ADVERTISEMENT

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ കമ്പനിയുടെ ആദ്യ വൈദ്യുത മിനി ബസായ കൺട്രി ഇലക്ട്രിക് ജന്മനാട്ടിൽ അരങ്ങേറ്റം കുറിച്ച്. 7,710 എം എം നീളമുള്ള ബസ്സിനു കരുത്തേകുന്നത് 128 കിലോവാട്ട് അവർ ശേഷിയുള്ള ലിതിയം അയോൺ പോളിമർ ബാറ്ററികളാണ്. ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടാൻ ബസിനു സാധിക്കുമെന്നാണു ഹ്യുണ്ടേയിയുടെ അവകാശവാദം.

വ്യത്യസ്ത സീറ്റിങ് ശൈലിയിൽ ബസ് ലഭ്യമാക്കാനാണു ഹ്യുണ്ടേയ് തയാറെടുക്കുന്നത്; 15 മുതൽ 33 മുതൽ ആളുകൾക്കു യാത്ര ചെയ്യാവുന്ന വകഭേദങ്ങളിൽ ‘കൺട്രി ഇലക്ട്രിക്’ വിപണിയിലുണ്ടാവും. ബാറ്ററി മൂലമുള്ള അധികഭാരം മുൻനിർത്തി ഇലക്ട്രോണിക് രീതിയിൽ നിയന്ത്രിക്കുന്ന, എയർ ഓവർ ഹൈഡ്രോളിക്(എ ഒ എച്ച്) ബ്രേക്ക് സംവിധാനം സഹിതമാണു ബസ്സിന്റെ വരവ്. 

പിന്നിൽ ഇരട്ട, സ്വിങ് ടൈപ് എമർജൻസ് ഡോർ, 220 എം എം ബാക്ക് റസ്റ്റ്, പുത്തൻ സീറ്റ് ബെൽറ്റ് സംവിധാനം എന്നിവയും ‘കൺട്രി ഇലക്ട്രിക്കി’ലുണ്ടാവും. ബാറ്ററിയിൽ ഓടുന്ന ബസ്സുകൾക്ക് സാധാരണഗതിയിൽ ശബ്ദം ഉണ്ടാവില്ലെങ്കിലും കൃത്രിമ ശബ്ദ സാന്നിധ്യത്തോടെയാണു ഹ്യുണ്ടേയ് ‘കൺട്രി ഇലക്ട്രിക്’ അവതരിപ്പിക്കുന്നത്. കാലൻനടയാത്രികർക്കു മുന്നറിയിപ്പ് നൽകാനും അപകടം ഒഴിവാക്കാനുമായി റിയർ പാർക്കിങ് അസിസ്റ്റ് സിസ്റ്റവും ബസ്സിലുണ്ടാവും. 

യാത്രക്കാർ കയറുമ്പോളും ഇറങ്ങുമ്പോളും വാതിൽ അടയുന്നത് തടയാനായി അൾട്രാ സോണിക് സെൻസറും ഹ്യുണ്ടേയ് ബസ്സിൽ ഘടിപ്പിക്കുന്നുണ്ട്. ശരീര/വസ്ത്ര ഭാഗങ്ങൾ വാതിലിനിടയിൽ കുടുങ്ങുന്നപക്ഷം അലാം മുഴങ്ങാനും അപകടമോ പരുക്കോ ഒഴിവാക്കാനായി വാതിൽ സ്വയം തുറക്കാനുമുള്ള സജ്ജീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. പോരെങ്കിൽ വാതിലിലെ സെൻസറിനെ ബസ്സിന്റെ ആക്സിലറേറ്ററുമായും ബന്ധിപ്പിച്ചിട്ടുണ്ട്; ഇതോടെ യാത്രക്കാർ കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന വേളയിൽ ബസ് നീങ്ങില്ലെന്നും ഹ്യുണ്ടേയ് ഉറപ്പാക്കുന്നു. 

അതിവേഗ(150 കിലോവാട്ട് അടിസ്ഥാനമാക്കിയ കോംബോ വൺ ഡി സി സിസ്റ്റം) ചാർജർ ഉപയോഗിച്ച് വെറും 72 മിനിറ്റിൽ ബസ്സിലെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാവുമെന്നാണു കമ്പനിയുടെ വാഗ്ദാനം. അതേസമയം, ഗാർഹിക കണക്ഷനിലെ 220 വോൾട്ട് ഔട്ട്ലെറ്റ് ഉപയോഗിച്ചാൽ ബാറ്ററി ചാർജ് ചെയ്യാൻ 17 മണിക്കൂർ വേണ്ടി വരും. 

കിടയറ്റ സുരക്ഷയ്ക്കൊപ്പം  ഡ്രൈവർക്കും യാത്രക്കാർക്കും മികച്ച സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന മലിനീകരണ വിമുക്തമായ ബസ് ആവും ‘കൺട്രി ഇലക്ട്രിക്’ എന്നു ഹ്യുണ്ടേയ് മോട്ടോർ വാണിജ്യ വാഹന പ്രോഡക്ട് ഗ്രൂപ് മേധാവിയും വൈസ് പ്രസിഡന്റുമായ യൂൻ ലീ അഭിപ്രായപ്പെട്ടു. വാണിജ്യ വാഹന വിഭാഗത്തിൽ വൈദ്യുത വാഹനങ്ങൾക്ക് ആവശ്യക്കാരേറുന്നതു മുൻനിർത്തിയാണു ഹ്യുണ്ടേയ് ‘കൺട്രി ഇലക്ട്രിക്’ പോലുള്ള മോഡലുകൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 

English Summary: Hyundai Electric Bus With 250 Km Range

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com