ADVERTISEMENT

‘കോവിഡ് 19’ വ്യാപനം ചെറുക്കാൻ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണിനെ തുടർന്ന് ഉയിർത്തെഴുനേറ്റ ഇന്ത്യൻ സൈക്കിൾ വിപണിയിലേക്ക് ഓസ്ട്രിയൻ നിർമാതാക്കളായ കെ ടി എം സൈക്കിൾസുമെത്തുന്നു. സ്റ്റാർട്അപ് വിഭാഗത്തിൽപെട്ട സൈക്കിൾ വിതരണക്കരായ ആൽഫവെക്ടറിനാണു കെ ടി എം  സൈക്കിൾസിന്റെ ഇന്ത്യയിലെ വിപണന ചുമതല.

കെ ടി എം ശ്രേണിയിലെ 30,000 മുതൽ 10 ലക്ഷം രൂപ വരെ വിലയുള്ള സൈക്കിളുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുമെന്നാണ് ആൽഫവെക്ടറിന്റെ വാഗ്ദാനം. അടുത്തയിടെ പുറത്തിറക്കിയ ‘മെരാകി’ക്കു  പിന്നാലെ കെ ടി എം ശ്രേണി കൂടി എത്തുന്നതോടെ സൈക്കിളുകൾക്കുള്ള സ്വീകാര്യത വർധിക്കുമെന്നും ആൽഫവെക്ടർ കണക്കുകൂട്ടുന്നു. സജീവമായ ജീവിതശൈലി പിന്തുടരാനും സൈക്കിൾ സവാരി ശീലമാക്കാനും പുതുലമുറയെ ബോധവൽക്കരിക്കാനാണു കമ്പനിയുടെ നീക്കം.

കഴിഞ്ഞു പോയ നാളുകളിൽ ഇന്ത്യയിൽ സൈക്കിൾ രംഗത്ത് അടിസ്ഥാനപരമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് ആൽഫവെക്ടർ സഹ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സചിൻ ചോപ്രയുടെ നിഗമനം. അതിവേഗമുള്ള പരിവർത്തനത്തിനാണു സൈക്കിൾ വിപണന മേഖല സാക്ഷ്യം വഹിക്കുന്നത്. മെട്രോ നഗരങ്ങളിലും മറ്റും കൂടുതൽ കൂടുതൽ ആളുകൾ സൈക്കിൾ സവാരിയെ ജീവിതശൈലിയായി സ്വീകരിക്കുന്നതിനാൽ പ്രീമിയം മോഡലുകൾക്ക് ആവശ്യക്കാരേറിയിട്ടുണ്ടെന്നും ചോപ്ര വിലയിരുത്തുന്നു. 

ഇന്ത്യൻ വിപണിയിൽ പ്രീമിയം സൈക്കിളുകൾക്ക് ആവശ്യക്കാരേറുന്നതാണ് കെ ടി എമ്മിന്റെ സാധ്യതകൾ സജീവമാക്കുന്നത്. 56 വർഷത്തെ പ്രവർത്തന പാരമ്പര്യത്തിന്റെ പിൻബലത്തോടെയാണ് ഇന്ത്യയിൽ പ്രവേശിക്കുന്നതെന്ന് കെ ടി എം ബൈക്ക് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ ജൊഹാന ഉർകഫ് വിശദീകരിക്കുന്നു. നിരന്തര ഗവേഷണളും ഉന്നത ഗുണമേന്മയുള്ള സൈക്കിളുകളുമാണ് കെ ടി എമ്മിന്റെ മുഖമുദ്ര. 

ഇന്ത്യയിലെ പ്രീമിയം സൈക്കിൾ വിൽപ്പനയിൽ നാലിൽ മൂന്നു ഭാഗവും ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, പുണെ, ഹൈദരബാദ് തുടങ്ങിയ മെട്രോ നഗരങ്ങളുടെ സംഭാവനയാണെന്ന് ആൽഫവെക്ടർ കണക്കുകൂട്ടുന്നു. ഓൺലൈൻ വ്യവസ്ഥയിലും ഷോറൂമുകൾ മുഖേനയും സൈക്കിൾ വിൽക്കുന്ന കമ്പനിക്ക് രാജ്യത്തെ 350 നഗരങ്ങളിൽ സാന്നിധ്യമുണ്ട്. ശക്തമായ ഈ വിപണന ശൃംഖലയുടെ പിൻബലത്തിൽ കെ ടി എം ശ്രേണിക്കും മികച്ച മുന്നേറ്റം നേടിയെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആൽഫവെക്ടർ.

English Summary: KTM cycles to enter Indian space, range to cost between ₹30,000 and ₹10 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com