ADVERTISEMENT

കോറോണ കാലത്ത് വിൽപന വേഗം കുറഞ്ഞ വാഹന വിപണി ടോപ്ഗിയറിലാക്കാനുള്ള ശ്രമത്തിലാണ് വാഹന നിർമാതാക്കൾ. മികച്ച ഓഫറുകൾ നൽകാൻ ഡീലർഷിപ്പുകളും കുറഞ്ഞ പലിശനിരക്കിൽ ലോൺ തരാൻ ബാങ്കുകളും തയാറായി നിൽക്കുമ്പോൾ വാഹനം വാങ്ങാൻ ഇതിലും പറ്റിയ സമയം കിട്ടില്ല. പുതിയ വാഹനം സ്വന്തമാക്കാൻ കാത്തിരിക്കുന്നവർക്കായി നഗരയാത്രകൾക്കിണങ്ങിയ മികച്ച ഇന്ധനക്ഷമതയുള്ള അഞ്ച് ചെറു ഓട്ടമാറ്റിക് കാറുകൾ പരിചയപ്പെടുത്തുന്നു. ഓട്ടമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ ഉപയോഗിക്കുന്ന ഈ ചെറു വാഹനങ്ങളുടെ എക്സ് ഷോറൂം വില 6 ലക്ഷം രൂപയിൽ താഴെയായിരിക്കും.

എഎംടി ജനകീയമാക്കിയ ഓട്ടമാറ്റിക്

ഇന്ത്യയില്‍ അത്ര ജനകീയമല്ലാതിരുന്ന ഓട്ടമാറ്റിക് കാറുകളെ ജനപ്രിയമാക്കിയത് എഎംടി ഗിയര്‍ബോക്‌സാണ്. ഇന്ന് ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും എഎംടിയില്‍ ഒരു കൈ പരീക്ഷിക്കുന്നുണ്ട്. ചെറു കാറുകളില്‍ തുടങ്ങി എസ് യുവികളില്‍ വരെ എഎംടിയുടെ സാന്നിധ്യമുണ്ട്. നഗര യാത്രകളിലെ ഡ്രൈവിങ് സുഖവും മാനുവല്‍ കാറുകളുടെ മൈലേജും പരിപാലന ചിലവുമാണ് എഎംടി കാറുകളെ ഇടത്തരക്കാരുടെ ഇഷ്ടവാഹനമാക്കി മാറ്റുന്നത്.

റെഡിഗോ എഎംടി

ഇന്ത്യയില്‍ ഏറ്റവും വില കുറഞ്ഞ എഎംടി കാറുകളിലൊന്നാണ് റെഡിഗോ. പുതിയ ലുക്കിൽ റെഡിഗോ കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിയത്. ആദ്യ മോഡലിനെപ്പോലെ തന്നെ സ്‌റ്റൈലന്‍ രൂപം തന്നെയാണ് റെഡിഗോയുടെ ഹൈലൈറ്റ്. ഒതുക്കമുള്ള കാര്‍. നഗരങ്ങളില്‍ ഉത്തമം. മിനി ക്രോസ്ഓവര്‍ എന്നു റെഡിഗോയെ വിശേഷിപ്പിക്കുന്നതു രൂപഗുണം കൊണ്ടാണ്. 185 മി മി ഗ്രൗണ്ട് ക്ലിയറന്‍സുള്ള അധികം മിനി ഹാച്ച് ബാക്കുകളില്ല. രൂപത്തിലും തെല്ല് ക്രോസ് ഓവര്‍ ഛായയുണ്ട്. 999 സി സി പെട്രോള്‍ എന്‍ജിന് 68 പി എസ് ശക്തി. 800 സിസി എൻജിൻ പതിപ്പുണ്ടെങ്കിലും 1 ലീറ്ററിൽ മാത്രമേ എഎംടി ഗിയർബോക്സ് നൽകിയിട്ടുള്ളു. ഒരു ഓട്ടമാറ്റിക്ക് വകഭേദമാണ് റെഡിഗോ 1 ലീറ്ററിനുള്ളത്. ഇന്ധനക്ഷമത ലീറ്ററിന് 22  കിലോമീറ്റര്‍. വില 4.80 ലക്ഷം രൂപ.

റെനോ ക്വിഡ് എഎംടി

റെനോയുടെ ജനപ്രിയ കാറാണ് ക്വിഡ്. ആകർഷകമായ ലുക്കാണ് ക്വിഡിന്റെ സെല്ലിങ് പോയിന്റ്. ചെറു കാര്‍ സെഗ്മെന്റില്‍ ഏറ്റവും സ്‌റ്റൈലന്‍ കാര്‍ എന്ന വിശേഷം ക്വിഡിന് സ്വന്തം. ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്ന കാറിന് 1 ലീറ്റര്‍ എന്‍ജിനാണ്. മറ്റു കാറുകള്‍ക്കെല്ലാം ഗിയര്‍ ലിവറുണ്ടെങ്കില്‍ ക്വിഡിന് അതില്ല. ഡാഷ് ബോര്‍ഡിലെ ചെറു നോബ് തിരിച്ചാണ് ഡ്രൈവ് മോഡുകള്‍ തിരഞ്ഞെടുക്കുന്നത്. പരമാവധി 68 പിഎസ് കുരുത്തും 91 എന്‍എം ടോര്‍ക്കും. ഇന്ധന ക്ഷമത ലീറ്ററിന് 22.5 കിലോമീറ്റര്‍. വില- 4.85 ലക്ഷം മുതല്‍ 4.93 ലക്ഷം വരെ.

മാരുതി എസ്പ്രെസോ

മാരുതിയുടെ നിരയിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്നാണ് എസ്പ്രെസോ. എസ്‌യുവി രൂപഗുണവുമായി എത്തിയ എസ്പ്രെസോ മാരുതിയുടെ ഏറ്റവും വിലക്കുറവുള്ള ഓട്ടമാറ്റിക് കാറുകളിലൊന്നാണ്. 998 സിസി മൂന്നു സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 68 എച്ച്പി കരുത്തും 90 എൻഎം ടോർക്കും. ഇന്ധനക്ഷമത 21.7 കിലോമീറ്റർ. മൂന്നു മോഡലുകളിലായി ലഭിക്കുന്ന കാറിന്റെ വില 4.79 ലക്ഷം മുതൽ 5.02 ലക്ഷം വരെ

മാരുതി സെലേരിയോ

എഎംടി ഗിയര്‍ബോക്‌സുമായി ആദ്യമെത്തിയ കാറാണ് സെലേറിയോ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന എഎംടി വാഹനങ്ങളിലൊന്ന്. ഉയര്‍ന്ന മൈലേജ്, കുറഞ്ഞ സര്‍വീസ് ചാര്‍ജ്, മികച്ച ഫീച്ചറുകള്‍ എന്നിവ പ്രധാന സവിശേഷതകള്‍. ഇടയ്ക്ക് കാലികമായി മാറ്റങ്ങളുമായി കിടിലന്‍ ലുക്കിലെത്തിയത് സെലേറിയോയുടെ ജനപ്രീതി വര്‍ധിപ്പിച്ചു. 998 സിസി എന്‍ജിനാണ് സെലേറിയോയില്‍. 68 പിഎസ് കരുത്തും 90 എന്‍എം ടോര്‍ക്കും. എഎംടിയുടെ നാല് വകഭേദങ്ങള്‍ സെലേറിയോയ്ക്കുണ്ട്. ഇന്ധന ക്ഷമത ലീറ്ററിന് 21.63 കി.മീ. വില 5.32 ലക്ഷം മുതല്‍ 5.67 ലക്ഷം വരെ.

വാഗണ്‍ ആര്‍ എഎംടി

മാരുതിയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ് വാഗണ്‍ആര്‍. ടോള്‍ ബോയി ആയി 1995 ല്‍ വിപണിയിലെത്തിയ വാഗണ്‍ആറിന് 2003 ലും 2006 ലും 2010 ലും കാലികമായ മാറ്റങ്ങളുണ്ടായി. ഫീച്ചറുകളിലും ഡ്രൈവിലും യാത്രാസുഖത്തിലും സെഗ്മെന്റിലെ ഏറ്റവും മികച്ച കാറാണ് വാഗണ്‍ആര്‍. മൂന്നു സിലണ്ടര്‍ 998 സി സി എന്‍ജിന്‍ 68 പി എസ് ശക്തി സുഖമായി പകരുന്നു. 1.2 ലീറ്റർ എൻജിന്  83 എച്ച്പി കരുത്തും 113 എൻ‌എം ടോർക്കുമുണ്ട്.  രണ്ടു എൻജിനുകളിലുമായി 5 എഎംടി  വകഭേദങ്ങളില്‍ വാഗണ്‍ആര്‍ ലഭ്യമാണ്. ഇന്ധനക്ഷമത ലീറ്ററിന് 21.79 കിലോമീറ്റര്‍. വില 5.46 ലക്ഷം രൂപ മുതല്‍ 6.04 ലക്ഷം രൂപ വരെ.

English Summry: Automatic Cars Under 6 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com