ആയിരമല്ല, പതിനായിരമല്ല... 2.5 കോടി, അപൂർവ നേട്ടം സ്വന്തമാക്കി ആക്ടീവ

honda-activa
Honda Activa
SHARE

രണ്ടു പതിറ്റാണ്ടായി ഇന്ത്യൻ നിരത്തുകളെ അടക്കിവാഴുകയാണു ഹോണ്ടയുടെ  ആക്ടീവ. ഗീയർരഹിത സ്കൂട്ടറായ ആക്ടീവയുടെ മേധാവിത്തത്തെ വെല്ലുവിളിക്കാനാവാതെ എതിരാളികൾ ഈ വിഭാഗത്തിലെ രണ്ടാം സ്ഥാനത്തിനായി പോരാടേണ്ട സ്ഥിതിയുമാണ്. അരങ്ങേറ്റം മുതൽ വിജയക്കുതിപ്പ് തുടരുന്ന ആക്ടീവ പുത്തൻ നാഴികക്കല്ല് പിന്നിട്ടതായി ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) പ്രഖ്യാപിച്ചു; രാജ്യത്തെ ആക്ടീവ ഉടമസ്ഥരുടെ മൊത്തം എണ്ണം 2.50 കോടി പിന്നിട്ടതാണു കമ്പനിക്കും സ്കൂട്ടറിനും ചരിത്രനേട്ടമായത്. മറ്റൊരു സ്കൂട്ടറിനും ഇതുവരെ കൈവരിക്കാനാവാത്ത അപൂർവ നേട്ടമാണ് ഇപ്പോൾ ‘ആക്ടീവ’യ്ക്കു സ്വന്തമായിരിക്കുന്നതെന്നും ഹോണ്ട വ്യക്തമാക്കുന്നു. 

പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ, 2001ലായിരുന്നു 102 സി സി എൻജിനുമായെത്തിയ ‘ആക്ടീവ’യുടെ ഇന്ത്യൻ അരങ്ങേറ്റം. അസ്തിത്വം തന്നെ ഭീഷണിയിലായിരുന്ന ഇന്ത്യൻ സ്കൂട്ടർ വിപണിയുടെ നായകസ്ഥാനം സ്വന്തമാക്കാൻ ‘ആക്ടീവ’യ്ക്കു വേണ്ടി വന്നത് വെറും മൂന്നു വർഷമാണ്. 2005 — 06 ആകുമ്പോഴേക്ക് വിൽപ്പന 10 ലക്ഷം യൂണിറ്റ് തികയ്ക്കാനും ‘ആക്ടീവ’യ്ക്കായി. തുടർന്നിങ്ങോട്ട് ‘ആക്ടീവ’യുടെ ജൈത്രയാത്രയ്ക്കാണ് ഇന്ത്യൻ സ്കൂട്ടർ വിപണി സാക്ഷ്യം വഹിച്ചത്; 2015 ആയതോടെ മൊത്തം വിൽപ്പന ആദ്യ കോടിയും പിന്നിട്ടു. 

പോരെങ്കിൽ തുടർന്നുള്ള ഒന്നര കോടി യൂണിറ്റ് വിൽപ്പന വെറും അഞ്ചു വർഷത്തിനിടെയാണ് ‘ആക്ടീവ’ സ്വന്തമാക്കിയത്. യാത്രാസൗകര്യം എന്നതിനപ്പുറം സമൂഹത്തിന്റെ ആത്മാവിനെ തന്നെ സ്പർശിക്കുന്ന വികാരമായും വിചാരമായും മാറാൻ ‘ആക്ടീവ’യ്ക്കു സാധിച്ചു എന്നതാണ് ഈ വിജയക്കുതിപ്പിനു പിന്നിലെന്ന് എച്ച് എം എസ് ഐ ഡയറക്ടർ(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ കരുതുന്നു. കടന്നു പോയ കാലത്തിനിടെ സകലതും മാറിമറിഞ്ഞെങ്കിലും ഇന്ത്യയിലെ കുടുംബങ്ങൾക്ക് ‘ആക്ടീവ’യോടുള്ള പ്രണയം മാത്രം കാലാതീതമായി തുടരുകയാണെന്നും അദ്ദേഹം വിലയിരുത്തുന്നു. 

കൃത്യമായ ഇടവേളകളിൽ നടപ്പാക്കിയ പരിഷ്കാരങ്ങളും പുതുമകളുമാണ് ‘ആക്ടീവ’യുടെ പ്രസക്തി നഷ്ടമാവാതെ സൂക്ഷിച്ചതെന്നു വേണം കരുതാൻ. 2009ൽ കോംബി ബ്രേക്ക് സംവിധാനം ഘടിപ്പിച്ച ഹോണ്ട, 2013ൽ സ്കൂട്ടറിലെ എൻജിന് ഹോണ്ട ഇകോ ടെക്നോളജി സമ്മാനിച്ചു. ‘2020 ആക്ടീവ സിക്സ് ജി’യിലാവട്ടെ എൻഹാൻസ്ഡ് സ്മാർട് പവർ(ഇ എസ് പി) അടക്കം ഹോണ്ടയ്ക്കു പകർപ്പവകാശമുള്ള 26 പുത്തൻ ആപ്ലിക്കേഷനുകളാണ് ഇടംപിടിച്ചത്. 

English Summary: Honda Activa Becomes The First Scooter To Reach 2.5 Crore Sales Milestone

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA