ADVERTISEMENT

ശക്തമായ കാറ്റിൽ ലാൻഡ് ചെയ്യുന്നതും ടേക്ഓഫ് ചെയ്യുന്നതും ഏറെ അപകടകരമാണ്. പൈലറ്റ് ഏറ്റവും അധികം വെല്ലുവിളികൾ നേരിടുന്നത് ഈ സമയത്തായിരിക്കും. പൈലറ്റുമാത്രമല്ല യാത്രക്കാരും ഭയന്നു വിറച്ചാകും ഈ സമയത്ത് വിമാനത്തിൽ ഇരിക്കുക. അത്തരത്തിൽ കനത്ത കാറ്റിൽ ഏറെ ശ്രമകരമായി പോർച്ചുഗലിലെ മഡീര വിമാനത്താവളത്തിൽ നിന്ന് വിമാനം ലാൻഡ് ചെയ്യുന്നതിന്റേയും പറന്നുയരുന്നതിന്റേയും വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

കഴിഞ്ഞ മാർച്ച് 19ലെ വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ലോകഡൗൺ മൂലം മഡീരയിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷിക്കുന്നതിനായി പോർച്ചുകളിലെ തലസ്ഥാനമായ ലിസ്ബനിൽ നിന്ന് എത്തിയ ടിഎപി എർലൈൻസിന്റെ എ321 വിമാനത്തിനാണ് ക്രോസ് വിന്റ് വില്ലനായത്. യാത്രക്കാരില്ലാതെ എത്തിയ വിമാനം കനത്ത കാറ്റിൽ ഏറെ ശ്രമകരമായാണ് ലാന്‍ഡ് ചെയ്തത്.

യാത്രക്കാരുമായി പറന്നുയർന്നപ്പോഴും കാറ്റ് വില്ലനായി എത്തി. കാറ്റിൽ നിന്ന് രക്ഷപ്പെടാൻ പെട്ടെന്ന് പറന്നുയർന്ന വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഉരയാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്. മാർച്ച് മാസത്തിൽ കനത്ത കാറ്റാണ് മഡീര പ്രദേശത്ത് അനുഭവിച്ചത്.

കാറ്റ് വില്ലനാകുമ്പോൾ

വിമാനം പറന്നുയരുമ്പോഴും നിലത്തിറങ്ങുമ്പോഴും പലപ്പോഴും ക്രോസ് വിൻഡുകൾ വില്ലനാകാറുണ്ട്. ശക്തമായ കാറ്റുള്ളപ്പോള്‍ റണ്‍വേയില്‍ വിമാനമിറക്കുന്നത് പൈലറ്റുമാർക്കു വന്‍ വെല്ലുവിളിയാണ്. ശക്തമായ കാറ്റില്‍ ആടിയുലയുന്ന വിമാനങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ മുമ്പ് പലവട്ടം വൈറലായിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വിമാനം നിലത്തിറക്കണോ ലാൻഡിങ് ഉപേക്ഷിക്കണോ തുടങ്ങിയ നിർണായക തീരുമാനങ്ങളെടുക്കാൻ പരിശീലനം ലഭിച്ചവരാണ് വൈമാനികരെങ്കിലും ക്രോസ് വിൻഡ് കാരണം നിരവധി വിമാനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട്.

എന്താണ് ക്രോസ് വിൻഡ്?

വിമാനത്തിനു കുറുകെ വീശുന്ന കാറ്റാണ് ക്രോസ് വിൻഡ്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ ക്രോസ് വിൻഡ് അടിച്ചാൽ വിമാനം സുഖകരമായി ലാൻഡ് ചെയ്യുക ബുദ്ധിമുട്ടാണ്. ഇത്തരം പ്രതിഭാസങ്ങളെ നേരിടാൻ മികച്ച പൈലറ്റുമാർക്കു മാത്രമേ സാധിക്കൂ.

ക്രാബ് ലാൻഡിങ്

ശക്തമായ ക്രോസ് വിൻഡ് ഉള്ള സമയത്ത് വിമാനം ലാൻഡ് ചെയ്യുന്നതിനെ ക്രാബ് ലാൻഡിങ് എന്നാണ് പറയുന്നത്. കാറ്റിനെ പ്രതിരോധിക്കാൻ വിമാനം ചെരിച്ചു പറത്തിയാണ് റൺവേയിലിറക്കുക. അപ്പോൾ കാറ്റിന്റെ ശക്തിയിൽ വിമാനം ചെരിഞ്ഞാലും റൺവേ വിട്ടു പുറത്തുപോകില്ല.

English Summary: Plane Executes Heavy Cross Wind Landing and Take Off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com