ADVERTISEMENT

ഈ വര്‍ഷമാദ്യം കൊറോണ പിടി മുറുക്കി തുടങ്ങിയ സമയം. ലണ്ടനില്‍ തൈംസ് നദിയുടെ തീരത്ത് വ്യായാമത്തിലായിരുന്നു സ്പാനിഷ് വ്യവസായി അലക്‌സാന്ദ്രോ അഗാഗും മക്‌ലാരനിലെ മുന്‍ മോട്ടോര്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ റോഡി ബാസോയും. അന്നത്തെ ചര്‍ച്ചകള്‍ക്കിടെയാണ് ഇരുവര്‍ക്കും ലോകത്തെ ആദ്യ ഇലക്ട്രിക് പവര്‍ ബോട്ട് ചാമ്പ്യന്‍ഷിപ് എന്ന ആശയം ലഭിക്കുന്നത്. അതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ സെപ്തംബര്‍ 25ന് പ്രഖ്യാപിക്കപ്പെട്ട മൊണോക്കോ യാച്ച് ക്ലബ്. കാര്യങ്ങള്‍ പ്രതീക്ഷിച്ച പടി നീങ്ങിയാല്‍ 2022ല്‍ ആദ്യ ഇലക്ട്രിക് പവര്‍ബോട്ട് ചാമ്പ്യന്‍ഷിപ്പ് യാഥാര്‍ഥ്യമാകും. 

electric-power-boat

ലോകം ശ്രദ്ധിച്ച രണ്ട് ഇലക്ട്രിക് റേസിംഗ് ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് തുടക്കമിട്ടയാളാണ് ആഗാഗ്. ഇലക്ട്രിക് കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പായ ഫോര്‍മുല ഇയുടെ ചെയര്‍മാനാണ് അദ്ദേഹം. ഇലക്ട്രിക് എസ്‌യു‌വി കാറുകള്‍ക്കായുള്ള എക്‌സ്ട്രീം ഇ ചാമ്പ്യന്‍ഷിപ്പിന്റെ സി‌ഇ‌ഒയും അഗാഗ് തന്നെ. കരയിലെ വൈദ്യുതി വാഹനങ്ങളുടെ മത്സരയോട്ടങ്ങള്‍ക്ക് ശേഷം വെള്ളത്തിലേക്കു കൂടി വൈദ്യുതി വാഹനങ്ങളുടെ മത്സരം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അദ്ദേഹം. ഫോര്‍മുല ഇ എന്ന പേരില്‍ ആരംഭിച്ച ഇലക്ട്രിക് കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പ് വന്‍വിജയമായിരുന്നു. ഇലക്ട്രിക് എസ്‌യു‌വികള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളും ശ്രദ്ധേയമായിരുന്നു. 

electric-power-boat-2

ഇപ്പോഴിതാ രണ്ടു വര്‍ഷത്തിനുള്ളില്‍ ലോകത്തെ ആദ്യ ഇലക്ട്രിക് ബോട്ട് ചാമ്പ്യന്‍ഷിപ്പായ ഇ1 സീരീസ് കൂടി യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ് അലക്‌സാന്ദ്രോ അഗാഗും കൂട്ടരും. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഗ്രീന്‍ലാന്റിലെ ഫിയോര്‍ഡ്, ആമസോണ്‍ നദിയിലെ ഉള്‍പ്രദേശങ്ങള്‍, റെഡ് സീ എന്നിവയൊക്കെ മത്സര വേദികളുടെ പരിഗണനയിലുണ്ട്. കരയില്‍ നിന്നും വെള്ളത്തിലേക്ക് വൈദ്യുത ബോട്ടുകള്‍ മത്സരിക്കാനിറങ്ങുന്നതിനൊപ്പം നേരിട്ട് മലിനീകരണത്തിന് കാരണമാകാത്ത വൈദ്യുത വാഹനങ്ങളുടെ പ്രസക്തിയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. 

ഇപ്പോഴും പ്രാവര്‍ത്തികമാക്കേണ്ട ആശയമാണെന്നതാണ് നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് അഗാഗ് പറയുന്നു. അതേസമയം നേരത്തെയും ആശയം മാത്രമായിരുന്ന രണ്ട് ലോകോത്തര വൈദ്യുത വാഹന മത്സരയോട്ടങ്ങള്‍ യാഥാര്‍ഥ്യമാക്കിയതിന്റെ ആത്മവിശ്വാസം അഗാഗിനുണ്ട്. ലോകത്തെ വിവിധ പ്രദേശങ്ങളില്‍ അനുയോജ്യമായ മത്സര വേദി കണ്ടെത്തുകയും ആഗോള മത്സരകലണ്ടര്‍ തയ്യാറാക്കുന്നതും വെല്ലുവിളിയാണ്. ഇലക്ട്രിക് ബോട്ട് റേസിംഗിന് വേദിയാവാന്‍ യോഗ്യതയുള്ള നിരവധി നഗരങ്ങള്‍ ലോകത്തുണ്ട്. മൊണാക്കോ, സിഡ്‌നിയിലെ തുറമുഖം, ടോക്യോയിലെ ഉള്‍ക്കടല്‍, ഹോങ്കോങിനും ഷാങ്ഹായ്ക്കും സമീപത്ത സമുദ്രഭാഗങ്ങള്‍, തടാകത്താല്‍ സമൃദ്ധമായ ജനീവ, സൂറിച്ച് തുടങ്ങിയ നഗരങ്ങള്‍, ലണ്ടനിലെ തൈംസ് നദി എന്നിവിടങ്ങളിലെല്ലാം ഇലക്ട്രിക് ബോട്ട് റേസിംഗ് നടത്താനാകുമെന്നാണ് ഇവരുടെ പക്ഷം. 

electric-power-boat-3

നോര്‍വീജിയന്‍ നേവല്‍ ഡിസൈനറായ സോഫി ഹോണിനാണ് റേസിംഗ് ഇ ബോട്ടുകളുടെ രൂപകല്‍പനയുടെ ചുമതല. ഭാരം കുറഞ്ഞതായിരിക്കുമെന്നതാണ് ഇ ബോട്ടുകളുടെ നിര്‍മ്മാണത്തില്‍ നേരിടുന്നപ്രധാന വെല്ലുവിളികളിലൊന്ന്. തുടക്കത്തിലെ അതിവേഗത ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും മറിയുന്നതിനുമൊക്കെ കാരണമാകാം. നോര്‍വീജിയന്‍ കമ്പനികളായ CeWave, SailGP എന്നിവയും ഈ വൈദ്യുത റേസിംഗ് ബോട്ട് യാഥാര്‍ഥ്യമാകുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

ഏതാണ്ട് 16 അടി നീളം വരുന്ന ഇലക്ട്രിക് പവര്‍ബോട്ട് 100 ശതമാനം കാര്‍ബണ്‍ ഫൈബറിലായിരിക്കും നിര്‍മ്മിക്കുക. ഇ ബോട്ടില്‍ പൈലറ്റിന് മാത്രമായിരിക്കും സഞ്ചരിക്കാനാവുക. മണിക്കൂറില്‍ 111 കിലോമീറ്റര്‍ വരെ വേഗത്തില്‍ 20 മിനുറ്റുവരെ പോകാന്‍ 30 കിലോവാട്ട് ബാറ്ററി സഹായിക്കും. ഏതാണ്ട് 15 മിനുറ്റായിരിക്കും നിശ്ചിത ചാമ്പ്യന്‍ഷിപ്പിലെ ഇ ബോട്ടുകള്‍ ഓടിക്കേണ്ട സമയം. ലോകത്തെ 10 വ്യത്യസ്ത കേന്ദ്രങ്ങളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് പദ്ധതി. ഓരോ മത്സരത്തിലും 12 ടീമുകള്‍ വീതമാകും പങ്കെടുക്കുക.

English Summary: World’s First Electric Powerboat Championship Is Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com