ADVERTISEMENT

തീ പാറുന്ന ആക്‌ഷന്‍ രംഗങ്ങളായിരുന്നു മാഡ് മാക്‌സ്: ഫ്യൂരി റോഡ് എന്ന സിനിമയുടെ പ്രത്യേകത; ഒപ്പം, സിനിമയ്ക്കുവേണ്ടി മാത്രം നിർമിച്ച വാഹനങ്ങളും. ഒരു വാഹന നി‌ർമാതാവും പുറത്തിറക്കാത്ത ഈ വാഹനങ്ങള്‍ പിന്നീട് സിനിമയുടെ അടയാളവും പോസ്റ്റര്‍ ബോയ്‌യുമായി മാറി. കംപ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ കാര്യമായ സഹായം തേടാതെയായിരുന്നു ഈ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്. ഈ വാഹനങ്ങളില്‍ പലതിനെയും 'മരണക്കെണി'യെന്നാണ് അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്.
മാഡ് മാക്‌സ് ബൈബിള്‍ എന്ന യുട്യൂബ് ചാനല്‍ അടുത്തിടെ ഒരു വിഡിയോ പുറത്തിറക്കിയിരുന്നു. ഫ്യൂരി റോഡിനു വേണ്ടി നിര്‍മിച്ച വാഹനങ്ങളെക്കുറിച്ചായിരുന്നു ഈ വിഡിയോ. ചിത്രീകരണ കാലത്തു മാത്രം പ്രവര്‍ത്തന ക്ഷമമായിരുന്ന വാഹനങ്ങളും ഇപ്പോഴും ഓടുന്നവയും മരണക്കെണിയെന്ന് വിളിക്കുന്നവയും നിര്‍മിച്ചെങ്കിലും സിനിമയില്‍ ഉപയോഗിക്കാതിരുന്നവയുമൊക്കെ ഈ പട്ടികയിലുണ്ട്.

ഗിഗാഹോഴ്‌സ്

ഫ്യൂരി റോഡില്‍ ഇമ്മോര്‍ട്ടന്‍ ജോയുടെ അതിവേഗതയുള്ള വാഹനമായാണ് ഗിഗാഹോഴ്‌സ് അവതരിപ്പിക്കപ്പെടുന്നത്. രണ്ട് കാഡിലാക്കുകൾ ചേർത്തുവച്ചാണ് ഇതു നിർമിച്ചിരിക്കുന്നത്. 1200 കുതിര ശക്തിയുള്ള വി 16 എൻജിനാണ് ഈ ഭീകരന് കരുത്തേകിയത്. ഷെവർലെയുടെ രണ്ട്, 502 ക്യുബിക് ഇഞ്ച് വി8 എൻജിനുകള്‍ ഇതിനായി കൂട്ടിയോജിപ്പിക്കുകയായിരുന്നു. കൂടെ രണ്ട് 8/71 സൂപ്പർചാർജറുകളും.

തുടക്കത്തിൽ TH400 ഗിയര്‍ബോക്‌സായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഓരോ ദിവസത്തെ ചിത്രീകരണത്തിന് ശേഷവും ഈ ഗിയര്‍ബോക്‌സ് അഴിച്ച് പണിയേണ്ടി വന്നു. അലിസണ്‍ ട്രക്കിന്റെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലേക്ക് ഗിയര്‍ സംവിധാനം മാറ്റിയാണ് ഈ തലവേദന അണിയറപ്രവര്‍ത്തകര്‍ പരിഹരിച്ചത്. ചിത്രത്തിന്റെ നിര്‍മാതാവ് കോളിന്‍ ഗിബ്‌സണ്‍ ഒരിക്കല്‍ അവകാശപ്പെട്ടത് അനുകൂല സാഹചര്യത്തില്‍ മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ ഗിഗാഹോഴ്‌സ് കുതിക്കുമെന്നാണ്. എന്നാല്‍, പുറത്തുവിട്ട വിവരങ്ങളനുസരിച്ച് യന്ത്രഭാഗങ്ങളുടെ പിന്തുണയില്‍ പരമാവധി മണിക്കൂറില്‍ 95 കിലോമീറ്ററായിരിക്കും ഇമ്മോര്‍ട്ടന്‍ ജോയുടെ വാഹനത്തിന്റെ വേഗമെന്നും വിഡിയോയില്‍ പറയുന്നു.

mad-max-1

ക്രാങ്കി ഫ്രാങ്ക്

ഫ്യൂരി റോഡില്‍ ഉപയോഗിച്ച മറ്റൊരു വാഹനമാണ് ക്രാങ്കി ഫ്രാങ്ക്. ഓസ്‌ട്രേലിയക്കാരായ കോളിന്‍ സ്‌നാപര്‍ മാകെയും വളര്‍ത്തുപുത്രന്‍ സാം സ്പുഡും ചേര്‍ന്നാണ് ഈ വിചിത്ര വാഹനം നിർമിച്ചത്. സിനിമയ്ക്ക് വേണ്ടിയായിരുന്നില്ല ഇത് നിർമിച്ചത്. കോളിനും സാമും തങ്ങളുടെ ആവശ്യത്തിനായി നിർമിച്ച വാഹനം മാ‍ഡ് മാക്സിൽ ഉപയോഗിക്കുകയായിരുന്നു. ന്യൂസൗത്ത് വെയില്‍സിലെ ഒരു ഗ്രാമ പ്രദേശത്ത് നാട്ടുകാരെ അദ്ഭുതപ്പെടുത്തി സ്വന്തം കൃഷിയിടത്തിലും മറ്റും പൊടിപറത്തി നടന്നിരുന്ന ക്രാങ്കി ഫ്രാങ്കിനെ ചെറിയ മാറ്റങ്ങളോടെ മാഡ് മാക്‌സ്: ഫ്യൂരി റോഡിന്റെ ഭാഗമാക്കുകയായിരുന്നു.

വി8 എൻജിനാണ് ക്രാങ്കി ഫ്രാങ്കിന്റെ ശക്തി. ബോണറ്റില്ലാത്ത വാഹനത്തിന്റെ നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന ജിഎം 8വി92 സൂപ്പര്‍ചാര്‍ജറിന്റെ നേരെ പിന്നിലായിരുന്നു ഡ്രൈവര്‍ സീറ്റ്. രണ്ട് റേഡിയേറ്ററുകളായിരുന്നു ക്രാങ്കി ഫ്രാങ്കിന്റെ ചൂടു കുറയ്ക്കാന്‍ ഉപയോഗിച്ചിരുന്നത്. ഈ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നിലുള്ള കാഴ്ചകള്‍ കാര്യമായൊന്നും കാണാനാവില്ലെന്നതാണ് പ്രധാന വെല്ലുവിളി. കാഴ്ച മറക്കുന്ന തൊട്ടു മുന്നിലെ സൂപ്പര്‍ ചാര്‍ജറിനൊപ്പം കാറിന്റെ മേല്‍ക്കൂരയ്ക്കും താഴ്ഭാഗത്തിനുമിടയിലൂടെ ആകെ 18.5 സെന്റീമീറ്റര്‍ മാത്രമാണ് വിടവുള്ളത്. വാഹനം എങ്ങോട്ടാണ് പോകുന്നതെന്നറിയണമെങ്കില്‍ ക്രാങ്കി ഫ്രാങ്കിയുടെ ഡ്രൈവര്‍ക്ക് ഏതെങ്കിലും വശത്തേക്ക് ചെരിഞ്ഞ് പുറത്തേക്ക് നോക്കണമായിരുന്നു!

mad-max-2

പേസ്‌മേക്കര്‍

ഫ്യൂരി റോഡിലെ ബുള്ളറ്റ് ഫാര്‍മറുടെ വാഹനമാണ് പേസ് മേക്കര്‍. അമേരിക്കന്‍ സേന ഉപയോഗിക്കുന്ന ഇവി 1(എക്‌സ്ട്രീം വെഹിക്കിള്‍) നെ അടിസ്ഥാനപ്പെടുത്തിയാണ് പേസ് മേക്കർ നിർമിച്ചത്. 2.50 ലക്ഷം ഡോളര്‍ വിലയുള്ള ഇ.വി 1ന് വേണ്ടി ഫ്യൂരി റോഡിന്റെ നിര്‍മ്മാതാവ് കോളിന്‍ ഗിബ്‌സണ്‍ മുടക്കാന്‍ തയ്യാറായത് 1.20 ലക്ഷം ഡോളറായിരുന്നു. ഈ തുകയ്ക്ക് ഇവി1 നിർമാതാക്കളായ എച്ച് ആന്‍ഡ് എച്ച് സമ്മതിച്ചു. പക്ഷേ ക്ലച്ച് പാക്ക് അടക്കമുള്ള ചില ഘടകങ്ങളില്ലാതെയാണ് ഇവി 1 കൈമാറിയത്.
ചിത്രീകരണത്തിനിടയിലും മറ്റും ഇവി1 അണിയറപ്രവര്‍ത്തകര്‍ക്കുണ്ടാക്കിയ തലവേദന ചില്ലറയല്ല. പൊടികയറി എൻജിന്‍ മാറ്റി പണിയേണ്ടി വന്നു. ഒരു വശത്തെ ടാങ്ക് ട്രാക്ക് പൊട്ടി. ഇതോടെ വീണ്ടും ഈ വാഹനത്തെ ചെറിയ രൂപത്തിലേക്ക് പുതുക്കി പണിയേണ്ടി വന്നു.

വാർ റിഗ്

ടാട്ര ടി 815 ട്രിക്കിലാണ് വാർ റിഗ് എന്നു വിളിക്കുന്ന ഈ വാഹനം നിർമിച്ചത്. ഒറിജിനൽ എൻജിന് പകരം 600 എച്ച്പിയുടെ എൻജിൻ ഘടിപ്പിച്ചു. രണ്ട് ടർബയിൻ ഫാനുകൾ ഉപയോഗിക്കുന്ന എയർകൂൾഡ് എൻജിനാണ് ഇത്. രണ്ട് സൂപ്പർചാർജറുകൾ മുന്നിൽ കാണാമെങ്കിലും അത് എൻജിനുമായി ഘടിപ്പിച്ചിട്ടില്ല. ഇത്തരത്തിൽ മൂന്നു വാർ റിഗ്ഗുകളാണ് ചിത്രത്തിന് വേണ്ടി ഉണ്ടാക്കിയത്.

ഇവയടക്കം 150 ലേറെ വാഹനങ്ങളാണ് ഈ ചിത്രത്തിന് വേണ്ടി നിർമിച്ചത്. 2015 ൽ പുറത്തിറങ്ങിയ, ജോര്‍ജ് മില്ലര്‍ സംവിധാനം ചെയ്ത മാഡ് മാക്‌സ്: ഫ്യൂരി റോഡ് എന്ന ചിത്രം ആ വര്‍ഷത്തെ പത്ത് ഓസ്‌കര്‍ നോമിനേഷനുകളാണ് നേടിയത്. ഇതില്‍ ആറെണ്ണം സ്വന്തമാക്കുകയും ചെയ്തു. ഏതാണ്ട് 374 ദശലക്ഷം ഡോളറിലേറെ (ഏതാണ്ട് 2804 കോടി രൂപ) നേടിയിട്ടും നാല്‍പതു ദശലക്ഷം ഡോളര്‍ (ഏതാണ്ട് 300 കോടി രൂപ) നഷ്ടമാണ് ഫ്യൂരി റോഡിന്റെ കണക്കു പുസ്തകത്തിലുള്ളത്. ഫ്യൂരി റോഡിലെ ചില വാഹനങ്ങളുടെ മാത്രം കഥകള്‍ അറിയുമ്പോള്‍ തന്നെ ആ നഷ്ടത്തിലൊരു അദ്ഭുതവുമില്ലെന്ന് മനസ്സിലാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com