ADVERTISEMENT

ന്യൂഡൽഹി∙ കുതിച്ചുയരുന്ന ഇന്ധനവിലയും കോവിഡ് മഹാമാരിയും ഇന്ത്യയിൽ വാഹനവിൽപനയിൽ വലിയ കുറവുവരുത്തിയതായി കണക്കുകൾ. ഈ ഫെബ്രുവരിയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് രാജ്യത്ത് വാഹന റജിസ്ട്രേഷൻ 13.46 ശതമാനം കുറഞ്ഞു.

സാമ്പത്തിക രംഗത്തെ അനിശ്ചിതത്വവും കോവിഡ് സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ആഘാതവും നിമിത്തം പണം ചെലവാക്കാൻ ആളുകൾ മടിക്കുന്നതാണ് കാരണമെന്നാണ് കണക്കുകൾ പുറത്തുവിട്ട ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽസ് ഡീലേഴ്സ് അസോസിയേഷൻ വക്താക്കൾ പറയുന്നു. ഇന്ധന വില കുതിച്ചുയരുന്നതും ആളുകളെ പിന്നോട്ടടിപ്പിക്കുന്നുവെന്ന് അസോസിയേഷൻ പ്രസിഡന്റ് വിൻകേഷ് ഗുലാഠി പറഞ്ഞു.

മുച്ചക്രവാഹനങ്ങളുടെ റജിസ്ട്രേഷനിലാണ് ഏറ്റവും കൂടുതൽ കുറവുണ്ടായിരിക്കുന്നത്. 49.56%. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 66177 എണ്ണമായിരുന്നത് ഈ വർഷം ഫെബ്രുവരിയിൽ 33319 ആയി. വാണിജ്യ വാഹനങ്ങളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. 29.52%. 83751ആയിരുന്നത് 59020 ആയി. കോവിഡ് കാരണം സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നത് സ്കൂൾ ബസുകളുടെ വിൽപനയെ ബാധിച്ചിട്ടുണ്ട്. ഇരുചക്ര വാഹനവിൽപനയിലുണ്ടായത് 16.08 ശതമാനം കുറവാണ്. 13 ലക്ഷമായിരുന്നത് ഈ ഫെബ്രുവരിയിൽ 10.91 ലക്ഷമായി കുറഞ്ഞു. അതേ സമയം യാത്രാ വാഹനങ്ങളുടെ വിൽപനയിൽ 10.59% വർധനയുണ്ടായി. 2.29 ലക്ഷമായിരുന്നത് 2.54 ലക്ഷമായി. ട്രാക്ടറുകളുടെ വിൽപനയിലും 18.89% വർധന. 51602 ആയിരുന്നത് ഈ ഫെബ്രുവരിയിൽ 61351 ആയി. 

ഇന്ധന നികുതിയിൽ നിന്നുള്ള വരുമാനം 7 വർഷം കൊണ്ട് 459% കൂടിയതായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ലോക്സഭയെ അറിയിച്ചിരുന്നു. 7 വർഷത്തിനിടെ പെട്രോളിന് 18 രൂപയും ഡീസലിന് 25.99 രൂപയുമാണ് കൂടിയത്.  2016–17 കാലത്ത് ബാരലിന് 47.56 ഡോളർ ആയിരുന്നു ക്രൂഡോയിലിന് ഇന്ത്യ നൽകിയിരുന്നത്. കഴിഞ്ഞ വര‍്ഷം അത് 60.47 ഡോളർ ആയി. ഈ വർഷം ഫെബ്രുവരി 28ന് ബാരലിന് 42.78 ഡോളറായാണ് ഇന്ത്യക്കു ലഭിച്ചത്. 

ജിഎസ്ടി കൗൺസിൽ തീരുമാനിക്കാതെ പെട്രോൾ ഡീസൽ വില ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. പെട്രോൾ–ഡീസൽ എക്സൈസ് നികുതിയിനത്തിൽ കഴിഞ്ഞ വർഷം 3.01 ലക്ഷം കോടി രൂപ വരുമാനവും കേന്ദ്രസർക്കാരിനു ലഭിച്ചു. 2013ൽ മൻമോഹൻ സിങിന്റെ കാലത്ത് ലഭിച്ച എക്സൈസ് നികുതി വരുമാനം 52,537 കോടി രൂപയായിരുന്നു. 2010ൽ യുപിഎ കാലത്ത് പെട്രോളിന് 14.78 രൂപയും ഡീസലിന് 4.74 രൂപയുമായിരുന്നു കേന്ദ്രനികുതി. ഇപ്പോഴത് യഥാക്രമം 32.90 രൂയും 31.83 രൂപയുമാണ്. 

English Summary: Vehicle registrations fall by over 13 pc in Feb: FADA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com