ADVERTISEMENT

ബാപ്പയ്ക്കു നാടു ചാർത്തിയ വിളിപ്പേരു നിലനിർത്താൻ, പേരിനു കാരണമായ വാഹനം പൊളിച്ചു മകൻ കട നിർമിച്ചതാണ് ഈ കഥ. ഒരു കാലത്ത് കേരളത്തിന്റെ ആഡംബരവും പ്രൗഢിയുമായിരുന്ന വില്ലിസ് ജീപ്പും ഇതിന്റെ നമ്പറായ 510 ആണ് വണ്ടിപ്പെരിയാർ മുല്ലയ്ക്കൽ നൗഷാദിനെ നാട്ടിലെ താരമാക്കിയിരുന്നത്. ഹൈറേഞ്ചുകളിൽ കരുത്തുകാട്ടി ജീപ്പ് അടക്കി വാണിരുന്ന കാലം. പ്രധാന ഡ്രൈവർമാരെല്ലാം  ഉപയോഗിക്കുന്ന ജീപ്പിന്റെ നമ്പറിന്റെ പേരിൽ അറിയപ്പെടുന്നതായിരുന്നു നാട്ടുരീതി.

510 റജിസ്ട്രഷൻ നമ്പറുള്ള വില്ലിസ് ജീപ്പ് ഓടിച്ചിരുന്ന മുല്ലയ്ക്കൽ നൗഷാദ് ആദ്യം 510 നൗഷാദ് എന്ന പേരിലും പിന്നീട് 510 എന്ന ചുരുക്കപ്പേരിലും അറിയപ്പെടാൻ തുടങ്ങി. 16 വർഷം മുൻപ് നൗഷാദ് അന്തരിച്ചു. മകൻ നൗഫൽ വ്യാപാരവുമായി നാട്ടിൽ സജീവമായി. പിതാവിനെക്കുറിച്ചു നാട്ടുകാരുടെ ബഹുമാനം കലർന്ന ഓർമ നിലനിർത്താൻ എന്തു ചെയ്യണമെന്ന ചിന്തയുമായി ഏറെ നാൾ നടന്നു. ഒടുവിൽ മൂന്നു പതിറ്റാണ്ടിലേറെയായി കൈവശമിരുന്ന ജീപ്പ് പൊളിക്കാൻ തീരുമാനമെടുത്തു. 

നമ്പർ പ്ലേറ്റ് അടങ്ങിയ മുൻവശം ഉപയോഗിച്ച് ഒരു കട നിർമിച്ചു. അങ്ങനെ കോട്ടയം –കുമളി റോഡിൽ വണ്ടിപ്പെരിയാർ കക്കി കവലയിലെ നൗഫലിന്റെ സ്പൈസസ് ഷോപ്പിനു വേറിട്ട മുഖമായി. ഇതു വഴി കടന്നു പോകുന്നവർ ഈ കട കണ്ടു ആദ്യം ഒന്ന് അമ്പരക്കും, പിന്നെ എന്താണ് ഇതിന്റെ പിന്നിലെന്ന് അന്വേഷിക്കും. കഥ അറിയുമ്പോൾ പിതൃസ്മരണ നെഞ്ചിലേറ്റി നടക്കുന്ന മകനു ഒരു നിറ പുഞ്ചിരി സമ്മാനിച്ചു ഇവർ മടങ്ങും. പക്ഷേ ഇപ്പോൾ നാട്ടിലെ ചർച്ച ഇവിടം കൊണ്ടു അവസാനിക്കുന്നില്ല രണ്ടാം തലമുറയും 510 ആയി അറിയപ്പെടുമോയെന്നാണ് പുതിയ വർത്തമാനം.

English Summary: Story Behind Old Willys Jeep Shop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com