ADVERTISEMENT

കേരളത്തിന്റെ സ്വന്തം 'നീം ജി' ഇനി മുതൽ നേപ്പാളിലെ നിരത്തുകളിൽ ഓടിത്തുടങ്ങും. പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബീല്‍ ലിമിറ്റഡ് നിര്‍മിച്ച ഇലക്ട്രിക് ഓട്ടോ 'നീം ജി' നേപ്പാളിലേക്ക് കയറ്റുമതി ആരംഭിച്ചു. 33 യൂണിറ്റാണ് ആദ്യ ഘട്ടത്തില്‍ നേപ്പാളിലേക്ക് കയറ്റിയയക്കുന്നത്. ഒരു വര്‍ഷം 500 ഇ -ഓട്ടോകള്‍ നേപ്പാളില്‍ വിറ്റഴിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ഈ ഇലക്ട്രിക് ഓട്ടോ വാങ്ങാൻ നേപ്പാളിന് പുറമേ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും കരാറുമായി രംഗത്തുണ്ട്. കൂടാതെ കെനിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഡീലർമാർ ഓട്ടോ വാങ്ങാനുള്ള ചർച്ചകൾ ആരംഭിച്ചു. കേരളത്തിലെ വിവിധ ഡീലര്‍മാര്‍ക്ക് പുറമെ, തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്ര, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലും നീം ജിക്ക് വിതരണക്കാര്‍ തയാറാവുകയാണ്.

 Kerala's Neem-G electric auto rickshaws to run in Nepal

 

കിലോമീറ്ററിന് ചിലവ് 50 പൈസ മാത്രം

 

ഒറ്റ ചാര്‍ജില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നതാണ് നീം ജി ഓട്ടോകളുടെ പ്രത്യേകത. കോവിഡ് വ്യാപനം പരിഗണിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവറെയും യാത്രക്കാരെയും തമ്മില്‍ വേര്‍തിക്കാനുള്ള സംവിധാനമടക്കം നീം ജിയില്‍ ഒരുക്കിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ 15000 ഇ ഓട്ടോകൾ നിരത്തിലിറക്കാനാണ് പദ്ധതി. ഒരു കിലോമീറ്റർ ഓടുന്നതിന് 50 പൈസ മാത്രമേ ചിലവ് വരൂ. കാഴ്ചയിൽ സാധാരണ ഓട്ടോറിക്ഷയുടെ രൂപം തന്നെയാണ് നീം ജിക്കും. നാലു മണിക്കൂർ കൊണ്ട് ചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് ഉപയോഗിക്കുന്നത്.

 

ഇന്ത്യയിൽ ആദ്യമായാണ് ഒരു പൊതുമേഖലാസ്ഥാപനം ഇ–ഓട്ടോ നിർമാണരംഗത്ത് യോഗ്യത നേടുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കെഎഎഎല്ലിന്റെ പ്ലാന്റിൽ നിന്നുമാണ് ‘കേരളാ നീം ജി' എന്ന ബ്രാൻഡിൽ ഓട്ടോകൾ വിപണിയിലെത്തുന്നത്. കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള പുണെയിലെ ദ് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ(എആർഎഐ)യിൽ ആണ് അംഗീകാരത്തിനുള്ള പരിശോധനകൾ നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com