ADVERTISEMENT

ഇന്ത്യയിലെ നിർമാണ പ്രവർത്തനം നിർത്തുകയാണെന്ന് ഇതിഹാസമാനങ്ങളുള്ള അമേരിക്കൻ മോട്ടോർ സൈക്കിൾ ബ്രാൻഡായ ഹാർലി ഡേവിഡ്സൻ. 2012ൽ ഹരിയാനയിലെ ബാവലിൽ സ്ഥാപിച്ച അസംബ്ലിങ് പ്ലാന്റ് പ്രവർത്തനം അവസാനിപ്പിക്കുന്നതോടൊപ്പം ഗുരുഗ്രാമിലെ വിൽപന ഓഫിസിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ രണ്ടിടത്തുമായി എഴുപതോളം തൊഴിലവസരങ്ങളാണു നഷ്ടമാവുക. ഇന്ത്യയിലെ പ്രവർത്തനം പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇടപാടുകാരെ അറിയിക്കുമെന്നും ഹാർലി ഡേവിഡ്സൻ അറിയിച്ചു. ഒപ്പം മോട്ടോർ സൈക്കിൾ ഉടമസ്ഥർക്കു സേവനം ലഭ്യമാക്കാൻ ഡീലർഷിപ് ശൃംഖല തുടരുമെന്നും ഹാർലി ഡേവിഡ്സൻ ഇന്ത്യ വ്യക്തമാക്കി. 

പ്രവർത്തന ശൈലിയും വിപണി ഘടനയും പരിഷ്കരിക്കാൻ ലക്ഷ്യമിടുന്ന ‘ദ് റീവയർ’ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിൽ വിവിധ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്നാണു ഹാർലി ഡേവിഡ്സന്റെ വിശദീകരണം. ഇന്ത്യയിലെ ബിസിനസ് മോഡൽ മാറ്റുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾക്കു മികച്ച സേവനം തുടർന്നും ലഭ്യമാക്കാനുള്ള മാർഗങ്ങളും കമ്പനി വിലയിരുത്തി വരികയാണ്. വിപണിയിലെത്തി വർഷം 11 കഴിഞ്ഞിട്ടും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാതെ പോയ സാഹചര്യത്തിൽ ഹാർലി ഡേവിഡ്സൻ ഇന്ത്യയിൽ നിലവിലെ രീതിയിൽ തുടരില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. 

യു എസ് ആസ്ഥാനത്തെ മുൻഗണനാക്രമത്തിൽ സംഭവിച്ച മാറ്റങ്ങളും കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കു വിഘാതം സൃഷ്ടിച്ചു. ദശാബ്ദത്തിലേറെയായി സാന്നിധ്യമുണ്ടായിട്ടും കാര്യമായ നേട്ടം കൈവരിക്കാത്ത സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നു പിൻമാറാനാണു ഹാർലി ഡേവിഡ്സന്റെ തീരുമാനം. രൂക്ഷമാവുന്ന മത്സരത്തെ അതിജീവിച്ചും വിപണിയിൽ തുടരുന്നതു നഷ്ടങ്ങൾ പെരുകാൻ വഴിവയ്ക്കുമെന്ന് കമ്പനിക്ക് ആശങ്കയുണ്ട്.

തരംഗം സൃഷ്ടിച്ച് അരങ്ങേറ്റം കുറിച്ച ഹാർലി ഡേവിഡ്സൻ പ്രാദേശികമായി നിർമാണശാല സ്ഥാപിച്ചതോടെ ആഗോളതലത്തിൽ തന്നെ ഇന്ത്യൻ സംരംഭത്തിന്റെ പ്രസക്തിയേറി; ‘സ്ട്രീറ്റ് 500’, ‘സ്ട്രീറ്റ് 750’ മോട്ടോർ സൈക്കിളുകളായിരുന്നു കമ്പനി ഇന്ത്യയ്ക്കായി രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചത്. എന്നാൽ തുടർന്നിങ്ങോട്ടു കാര്യമായ മുന്നേറ്റം കൈവരിക്കാൻ ഹാർലി ഡേവിഡ്സൻ ഇന്ത്യയ്ക്കായില്ല. വാർഷിക വിൽപ്പന ശരാശരി 3,000 യൂണിറ്റിലൊതുങ്ങിയതോടെ ലാഭക്ഷമതയും പ്രതിസന്ധിയിലായി. 

ആഗോളതലത്തിൽ തന്നെ രൂക്ഷമായ പ്രതിസന്ധിയിൽ നിന്നു കരകരയാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച ‘റീവയർ’ പദ്ധതിയിലൂടെ തന്ത്രപ്രധാന വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു ഹാർലി ഡേവിഡ്സൻ തയാറെടുക്കുന്നത്. ഇതോടെ ‘സി വി ഒ സ്പെഷൽ’ പോലുള്ള മോഡലുകളിലും ലാഭക്ഷമതയേറിയ യൂറോപ്പ്, ചൈന, ആഭ്യന്തര വിപണിയായ യു എസ് തുടങ്ങിയ മേഖലകളിലുമായിരിക്കും കമ്പനി ശ്രദ്ധയൂന്നുക. 

നിർമാണശാല പൂട്ടുകയും സെയിൽസ് ഓഫിസിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ചെയ്യുമെങ്കിലും ഹാർലി ഡേവിഡ്സൻ ഇന്ത്യയോടു വിട പറയാനുള്ള സാധ്യതയില്ല. പകരം ഇന്ത്യൻ പങ്കാളിയുമായി സഹകരിച്ച് ഈ വിപണിയിൽ പ്രവർത്തനം തുടരാനുള്ള ശ്രമങ്ങൾ കമ്പനി നടത്തുന്നുണ്ടെന്നാണു സൂചന. ഫെറാരിയും എം വി അഗസ്റ്റയും പോലുള്ള വിദേശ നിർമാതാക്കൾ പിന്തുടരുന്ന ശൈലി തന്നെ ഹാർലിയും സ്വീകരിച്ചേക്കും: മോട്ടോർ സൈക്കിൾ നേരിട്ടു വിൽക്കുകയും വിൽപ്പനാന്തര സേവനം ഇന്ത്യൻ പങ്കാളി വഴി ലഭ്യമാക്കുകയും ചെയ്യുക. അതേസമയം, ഹരിയാനയിലെ ശാല പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ ‘സ്ട്രീറ്റ് 750’ മോഡലും അരങ്ങൊഴിയാനാണു സാധ്യത. 

English Summary: Harley Davidson Cut Short Indian Operations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com