ADVERTISEMENT

രൂപമാറ്റം വരുത്തിയ ബൈക്ക്, ഹെൽമറ്റ് വയ്ക്കാതെ ഓടിച്ച പെൺകുട്ടിക്ക് 20,500 രൂപ പിഴ ചുമത്തിയത് നിയമലംഘനം പ്രോത്സാഹിപ്പിച്ചതിനെന്ന് മോട്ടർവാഹന വകുപ്പ്. ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് മോട്ടർ വാഹനവകുപ്പ് ഇക്കാര്യം പറഞ്ഞത്.

രൂപ മാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ പെൺകുട്ടി ബൈക്ക് ഓടിക്കുന്ന വിഡിയോ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണു നടപടി സ്വീകരിച്ചത്. 

ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻ‌സാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്നു പരിശോധനയിൽ കണ്ടെത്തി. ഗിയർ ഉള്ള ബൈക്ക് ഓടിച്ചതിനു 10,000 രൂപ, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് 10000, ഹെൽമറ്റ് ഇല്ലാത്തതിന് 500 എന്നിങ്ങനെ ആകെ 20,500 രൂപയാണ് പിഴ ചുമത്തിയത്.  പരാതി വിഡിയോ സഹിതം മോട്ടർ വാഹന വകുപ്പിനു ലഭിച്ചതോടെ നടപടി സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് ആർടിഒ ഡി.മഹേഷ് നിർ‌ദേശിക്കുകയായിരുന്നു. എംവിഐ സുമോദ് സഹദേവൻ, എഎംവിഐമാരായ എസ്.ബിനോജ്, എസ്.യു.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പിടിക്കപ്പെടുന്നതും അല്ലാത്തതുമായ നിരവധി ട്രാഫിക് നിയമലംഘനങ്ങൾ നടക്കുന്ന നാട്ടിൽ ഇക്കാര്യത്തിൽ മാത്രമെന്തിന് ഒരു ഫേസ്ബുക്ക് പോസ്റ്റ് എന്ന് ചിന്തിക്കുന്ന പലരും കാണും. നമ്മുടെ നാട്ടിൽ നടക്കുന്ന ആയിരക്കണക്കിന് ട്രാഫിക്ക് നിയമ ലംഘനങ്ങൾ പിടികൂടുന്നുണ്ടെങ്കിലും, എല്ലാം പിടികൂടാനവശ്യമായ ആൾബലമോ ക്യാമറ സംവിധാനങ്ങളോ മോട്ടോർ വാഹന വകുപ്പിനില്ല. പക്ഷേ ഒരാൾ നിരവധി നിയമ ലംഘനങ്ങൾ നടത്തി അത് ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിട്ട് മറ്റുള്ളവർക്ക് പ്രോൽസാഹനം നൽകുന്ന രീതിയിൽ പ്രചരിപ്പിക്കുമ്പോൾ കോവിഡ് നിയന്ത്രങ്ങളുമായി ബന്ധപ്പെട്ട ഡ്യൂട്ടികൾക്കിടയിലും അത് കാണാതെയിരിക്കാൻ കഴിയില്ല, കണ്ടില്ലെന്ന് നടിക്കുവാനും കഴിയില്ല. സേഫ് കേരള എൻഫോഴ്സ്മെന്റ് ആർടിഒ ശ്രീ. മഹേഷ് ഡി യുടെ നിർദ്ദേശപ്രകാരം എംവിഐയായ സുമോദ് സഹദേവൻ, എഎംവിഐമാരായ എസ് ബിനോജ്, എസ് യു അനീഷ് എന്നിവരാണ് നടപടി സ്വീകരിച്ചത്.

ഒരു പക്ഷേ ഏറ്റവും ലാഘവത്തോടെയാവാം ചെറിയ ഒരു വിഭാഗം എങ്കിലും നിയമത്തെ കാണുന്നത്, റോഡ് നിയമലംഘനം മൂലം ജീവൻ നഷ്ടപ്പെട്ട, അല്ലെങ്കിൽ നിത്യ ശയ്യാവലംബികളായവരെ ഒരു നിമിഷം ഓർക്കുക, യുവതയുടെ ഊർജ്ജം രാഷ്ട്ര നിർമാണ പ്രവർത്തനങ്ങളിൽ ചെലവഴിക്കാം, എല്ലാവരും നിങ്ങളിൽ ആണ് പ്രതീക്ഷ, അർപ്പിച്ചിരിക്കുന്നത്അത് പ്രളയകാലത്ത് നിങ്ങൾ സാക്ഷ്യപ്പെടുത്തിയതുമാണ്. നമുക്ക് നിയമമനുസരിച്ച് സുരക്ഷിതമായി വാഹനം ഉപയോഗിക്കുന്ന ചിത്രങ്ങൾ വൈറൽ ആക്കാം, നിങ്ങളിൽ നിന്ന് ഞങ്ങൾ അതാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ കുടുംബവും.

English Summary: Motor Vehicle Dept About 20500 Fine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com