ADVERTISEMENT

കഴിഞ്ഞ ഒൻപതു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വാഹന വിൽപന കൈവരിച്ച് ടാറ്റ മോട്ടോഴ്സ്. ഫെബ്രുവരിയിൽ 27,225 യാത്രാവാഹനങ്ങളാണു ടാറ്റ മോട്ടോഴ്സ് ആഭ്യന്തര വിപണിയിൽ വിറ്റത്; കഴിഞ്ഞ 107 മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണിതെന്നു കമ്പനി വ്യക്തമാക്കുന്നു. 2020 ഫെബ്രുവരിയിൽ വിറ്റ 12,430 യൂണിറ്റിനെ അപേക്ഷിച്ച് 119% വിൽപന വളർച്ചയാണു ടാറ്റ മോട്ടോഴ്സ് കഴിഞ്ഞ മാസം കൈവരിച്ചത്.  ഇക്കൊല്ലം ജനുവരിയിൽ 26,978 യാത്രാ വാഹനങ്ങളാണു ടാറ്റ മോട്ടോഴ്സ് വിറ്റത്; ഫെബ്രുവരിയിൽ ഇതിലും ഒരു ശതമാനത്തോളം വിൽപന വളർച്ച കൈവരിക്കാൻ കമ്പനിക്കു സാധിച്ചു.

വിദേശ വിപണികളിലെ പ്രകടനം കൂടി പരിഗണിച്ചാൽ ഫെബ്രുവരിയിൽ 61,365 വാഹനങ്ങളാണു ടാറ്റ മോട്ടോഴ്സ് വിറ്റത്. 2020  ഫെബ്രുവരിയിൽ 40,619 യൂണിറ്റ് വിറ്റ സ്ഥാനത്താണിത്. കൊറോണ വൈറസ് വ്യാപനവും ‘കോവിഡ് 19’ മഹാമാരിയും സൃഷ്ടിച്ച വെല്ലുവിളികളെ തുടർന്ന് 2020ൽ കനത്ത തിരിച്ചടിയാണ് ഇന്ത്യൻ വാഹന വ്യാപാര മേഖല നേരിട്ടത്. ലോക്ക് ഡൗൺ പിൻവലിക്കുകയും ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങുകയും ചെയ്തതോടെ പുതുവർഷത്തിൽ പ്രകടനം മെച്ചപ്പെടുത്താൻ വിവിധ വാഹന നിർമാതാക്കൾക്കു സാധിച്ചിട്ടുണ്ട്. 

കഴിഞ്ഞ വർഷം അവസാനത്തിലെ ഉത്സവകാലം മുതൽ ടാറ്റ മോട്ടോഴ്സും സ്ഥിരമായി നില മെച്ചപ്പെടുത്തുന്നുണ്ട്. ടിയാഗൊ, ടിഗൊർ, ആൾട്രോസ്, നെക്സൻ തുടങ്ങിയ പുത്തൻ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യതയാണു ടാറ്റ മോട്ടോഴ്സിന്റെ ശക്തമായ തിരിച്ചുവരവിനു വഴി തെളിക്കുന്നത്. ഓഫ് റോഡിങ് മികവിലെ ജനപ്രീതിയുടെ പേരിൽ ഇതിഹാസ മാനങ്ങളുള്ള സഫാരി എന്ന വ്യാപാര നാമത്തിൽ പുതിയ സ്പോർട് യൂട്ടിലിറ്റി വാഹനവും കമ്പനി അടുത്തയിടെ വിൽപ്പനയ്ക്കെത്തിച്ചിരുന്നു. 

കമ്പനിയുടെ മോഡൽ ശ്രേണിയിൽ കാറുകൾ അഞ്ചെണ്ണം മാത്രമാണെങ്കിലും തകർപ്പൻ പ്രകടനമാണു ടാറ്റ മോട്ടോഴ്സ് കാഴ്ചവയ്ക്കുന്നത്. പുതുതലമുറ മോഡലായ  ‘നെക്സൻ’ ആവട്ടെ ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ട്; നിലവിൽ പ്രതിമാസം 8,200 യൂണിറ്റ് വിൽപ്പന നേടിയാണ് ഈ കോംപാക്ട് എസ് യു വിയുടെ പടയോട്ടം. 

English Summary: Tata Motors Registers 119% Growth In Domestic PV Sales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com