ADVERTISEMENT

സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ ടി റോക്കിന്റെ 2021 പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ ഇന്ത്യ ഒരുങ്ങുന്നു. കമ്പനി വെബ്സൈറ്റിൽ ഇടംപിടിച്ച 2021 ടി റോക്കിന് പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 21.35 ലക്ഷം രൂപയാണു ഷോറൂം വില. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്ത ടി – റോക്ക് 2020 മാർച്ചിലാണ് ഫോക്സ്‌വാഗൻ ഇന്ത്യയിൽ വിൽപനയ്ക്കെത്തിച്ചത്. വിദേശത്തു നിർമിച്ചു സി ബി യു വ്യവസ്ഥയിൽ ഇറക്കുമതി ചെയ്യുന്ന ടി–റോക്കിന് 19.99 ലക്ഷം രൂപയായിരുന്നു അന്നു ഷോറൂം വില. ഇന്ത്യയ്ക്കായി  നീക്കിവച്ച ടി–റോക് പൂർണമായും വിറ്റഴിഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ എസ് യു വിക്കുള്ള ബുക്കിങ് സ്വീകരിക്കുന്നതു ഫോക്സ്‌വാഗൻ നിർത്തിയിരുന്നു.

തുടക്കമെന്ന നിലയിൽ ടി –റോക് ഇറക്കുമതി ചെയ്തായിരുന്നു ഫോക്സ്‌വാഗൻ ടി – റോക് വിൽപന ആരംഭിച്ചത്. പ്രാദേശികതലത്തിൽ വാഹന നിർമാണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ടത്തിൽ പ്രതിവർഷം 2,500 വാഹനം ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. 2020ൽ ഇന്ത്യൻ വിപണിക്കായി നീക്കിവച്ച 1,000 യൂണിറ്റും വിറ്റു പോയ സാഹചര്യത്തിലാണ് ഫോക്സ്‌വാഗൻ ടി–റോക് ബുക്കിങ് നിർത്തിയത്. 

ടി–റോക്കിന്റെ പുതിയ പതിപ്പും ഇറക്കുമതി വഴി തന്നെയാവും ഇന്ത്യയിൽ വിൽപനയ്ക്കെത്തുക. പൂർണ എൽ ഇ ഡി ഹെഡ്‌ലാംപും ടെയിൽ ലാംപും, ഇരട്ട വർണ 17 ഇഞ്ച് അലോയ് വീൽ, മുൻ - പിൻ പാർക്കിങ് സെൻസർ, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എട്ട് ഇഞ്ച് ടച് സ്ക്രീൻ, പനോരമിക് സൺറൂഫ്, വിയന്ന ലതർ സീറ്റ് എന്നിവയൊക്കെ ടി – റോക്കിലുണ്ട്. മികച്ച സുരക്ഷയ്ക്കായി ആറ് എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ഇ എസ് സി, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, പാർക്കിങ് കാമറ തുടങ്ങിയവയും  ലഭ്യമാണ്. അഞ്ചു നിറങ്ങളിൽ ടി–റോക് ഇന്ത്യയിൽ ലഭ്യമായിരുന്നു.

രാജ്യാന്തര വിപണികളിൽ ടൈഗനു താഴെയാണ് 4.234 മീറ്റർ നീളവും 1.992 മീറ്റർ വീതിയും 1.573 മീറ്റർ ഉയരവുമുള്ള  ടി–റോക്കിനു സ്ഥാനം. 150 പി എസോളം കരുത്തും 250 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.5 ലീറ്റർ ടർബോ പെട്രോൾ(ടി എസ് ഐ) എൻജിൻ സഹിതമാണ് ടി – റോക്കിന്റെ വരവ്. ഏഴു സ്പീഡ് ഡി സി ടി ഓട്ടോമാറ്റിക് ഗീയർബോക്സുമായെത്തുന്ന ടി – റോക്കിനു മാനുവൽ ട്രാൻസ്മിഷൻ പതിപ്പ് ലഭ്യമല്ല. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി സിലിണ്ടർ ഡീ ആക്ടിവേഷൻ സാങ്കേതികവിദ്യയും ടി–റോക്കിലുണ്ട്. ഇന്ത്യയി ൽ ടി–റോക്കിന്റെ മത്സരം ജീപ് കോംപസ്, എം ജി ഹെക്ടർ, ഹ്യുണ്ടേയ് ട്യുസൊൻ തുടങ്ങിയവരോടാണ്.

English Summary: Volkswagen T-ROC Sale Begins Again; Price Rs 21.35 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com