ADVERTISEMENT

സൂപ്പര്‍ഹീറോകള്‍ പലതുണ്ടെങ്കിലും സൂപ്പര്‍ വാഹനങ്ങള്‍ സ്വന്തമായുള്ള സൂപ്പര്‍ ഹീറോകളുടെ കൂട്ടത്തില്‍ ബാറ്റ്മാന്‍ ഒരു പടി മുന്നില്‍ നില്‍ക്കും. കരയിലും കടലിലും വായുവിലും ഓടുന്ന വാഹനങ്ങള്‍ ബാറ്റ്മാന്റെ ശേഖരത്തിലുണ്ട്. ആരാധകരെ അമ്പരപ്പിച്ച ബാറ്റ്‌മൊബീലുകളെ പരിചയപ്പെടാം. 

ബാറ്റ് കോപ്റ്റര്‍

1966ലെ ബാറ്റ്മാന്‍; ദി മൂവി എന്ന ചിത്രത്തിലാണ് ഈ ബാറ്റ് കോപ്റ്റര്‍ ഉള്ളത്. അരനൂറ്റാണ്ട് മുമ്പിറങ്ങിയ ഈ മുഴുനീള ബാറ്റ്മാന്‍ ചിത്രത്തില്‍ നിരവധി വാഹനങ്ങളെത്തുന്നുണ്ട്. ഇതിന്റെ കൂട്ടത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഒരു ഹെലിക്കോപ്റ്ററും അവതരിപ്പിക്കുന്നുണ്ട്. 20th സെഞ്ചുറി ഫോക്‌സിന്റെ ഉടമസ്ഥതതയിലില്ലാത്ത ബാറ്റ്മാന്‍ വാഹനവും കൂടിയായിരുന്നു അത്. പിന്നീട് പ്രസിദ്ധമായ ബാറ്റ്‌മൊബീലുകളിലെ കറുത്ത നിറവും വവ്വാലിന്റെ രൂപസാദൃശ്യവും ഇല്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട ബാറ്റ്മാന്‍ വാഹനങ്ങളിലൊന്നായിരുന്നു ഈ ബാറ്റ്‌കോപ്റ്റര്‍. 

ബാറ്റ്മിസൈല്‍

1992ല്‍ ഇറങ്ങിയ ബാറ്റ്മാന്‍ റിട്ടേണ്‍സ് എന്ന ചിത്രത്തിലാണ് ബാറ്റ്മിസൈല്‍ ഉള്ളത്. പൂജ്യത്തില്‍ നിന്നും 60 മൈല്‍ വേഗത്തിലെത്താന്‍ വെറും 3.7 സെക്കന്റ് മാത്രം വേണ്ട ഈ ബാറ്റ്മിസൈലിന്റെ പരമാവധി വേഗത മണിക്കൂറില്‍ 330 മൈല്‍(531 കിലോമീറ്റര്‍) ആയിരുന്നു.  മിക്കപ്പോഴും കാഴ്ച്ചക്കാരെ ഞെട്ടിക്കുന്ന ഒരു പ്ലാന്‍ ബി ഉള്ള സൂപ്പര്‍ഹീറോയാണ് ബാറ്റ്മാന്‍. ബാറ്റ്മാന്‍ റിട്ടേണ്‍സില്‍ പെന്‍ഗ്വിന്‍ ബാറ്റ്മാന്റെ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഒരു രംഗമുണ്ട്. നിരത്തിലെ നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച് പോകുന്ന ബാറ്റ്മാന്റെ വാഹനത്തെ ഗോഥം സിറ്റി പൊലീസ് പിന്തുടരുന്നു. ഒടുവില്‍ ഒരു ബൈക്കിന് കഷ്ടി കടക്കാവുന്ന ഒരു പഴുതിലേക്ക് എത്തുന്നതോടെ ബാറ്റ്മാന്‍ പിടിയിലായെന്ന എല്ലാവര്‍ക്കുമുണ്ടാകും. പൊടുന്നനെ നാലുചക്ര വാഹനത്തെ ബാറ്റ്മിസൈലാക്കിയാണ് ബാറ്റ്മാന്‍ പൊലീസിനേയും കാഴ്ച്ചക്കാരേയും ഞെട്ടിക്കുന്നത്. 

batmobile-2

ബാറ്റ്‌ സ്‌കൈബോട്ട്

1992ലെ ബാറ്റ്മാന്‍ റിട്ടേണ്‍സില്‍ തന്നെയാണ് ബാറ്റ്‌ സ്‌കൈ ബോട്ടിനേയും കാണാനാവുക. 25 അടിയോളം നീളവും 16 അടിവീതിയുമുള്ള താരതമ്യേന വലിയ ബാറ്റ് മൊബീലാണിത്. ചിത്രത്തിലെ എതിരാളിയായ പെന്‍ഗ്വിന്റെ ഭൂഗര്‍ഭ സങ്കേതം തകര്‍ക്കാനാണ് ബാറ്റ്‌സ്‌കൈബോട്ടിനെ ഉപയോഗിക്കുന്നത്. ചാര പോര്‍വിമാനത്തിന്റെ മാതൃകയാണ് ബാറ്റ്‌സ്‌കൈ ബോട്ടിനുള്ളത്. 

ബാറ്റ്‌ബോട്ട്

ബാറ്റ്മാന്‍ ഫോര്‍എവര്‍ ചിത്രത്തില്‍ ചെറിയൊരു ഭാഗത്ത് മാത്രമാണ് ബാറ്റ്‌ബോട്ട് പ്രത്യക്ഷപ്പെടുന്നത്. ബാറ്റ്മാനല്ല റോബിനാണ് ഈ ബോട്ട് ഓടിക്കുന്നത്. എങ്കില്‍ പോലും ബാറ്റ്മാന്‍ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു വാഹനമാണിത്. വാല്‍ ഭാഗത്തെ പ്രത്യേക ബാറ്റ് ഡിസൈനും വെള്ളത്തിലൂടെ പറക്കുന്ന ഈ ബാറ്റ്‌ബോട്ടിനുണ്ട്. 

batmobile-3

ബാറ്റ്‌വിങ്

ബാറ്റ്മാന്‍ വാഹനങ്ങളില്‍ കളിപ്പാട്ടമായി ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് ബാറ്റ്‌വിങായിരിക്കും. വവ്വാലിന്റെ ആകൃതിയിലുള്ള ഈ ബാറ്റ്മാന്റെ വിമാനം 1989ല്‍ ഇറങ്ങിയ ബാറ്റ്മാനിലും മൂന്നു വര്‍ഷത്തിന് ശേഷം വന്ന ബാറ്റ്മാന്‍ റിട്ടേണ്‍സിലുമാണുള്ളത്. ഇതില്‍ ആദ്യചിത്രത്തിന്റെ അവസാനത്തില്‍ ബാറ്റ്‌വിങ് തകരുന്നുണ്ടെങ്കിലും രണ്ടാം ചിത്രത്തില്‍ കൂടുതല്‍ ആയുധങ്ങളുമായി ബാറ്റ്‌വിങ് തിരിച്ചുവരവ് നടത്തുന്നുണ്ട്.

ടംബ്ലാ

ബാറ്റ്മാന്‍ വാഹനങ്ങളില്‍ ഒരു സൂപ്പര്‍കൂളായ വാഹനമാണ് ടംബ്ലാ. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളുടെ ബാറ്റ്മാന്‍ സീരീസിലാണ് ടംബ്ലാ പ്രത്യക്ഷപ്പെടുന്നത്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 60 മൈല്‍ വേഗത്തിലെത്താന്‍ 5.6 സെക്കന്റ് മാത്രം വേണ്ട ടംബ്ലായുടെ പരമാവധി വേഗം മണിക്കൂറില്‍ 160 മൈല്‍(257 കിലോമീറ്റര്‍) ആണ്. സൂപ്പര്‍കാറിന്റേയും സൈനിക വാഹനത്തിന്റേയും ചേരുവകളില്‍ നിന്നാണ് നോളന്‍ ടംബ്ലായെ കണ്ടെത്തിയത്. 

batmobile-1

ബാറ്റ്‌പോഡ്

ക്രിസ്റ്റഫര്‍ നോളന്റെ ബാറ്റ്മാന്‍ സീരീസിലുള്ള ചിത്രങ്ങളിലെ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങളിലൊന്നില്‍ ബാറ്റ്‌പോഡ് സജീവ സാന്നിധ്യമാണ്. ട്രക്കില്‍ ഹാര്‍വി ഡെന്റിനെ ജോക്കര്‍ കടത്തികൊണ്ടുപോകുന്നത് തടയാന്‍ ബാറ്റ്മാന്‍ ശ്രമിക്കുന്നു. ഇതിനിടെ ബാറ്റ്മാന്റെ ടംബ്ലാ ഇടിച്ചു തകരുന്നു. പിന്നീട് കാണുന്നത് ടംബ്ലാക്കുള്ളില്‍ നിന്നും ബാറ്റ്‌പോഡിലിരുന്ന് പുറത്തേക്ക് പായുന്ന ബാറ്റ്മാനെയാണ്. നാലു ചക്രവാഹനത്തെ ഇരുചക്രമാക്കുന്ന കാഴ്ച്ച നോളന്‍ പുനരാവിഷ്‌ക്കരികുമ്പോള്‍ അത് കാണേണ്ട കാഴ്ച്ചയായി മാറുന്നുണ്ട്. പിന്നീട് നടക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ബാറ്റ്മാന്‍ സീരീസിലെ എണ്ണം പറഞ്ഞ ഒന്നാണ്.

English Summary: Batmobiles Used in Batman Movies

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com