ADVERTISEMENT

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)ന്റെ പുത്തൻ കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹനം(എസ്‌യുവി) നവരാത്രി – ദീപാവലി ഉത്സവകാലത്ത് വിപണിയിലെത്തും. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രേസയുടെ ബാഡ്ജ് എൻജിനീയറിങ് രൂപാന്തരമാവും ടി കെ എം പുറത്തിറക്കുക. ഇന്ത്യൻ വിപണിക്കായി സങ്കര ഇന്ധന മോഡലുകളടക്കമുള്ള വാഹനങ്ങൾ പങ്കുവയ്ക്കാൻ 2018 മാർച്ചിലാണു ടൊയോട്ട മോട്ടോർ കോർപറേഷനും സുസുക്കി മോട്ടോർ കോർപറേഷനുമായി ധാരണയിലായത്. 

ഇതനുസരിച്ച് മാരുതി സുസുക്കി ഇന്ത്യയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയിൽ  പരിഷ്കാരങ്ങൾ വരുത്തി ഗ്ലാൻസ എന്ന പേരിൽ ടികെഎം വിൽപന തുടങ്ങി. ഈ ശ്രേണിയിലെ രണ്ടാമത്തെ മോഡലാവും വരുന്ന ഉത്സവകാലത്തോടെ ടി കെ എം വിൽപ്പനയ്ക്കെത്തിക്കുന്ന കോംപാക്ട് എസ്‌യുവി. നാലു മീറ്ററിൽ താഴെ നീളമുള്ള കോംപാക്ട് എസ് യു വി ഇന്ത്യയുടെ ഇഷ്ട വാഹനമാണെന്ന് ടി കെ എം സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) നവീൻ സോണി അഭിപ്രായപ്പെട്ടു. രാജ്യത്തെ മൊത്തം യാത്രാവാഹന വിൽപ്പനയിൽ 11 ശതമാനത്തോളം ഈ വിഭാഗത്തിന്റെ സംഭാവനയാണ്.

അതുകൊണ്ടുതന്നെ ഈ വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ടി കെ എം ഏറെനാളായി ആഗ്രഹിക്കുന്നുണ്ടെന്നും സോണി വ്യക്തമാക്കി. വരുന്ന ഉത്സവകാലത്തോടെ ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന വളർച്ചയാണ് എസ് യു വി വിഭാഗം രേഖപ്പെടുത്തുന്നത്. അതിൽതന്നെ നാലു മീറ്ററിൽ താഴെ നീളമുള്ള, എൻട്രി ലവൽ കോംപാക്ട് എസ് യു വി വിഭാഗം സ്ഥിരതയാർന്ന പ്രകടനമാണു കാഴ്ച വയ്ക്കുന്നതെന്നു സോണി വിശദീകരിച്ചു. 

പുതിയ മോഡലുകളുടെ അവതരണം വിപണിക്കാകെ തന്നെ ആവേശം പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ, സാഹചര്യം പ്രതികൂലമാണെങ്കിലും പുതിയ മോഡലുകളുടെ വരവ് വളർച്ചയ്ക്കു വഴിയൊരുക്കാറുണ്ട്. വളർച്ചാ സാധ്യതയേറിയ കോംപാക്ട് എസ് യു വി വിഭാഗത്തിൽ സാന്നിധ്യമില്ലാത്തതിനാൽ ഈ അരങ്ങേറ്റം ടൊയോട്ടയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും സോണി വ്യക്തമാക്കി. ഉത്സവകാലമാകുമ്പോഴേക്ക് രാജ്യത്തെ ‘കോവിഡ് 19’ പരിസ്ഥിതിയിലും മാറ്റമുണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ ഒരു വർഷത്തിനിടെ കാൽ ലക്ഷത്തിലേറെ ‘ഗ്ലാൻസ’ വിൽക്കാനായതും ടി കെ എമ്മിന് ആത്മവിശ്വാസം പകരുന്നുണ്ട്. 

ഗ്ലാൻസ ഉപയോക്താക്കളിൽ പകുതിയോളം ആദ്യമായാണു ടൊയോട്ട കാർ സ്വന്തമാക്കുന്നതെന്നും സോണി വെളിപ്പെടുത്തി. പുതിയ കോംപാക്ട് എസ് യു വിയിലും സമാന സാധ്യതയാണു ടൊയോട്ട കണക്കുകൂട്ടുന്നത്. സവിശേഷമായ ടൊയോട്ട അനുഭവം ഉറപ്പാക്കി കൂടുതൽ പേരെ പുത്തൻ കോംപാക്ട് എസ് യു വിയിലേക്ക് ആകർഷിക്കാനാവുമെന്നും സോണി കരുതുന്നു.

English Summary: Toyota Urban Cruiser SUV In Festive Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com