ADVERTISEMENT

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എംആൻഡ്എം)യുടെ സ്പോർട് യൂട്ടിലിറ്റി വാഹനമായ ഥറിന്റെ പുതിയ പതിപ്പ് സ്വാതന്ത്യ്ര ദിനത്തിൽ അരങ്ങേറ്റം കുറിക്കും. സാങ്കേതികവിദ്യയിലും യാത്രാസുഖത്തിലും സുരക്ഷാ നിലവാരത്തിലുമൊക്കെ വൻകുതിച്ചു ചാട്ടത്തിനാണു പുത്തൻ ഥാർ തയാറെടുക്കുന്നതെന്നു നിർമാതാക്കൾ അവകാശപ്പെട്ടു. അതേസമയം തന്നെ ഥാറിന്റെ ഓഫ് റോഡ് ക്ഷമതയിലോ പാരമ്പര്യത്തിന്റെ പകിട്ടുള്ള രൂപകൽപ്പനയിലോ വിട്ടുവീഴ്ചയൊന്നും ചെയ്തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. 

ഈ വർഷം ആദ്യം തന്നെ പുതിയ ഥാർ വിൽപനയ്ക്കെത്തിക്കാനായിരുന്നു മഹീന്ദ്രയുടെ പദ്ധതി. എന്നാൽ കൊറോണ വൈറസ് വ്യാപനവും തുടർന്നുള്ള ലോക്ഡൗണുമൊക്കെ കമ്പനിക്കു തിരിച്ചടിയായി. കാത്തിരിപ്പിനു നീളമെറിയെങ്കിലും ഈ 15നു തന്നെ പുതിയ ഥാർ അനാവരണം ചെയ്യാനുള്ള തയാറെടുപ്പിലാണു മഹീന്ദ്ര. നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ച് സെപ്റ്റംബർ – ഒക്ടോബറോടെ പുത്തൻ ഥാർ രാജ്യവ്യാപകമായി വിൽപനയ്ക്കെത്തുമെന്നാണു സൂചന. പുതിയ ഥാറിലൂടെ വിശാല വിപണിയാണു കമ്പനി ലക്ഷ്യമിടുന്നതെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡോ പവൻ ഗോയങ്ക വെളിപ്പെടുത്തി. അടിയുറച്ച ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്നവരെ കൂടി ആകർഷിക്കാൻ പോന്നതാണു പുതിയ മോഡൽ. 

നിലവിലുള്ള ഥാർ സുഖസൗകര്യങ്ങളിലും സംവിധാനങ്ങളിലും മുന്നിലായിരുന്നില്ലെന്ന് അദ്ദേഹം അംഗീകരിക്കുന്നു. അതുകൊണ്ടുതന്നെ മുഖ്യധാരാ വാഹനങ്ങളോടു കിട പിടിക്കുന്ന വിധത്തിലാവും പുതിയ ഥാറിന്റെ വരവ്. അതോടെ വീടുകളിലെ മൂന്നാമത്തെയോ നാലാമത്തെയോ വാഹനമായി മാറുകയെന്ന നിയോഗം ഥാറിനെ വിട്ടൊഴിയുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. ആധുനിക സൗകര്യങ്ങളെല്ലാം ഉറപ്പാക്കുമ്പോളും ഥാറിന്റെ ജനതികഘടനയെ സ്പർശിച്ചിട്ടേയില്ലെന്നും ഗോയങ്ക ഉറപ്പു നൽകുന്നുണ്ട്. ‌യഥാർഥ ഥാറിൽ സുഖസൗകര്യങ്ങൾ നാമമാത്രമായിരുന്നെങ്കിൽ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, കളർ മൾട്ടി ഇൻഫൊ ഡിസ്പ്ലേ, റിയർ പാർക്കിങ് മിറർ, പവർ ഫോൾഡിങ് മിറർ എന്നിവയൊക്കെയായിട്ടാവും പുതിയ ഥാറിന്റെ വരവ്. മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർ ബാഗ്, എ ബി എസ്, പിന്നിൽ പാർക്കിങ് സെൻസർ തുടങ്ങിയവയുമുണ്ടാവും. അഴിച്ചു നീക്കാൻ കഴിയുംവിധമുള്ള, ഫാക്ടറി ഫിറ്റഡ് ഹാർഡ് ടോപ്പും പുത്തൻ ഥാറിൽ പ്രതീക്ഷിക്കാം. 

മുമ്പ് ഡീസൽ എൻജിനും മാനുവൽ ട്രാൻസ്മിഷനും മാത്രമായിരുന്നു ഥാറിന്റെ പവർ ട്രെയ്ൻ. എന്നാൽ പുതിയ ഥാറിൽ വ്യത്യസ്ത എൻജിൻ – ട്രാൻസ്മിഷൻ സാധ്യതകളും മഹീന്ദ്ര വാഗ്ദാനം ചെയ്യും. പെട്രോൾ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതവും ഈ എസ് യു വി വിൽപ്പനയ്ക്കുണ്ടാവും. മഹീന്ദ്രയുടെ എം സ്റ്റാലിയൻ ശ്രേണിയിലെ രണ്ടു ലീറ്റർ പെട്രോൾ എൻജിനും കൂട്ടായി ആറു സ്പീഡ് മാനുവൽ ഗീയർ ബോക്സുമാണു ഥാറിൽ ഇടംപിടിക്കുക. ഓപ്ഷൻ വ്യവസ്ഥയിൽ ഓട്ടമാറ്റിക് ഗീയർബോക്സും ലഭ്യമാക്കും. 

ഥാറിന്റെ ഡീസൽ വകഭേദങ്ങൾക്കു കരുത്തേകുക 2.2 ലീറ്റർ, 140 ബി എച്ച് പി, എം ഹോക്ക് എൻജിനാവും. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാവും ഈ എൻജിനു കൂട്ട്. ഓപ്ഷനൽ വ്യവസ്ഥയിൽ ഐസിനിൽ നിന്നു സംഘടിപ്പിച്ച ആറു സ്പീഡ് ടോർക് കൺവെർട്ടർ ഗീയർബോക്സും ലഭ്യമാക്കും. പെട്രോൾ, ഡീസൽ എൻജിൻ ഭേദമില്ലാതെ ഫോർ വീൽ ഡ്രൈവ് ലേ ഔട്ടോടെ ഥാർ വിൽപ്പനയ്ക്കുണ്ടാവും. 

English Summary: Next Gen Mahindra Thar in August 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com