ്യമെങ്കിൽ പാർട്സ് മാറ്റിനൽകാനുമാണു റോയൽ എൻഫീൽഡിന്റെ പദ്ധതി. അടുത്ത ഘട്ടത്തിൽ മെച്ചപ്പെട്ട ബ്രേക്ക് കാലിപർ അസംബ്ലി തന്നെ ഘടിപ്പിച്ചു നൽകാനും തീരുമാനിച്ചിട്ടുണ്ട്. മിക്കവാറും വർഷാവസാനത്തോടെ ഈ നടപടി പൂർത്തിയാക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. പരിശോധന ആവശ്യമുള്ള മോട്ടോർ സൈക്കിളുകളുടെ ഉടമസ്ഥരെ ഡീലർഷിപ്പുകൾ വഴി വിവരം അറിയിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 

English Summary: Royal Enfield recalls 15,200 bikes from Overseas Markets

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA