ADVERTISEMENT

ബാറ്ററി സംവിധാനത്തിൽ അപര്യാപ്തത സംശയിച്ച് 456 കോന എസ് യു വി തിരിച്ചു വിളിച്ചു പരിശോധിക്കാൻ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) ഒരുങ്ങുന്നു. 2019 ഏപ്രിൽ ഒന്നിനും 2020 ഒക്ടോബർ 31നുമിടയ്ക്കു നിർമിച്ച കോന വൈദ്യുത എസ് യു വിയിലെ ഹൈവോൾട്ടേജ് ബാറ്ററി സംവിധാനമാണു പരിശോധനയ്ക്കു വിധേയമാക്കുന്നതെന്നും കമ്പനി വിശദീകരിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു ഹ്യുണ്ടേയ് വൈദ്യുത എസ് യു വിയായ ‘കോന’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചത്. 

പരിശോധനയിൽ തകരാർ കണ്ടെത്തുന്ന പക്ഷം ആ പ്രശ്നം സൗജന്യമായി പരിഹരിച്ചു നൽകുമെന്നാണു ഹ്യുണ്ടേയിയുടെ വാഗ്ദാനം. പരിശോധന ആവശ്യമുള്ള കോന ഉടമകളെ നേരിട്ടു വിവരം അറിയിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനങ്ങൾ ഘട്ടം ഘട്ടമായി അംഗീകൃത ഡീലർഷിപ്പുകളിലേക്കു തിരിച്ചുവിളിച്ച് പരിശോധനയും പരിഹാരനടപടികളും പൂർത്തിയാക്കാനാണു ഹ്യുണ്ടേയിയുടെ പദ്ധതി. കോനയിൽ ഉപയോഗിച്ചിരിക്കുന്ന ഹൈ വോൾട്ടേജ് ബാറ്ററിയിൽ നിർമാണ പിഴവ് സംശയിച്ചാണ് ഹ്യുണ്ടേയ് വാഹന പരിശോധനയ്ക്കു തുടക്കമിട്ടിരിക്കുന്നത്. ബാറ്ററിയുടെ നിർമാണ തകരാർ അഗ്നിബാധയ്ക്കു വഴിവയ്ക്കുമെന്നാണു ഹ്യുണ്ടേയിയുടെ ആശങ്ക. കാനഡയിലും ഓസ്ട്രിയയിലും ഓരോന്നടക്കം കോന എസ് യു വി ഉൾപ്പെട്ട മൊത്തം 13 തീപിടുത്തങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എൽ ജി കെം ലിമിറ്റഡ് നിർമിച്ചു നൽകിയ ബാറ്ററികളാണു ഹ്യുണ്ടേയ് കോനയിൽ ഉപയോഗിക്കുന്നത്. 

അതേസമയം അഗ്നിബാധയ്ക്കുള്ള കൃത്യമായ കാരണം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് എൽ ജി കെമ്മിന്റെ നിലപാട്. ഹ്യുണ്ടേയിയുമായി ചേർന്ന് അപകടസാഹചര്യം പുനഃസൃഷ്ടിക്കാൻ നടത്തിയ പരീക്ഷണങ്ങളിലാവട്ടെ അഗ്നിബാധ ഉണ്ടായില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ അഗ്നിബാധയ്ക്കുള്ള കാരണം ബാറ്ററി സെല്ലിന്റെ തകരാറാണെന്നു പറയാനാവില്ലെന്നാണ് എൽ ജി കെമ്മിന്റെ അവകാശവാദം. എങ്കിലും അഗ്നിബാധയുടെ കാരണം കണ്ടെത്താനുള്ള ഭാവി അന്വേഷണങ്ങളിൽ സജീവമായി പങ്കെടുക്കുമെന്നു കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 

നേരത്തെ ജന്മനാടായ കൊറിയയിലും ഹ്യുണ്ടേയ് ‘കോന’ എസ് യു വികൾ തിരിച്ചുവിളിച്ചിരുന്നു. സോഫ്റ്റ്വെയർ പരിഷ്കരിക്കാനും തകരാർ കണ്ടെത്തുന്ന പക്ഷം ബാറ്ററി മാറ്റി നൽകാനും ലക്ഷ്യമിട്ടായിരുന്നു ഒക്ടോബർ 16നു തുടക്കമിട്ട ഈ പരിശോധന. 2017 സെപ്റ്റംബർ മുതൽ കഴിഞ്ഞ മാർച്ച് വരെയുള്ള കാലത്തിനിടെ നിർമിച്ചു വിറ്റ 25,564 ‘കോന’ എസ് യു വികളാണു ഹ്യുണ്ടേയ് കൊറിയയിൽ തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്.

English Summary: Hyundai Recalls 456 Kona electric SUVs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com