ADVERTISEMENT

വിൽപനയ്ക്കെത്തി മൂന്നു മാസത്തിനകം റിട്രോ ക്രൂസറായ ഹൈനെസ് സി ബി 350 വിൽപന 10,000 യൂണിറ്റ് കടന്നെന്നു ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). പ്രീമിയം മോട്ടോർ സൈക്കിൾ വിപണിയിൽ 350 - 500 സി സി മോട്ടോർ സൈക്കിളുകൾ ഇടം പിടിക്കുന്ന ഇടത്തരം വിഭാഗത്തിൽ റോയൽ എൻഫീൽഡ് ‘ക്ലാസിക് 350’, ‘ജാവ ക്ലാസിക്’, ‘ബെനെല്ലി ഇംപീരിയൽ 400’ തുടങ്ങിയവയെ നേരിടാനായി കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഹോണ്ട ‘സി ബി 350’ അവതരിപ്പിച്ചത്.

കാഴ്ചപ്പകിട്ടിനൊപ്പം സൗകര്യങ്ങളിലെയും സംവിധാനങ്ങളിലെയും ധാരാളിത്തമാണ് ‘ഹൈനെസി’നെ ആകർഷകമാക്കുന്നതെന്നാണു വിലയിരുത്തൽ; ഈ മേഖലകളിൽ സവിശേഷ ശ്രദ്ധ പുലർത്തിയാണു ഹോണ്ട ‘സി ബി 350’ ബൈക്കിനെ പടയ്ക്കിറക്കിയതും. ‘ഹൈനെസി’ന്റെ അടിസ്ഥാന വകഭേദമായ ‘ഡി എൽ എക്സി’ന് 1.86 ലക്ഷം രൂപയും പ്രീമിയം ഗണത്തിൽപെട്ട ‘ഹൈനെസ് ഡി എൽ എക്സ് പ്രോ’യ്ക്ക് 1.92 ലക്ഷം രൂപയുമാണു ഷോറൂം വില. പ്രഷ്യസ് റെഡ് മെറ്റാലിക്, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക് നിറങ്ങളിലാണ് ‘ഹൈനസി’ന്റെ അടിസ്ഥാന വകഭേദം ലഭിക്കുക; മുന്തിയ പതിപ്പായ ‘ഡി എൽ എക്സ് പ്രോ’യാവട്ടെ അത്ലറ്റിക് ബ്ലൂ മെറ്റാലിക്-വർച്വസ് വൈറ്റ്, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക് — സ്പിയർ സിൽവർ മെറ്റാലിക്, മാറ്റ് സ്റ്റീൽ ബ്ലാക്ക് മെറ്റാലിക് - മാറ്റ് മാസീവ് ഗ്രേ മെറ്റാലിക് എന്നീ ഇരട്ട വർണ സങ്കലനങ്ങളിലാണു വിപണിയിലുള്ളത്. 

പഴയകാല ‘സി ബി’ ശ്രേണിയാണു പ്രചോദനമെങ്കിലും ആധുനിക കാലത്തിനു യോജിച്ച ക്ലാസിക് രൂപകൽപ്പനാശൈലിയാണു ‘ഹൈനെസ് സി ബി 350’ പിന്തുടരുന്നത്. ഡേടൈം റണ്ണിങ് ലാംപ് സഹിതം നിയോ ക്ലാസിക് എൽ ഇ ഡി ഹെഡ്ലൈറ്റ്, കറുപ്പ് അലോയ് വീൽ, 15 ലീറ്റർ സംഭരണ ശേഷിയുള്ള ഇന്ധനടാങ്ക് എന്നിവയൊക്കെ ബൈക്കിലുണ്ട്. വകഭേദം അടിസ്ഥാനമാക്കി ഇന്ധന ടാങ്ക് ഒറ്റ നിരത്തിലും ഇരട്ട വർണങ്ങളിലും ലഭ്യമാണ്. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ സിംഗിൾ സീറ്റും ബൈക്കിലുണ്ട്. കാഴ്ചപ്പകിട്ടിനായി ഫെൻഡറിലും ഇരട്ട ഹോണിലും എക്സോസ്റ്റിലും മിററിലും എൻജിനിലുമൊക്കെ ക്രോമിയം സ്പർശവുമുണ്ട്.

റൈഡറുടെ സ്മാർട്ഫോണിനെ ബ്ലൂടൂത്ത് വഴി മോട്ടോർ സൈക്കിളുമായി ബന്ധിപ്പിക്കാൻ അവസരമൊരുക്കുന്ന ഹോണ്ട സ്മാർട്ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റം സഹിതമാണ് ‘സി ബി 350 ഡി എൽ എക്സ് പ്രോ’യുടെ വരവ്. ഫോൺ ബന്ധിപ്പിക്കുന്നതോടെ ഹാൻഡിൽ ബാറിൽ ഘടിപ്പിച്ച കൺട്രോൾ ഉപയോഗിച്ച് ഫോൺ കോൾ സ്വീകരിക്കാനാവും; നാവിഗേഷൻ, മ്യൂസിക് പ്ലേബാക്ക്, സന്ദേശങ്ങൾ വായിക്കൽ തുടങ്ങിയവയും സാധ്യമാവും. ബൈക്കിലെ സെമി ഡിജിറ്റൽ ഇൻസ്ട്രമെന്റേഷനിൽ അവശേഷിക്കുന്ന ഇന്ധനം ഉപയോഗിച്ചു പിന്നിടാവുന്ന ദൂരം, തത്സമയ കാര്യക്ഷമത, സമയം, ട്രിപ് സംബന്ധിച്ച വിവരം, എ ബി എസ്, ട്രാക്ഷൻ കൺട്രോൾ, ഗീയർ പൊസിഷൻ ഇൻഡിക്കേറ്റർ, ബാറ്ററി വോൾട്ടേജ് മീറ്റർ എന്നിവയൊക്കെ ഉണ്ട്. ഹസാഡ് ലാംപ്, ഇഗ്നീഷന് ഒറ്റ സ്വിച്, സൈഡ് സ്റ്റാൻഡ് ഇഗ്നീഷൻ കട്ട് ഓഫ് തുടങ്ങിയവയും ബൈക്കിലുണ്ട്. 

ബൈക്കിലെ 348.36 സി സി, എയർ കൂൾഡ്, ഒ എച്ച് സി, സിംഗിൾ സിലിണ്ടർ എൻജിന് 5,500 ആർ പി എമ്മിൽ 21 പി എസ് വരെ കരുത്തും 3,000 ആർ പി എമ്മിൽ 30 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. സ്ലിപ്പർ ക്ലച് സഹിതം അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ആധുനികവും ക്ലാസിക്കുമായ രൂപകൽപ്പനയും അത്യാധുനിക സൗകര്യങ്ങളും സ്ഫുടം ചെയ്ത നിർമാണ നിലവാര മികവും വേറിട്ട ശബ്ദവുമൊക്കെയാണ് ‘സി ബി 350 ഹൈനസി’നെ വ്യത്യസ്തമാക്കുന്നതെന്ന് എച്ച് എം എസ് ഐ വിൽപ്പന, വിപണന വിഭാഗം ഡയറക്ടർ വൈ എസ് ഗുലേറിയ വിലയിരുത്തുന്നു. ‘ബിഗ്വിങ്’ വിപണന ശൃംഖലയിലൂടെ വിൽപ്പനയ്ക്കെത്തുന്ന ‘ഹൈനസ് സി ബി 350’ സ്വന്തമാക്കാൻ കാത്തിരിക്കുന്നവരും ധാരാളമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.‘ഹൈനസ് സി ബി 350’ ലഭ്യത മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും ഗുലേറിയ അറിയിച്ചു. ഒപ്പം ‘ബിഗ്വിങ്’ വിപണനശൃംഖല വിപുലീകരിക്കാനും ഹോണ്ടയ്ക്കു പദ്ധതിയുണ്ട്. 

English Summary: Honda H’Ness CB350 Achieves 10,000 Sales Milestone In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com