ADVERTISEMENT

പെട്രോൾ എൻജിനുമായി മാരുതി സുസുക്കി എസ്‍ക്രോസ് എത്തുന്നു. ഉടൻ പുറത്തിറങ്ങുന്നതിന് മുന്നോടിയായി വാഹനത്തിന്റെ ബുക്കിങും മാരുതി സ്വീകരിച്ചു തുടങ്ങി. ഓൺലൈനായോ നെക്സ ‍ഡീസൽഷിപ്പ് വഴിയോ 11000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. അടുത്ത തലമുറ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതിക വിദ്യയോടു കൂടിയ ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റർ പെട്രോൾ എൻജിനായിരിക്കും വാഹനത്തിന് കരുത്തേകുക. ഇതുവരെ ഡീസൽ എൻജിനോടെ മാത്രം ലഭ്യമായിരുന്ന എസ് ക്രോസ് മേലിൽ പെട്രോൾ എൻജിനോടെ മാത്രമാവും വിൽപനയ്ക്കുണ്ടാകുക.

കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി പെട്രോൾ എൻജിനുള്ള എസ് ക്രോസ് അനാവരണം ചെയ്തത്. ഏപ്രിലോടെ കാർ വിൽപനയ്ക്കെത്തിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് 19 മഹാമാരി പടർന്നതോടെ പെട്രോൾ എസ് ക്രോസ് അവതരണം ജൂലൈ 29ലേക്കു മാറ്റി. എന്നാൽ ഓഗസ്റ്റ് അഞ്ചിനാവും കാർ അരങ്ങേറ്റം കുറിക്കുകയെന്നാണു കമ്പനിയുടെ പ്രഖ്യാപനം.

ഇതുവരെ ഫിയറ്റിൽ നിന്നു കടമെടുത്ത 1.3 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനാണ് എസ് ക്രോസിനു കരുത്തേകിയിരുന്നത്. എന്നാൽ ഈ എൻജിൻ ബിഎസ്ആറ് നിലവാരത്തിലേക്ക് ഉയർത്താത്ത സാഹചര്യത്തിലാണു മാരുതി സുസുക്കി എസ് ക്രോസിലും കെ 15 ബി പെട്രോൾ എൻജിൻ ഘടിപ്പിക്കുന്നത്. സിയാസിലൂടെ അരങ്ങേറിയ ഈ 1.5 ലീറ്റർ ബിഎസ്ആറ് പെട്രോൾ എൻജിന് 105 ബി എച്ച് പി വരെ കരുത്തും 138 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഒപ്പം നാലു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സ് സഹിതവും പെട്രോൾ എൻജിനുള്ള എസ് ക്രോസ് ലഭ്യമാവും എന്നാൽ പ്രതീക്ഷിക്കുന്നത്. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ വകഭേദങ്ങളിൽ എത്തുന്ന ‘എസ് ക്രോസി’ന്റെ മൂന്നു മുന്തിയ പതിപ്പുകൾ മാത്രമാണ് ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെ ലഭ്യമാവുക.

ഡീസൽ എൻജിനുള്ള എസ് ക്രോസിന് 8.81 ലക്ഷം മുതൽ 11.44 ലക്ഷം രൂപ വരെയായിരുന്നു ഡൽഹിയിലെ ഷോറൂം വില. എൻജിൻ പെട്രോളാവുന്നതോടെ വിലയിൽ നേരിയ കുറവിനാണു സാധ്യത. 8.50 ലക്ഷം രൂപ മുതലാവും എസ് ക്രോസ് വിൽപനയ്ക്കെത്തിയേക്കും. പെട്രോൾ എൻജിൻ ഘടിപ്പിച്ചതോടെ വാഹനത്തിനു നീളമേറിയത് വിറ്റാര ബ്രേസയുടെ വിലവർധനയ്ക്കു വഴി വച്ചിരുന്നു. നാലു മീറ്ററിൽ താഴെ നീളമുള്ള വാഹനങ്ങൾക്കുള്ള നികുതി ഇളവ് നഷ്ടമായതായിരുന്നു പ്രശ്നം. എന്നാൽ 4.2 മീറ്റർ നീളമുള്ള എസ് ക്രോസിന് എൻജിൻ മാറ്റം നികുതി നിരക്കിൽ വ്യത്യാസമൊന്നും വരുത്തില്ല. 8.49 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വിലമതിക്കുന്ന റെനോ ഡസ്റ്ററിനോടാവും പുതിയ എസ് ക്രോസിന്റെ മത്സരം.

English Summary: Maruti Suzuki S Cross Petrol Booking Opens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com