ADVERTISEMENT

ഇന്ത്യയിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും സൂപ്പർഹിറ്റ് വാഹനങ്ങളിലൊന്നാണ് മഹീന്ദ്ര ഥാർ. കൂടുതൽ സ്റ്റൈലിൽ രണ്ടാം തലമുറ ഥാർ വിപണിയിലെത്തിയപ്പോൾ ആരാധകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. ബുക്ക് ചെയ്ത് വാഹനത്തിനായി ആളുകൾ കാത്തിരിക്കുമ്പോള്‍ പങ്കാളിയിൽ നിന്ന് അപ്രതീക്ഷിത സമ്മാനമായി ഥാർ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഒരു കാമുകി. 

ടിഎൻജി വ്ലോഗ് എന്ന യുട്യൂബ് ചാനലിലൂടെയാണ് പങ്കാളി പുതിയ ഥാർ സമ്മാനിച്ചതിന്റെ സന്തോഷം കാമുകി പങ്കുവച്ചത്. പുതിയ വാഹനം വാങ്ങുന്നതിന്റെ ആലോചനയിലായിരുന്നു എന്നും അതിനിടെയാണ് ഈ അപ്രതീക്ഷിത സമ്മാനമെന്നും കാമുകി പറയുന്നു.

കോവിഡ് 19 സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിൽ കഴിഞ്ഞ ഒക്ടോബറിലാണു പുതുതലമുറ ഥാർ അരങ്ങേറ്റം കുറിച്ചത്. അവതരണത്തിനു മുമ്പ് തന്നെ വിപണിയുടെ ശ്രദ്ധ ആകർഷിക്കാൻ ഥാറിനായി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താൻ ലേലത്തിനു വച്ച ആദ്യ ഥാർ 1.11 കോടി രൂപ വാഗ്ദാനം ചെയ്താണ് ഡൽഹി സ്വദേശി ആകാശ് മിൻഡ സ്വന്തമാക്കിയത്. ഥാറി’നു ലഭിച്ച ഈ വിലയ്ക്കൊപ്പം മഹീന്ദ്രയുടെ തത്തുല്യമായ സംഭാവനയും ചേർത്തുള്ള തുക മിൻഡയുടെ നിർദേശപ്രകാരം സ്വദേശ് ഫൗണ്ടേഷനു കമ്പനി കൈമാറുകയും ചെയ്തു.

ലാഡർ ഫ്രെയിം ഷാസിയോടെ എത്തുന്ന 2020 ഥാറിനു കരുത്തേകാൻ രണ്ട് എൻജിനുകളാണു രംഗത്ത്. 152 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന, രണ്ടു ലീറ്റർ എം സ്റ്റാലിയൻ പെട്രോൾ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണ്. 132 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനൊപ്പവും ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകൾ ലഭ്യമാണ്. ഫോർ വീൽ ഡ്രൈവും മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫർ കേസും എല്ലാ വകഭേദത്തിലുമുണ്ട്.

സോഫ്റ്റ് ടോപ്, ഹാർഡ് ടോപ് സാധ്യതകളോടെ എ എക്സ്, എൽ എക്സ് ശ്രേണികളിലാണു പുതിയ ഥാർ വിൽപ്പനയ്ക്കുള്ളത്; 9.80 ലക്ഷം രൂപ മുതൽ 13.75 ലക്ഷം രൂപ വരെയാണു ഥാറിന്റെ ഷോറൂം വില. പുതുവർഷത്തിൽ ഥാർ അടക്കമുള്ള വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്നു മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുമുണ്ട്.

English Summary: Mahindra Thar Gift

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com