ADVERTISEMENT

ഇന്ത്യന്‍ വ്യോമസേനയുടെ എക്കാലത്തേയും വലിയ രഹസ്യ വിമാനങ്ങളിലൊന്നാണ് 'ഫോക്‌സ്ബാറ്റ്' എന്ന് വിളിപ്പേരുള്ള മിഗ് 25. 1960കളില്‍ സോവിയറ്റ് യൂണിയന്‍ നിർമിച്ച ഈ നിരീക്ഷണ വിമാനത്തിന്റെ പ്രധാന സവിശേഷത ശബ്ദത്തിന്റെ മൂന്നിരട്ടി വരെ വരുന്ന വേഗവും 24000 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കാനുള്ള ശേഷിയുമായിരുന്നു. ഇന്ത്യയുടെ നിരവധി തന്ത്രപ്രധാനമായ രഹസ്യ ദൗത്യങ്ങള്‍ക്ക് മിഗ് 25 വിമാനങ്ങള്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. 

1981ലാണ് സോവിയറ്റ് യൂണിയന്‍ ആറ് മിഗ് 25ആര്‍.ബി വിമാനങ്ങളും രണ്ട് മിഗ് 25 ആര്‍.യു പരിശീലക വിമാനങ്ങളും ഇന്ത്യക്ക് കൈമാറിയത്. വ്യോമസേനയുടെ ഉത്തര്‍പ്രദേശിലെ 102-ാം സേനാവ്യൂഹത്തിന്റെ കേന്ദ്രത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇരുചെവിയറിയാതെ നിരീക്ഷണപ്പറക്കല്‍ നടത്താനുള്ള മിടുക്കാണ് ഈ വിമാനങ്ങളെ വ്യത്യസ്തമാക്കുന്നത്. 

ഏറെക്കാലം ഇന്ത്യയുടെ ഏറ്റവും രഹസ്യവും വിശ്വസ്ഥവുമായ നിരീക്ഷകവിമാനമായിരുന്നു മിഗ് 25. ഏതാണ്ട് 23,000 മീറ്ററിലേറെ ഉയരത്തില്‍ ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ പറക്കുന്ന മിഗ് 25 വിമാനങ്ങള്‍ ശത്രുക്കളുടെ കണ്ണില്‍ പെടാറില്ലായിരുന്നു. അതേസമയം മിഗ് 25ല്‍ പിടിപ്പിച്ചിരുന്ന 1200 എംഎം ലെന്‍സ് ഉപയോഗിച്ച് അയല്‍രാജ്യങ്ങളായ പാകിസ്താനിലേയും ചൈനീസ് നിയന്ത്രണത്തിലുള്ള തിബറ്റിലേയും അടക്കം ചിത്രങ്ങളെടുക്കാനും തല്‍സമയ നിരീക്ഷണ നടത്താനും ഇവക്ക് സാധിച്ചിരുന്നു. 

ഇന്ത്യന്‍ വ്യോമസേന വളരെ രഹസ്യമായാണ് മിഗ് 25 വിമാനം ഉപയോഗിച്ചിരുന്നത്. ഇന്ത്യന്‍ വ്യോമസേനയിലെ പല അംഗങ്ങളും ഈ വിമാനം കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. മിഗ് 25 വിമാനം പറത്താന്‍ 42 ഇന്ത്യന്‍ പൈലറ്റുമാര്‍ക്കാണ് പ്രത്യേകം പരിശീലനം ലഭിച്ചിരുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അമേരിക്കയുടെ പ്രസിദ്ധ നിരീക്ഷണ വിമാനമായ ബ്ലാക്ക്‌ബേഡിന്റെ സ്ഥാനമായിരുന്നു ഇന്ത്യന്‍ വ്യോമസേനയില്‍ മിഗ് 25ന് ഉണ്ടായിരുന്നത്. 

പാകിസ്ഥാനെ ഞെട്ടിച്ച ഇന്ത്യന്‍ വിമാനം

പാകിസ്താനെ ഞെട്ടിച്ച ഇന്ത്യന്‍ വിമാനമെന്ന പെരുമയും മിഗ് 25ന് അവകാശപ്പെട്ടതാണ്. 1997 മെയ് മാസത്തിലായിരുന്നു ശബ്ദത്തേക്കാള്‍ കുറഞ്ഞ വേഗത്തില്‍ പാകിസ്താന്റെ ആകാശത്ത് ഇന്ത്യയുടെ മിഗ് 25 പറന്നത്. ഇസ്ലാമാബാദിലേയും മറ്റു തന്ത്രപ്രധാന മേഖലകളിലേയും വിവരങ്ങളും ചിത്രങ്ങളും മിഗ് 25 ശേഖരിച്ചു. ഇതിന് ശേഷം തിരിച്ച് ഇന്ത്യയിലേക്ക് പറക്കുന്നതിനിടെ ശബ്ദത്തിന്റെ ഇരട്ടിവേഗത്തിലേക്ക് വേഗത കുത്തനെ കൂട്ടി. ഇത് ശബ്ദ സ്‌ഫോടനത്തിന് തന്നെ കാരണമായി. ഇന്ത്യന്‍ വിമാനത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ പാകിസ്താന്‍ സൈന്യം എഫ് 16 പോര്‍വിമാനങ്ങളെ അയച്ചെങ്കിലും മിഗ് 25നെ തൊടാന്‍ പോലുമായില്ല. 

പൊടുന്നനെ അതിവേഗത്തിലേക്ക് മിഗ് 25 മാറിയത് ഒരു ഇടിമുഴക്കം പോലെയാണ് പാകിസ്താന്റെ പല പ്രദേശങ്ങളിലും അനുഭവപ്പെട്ടത്. ഈ സംഭവം നടന്ന അന്നുതന്നെ പാകിസ്താന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. തങ്ങളുടെ വിമാനത്തെ തൊടാനാവില്ലെന്ന് കാണിച്ച് ഭീഷണിപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമമെന്നായിരുന്നു ആരോപണം. പാകിസ്താന് മുകളില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയ ശേഷം അതിവേഗത്തില്‍ സഞ്ചരിച്ച് ശബ്ദവിസ്‌ഫോടനം ഉണ്ടാക്കിയത് ഇതിനുവേണ്ടിയാണെന്നും പാക് പ്രതിരോധ മന്ത്രാലയം ആരോപിച്ചു. 

ഇപ്പോഴും ഇന്ത്യന്‍ വ്യോമസേനയുടെ 1997ലെ ആ രഹസ്യ ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പാകിസ്താനിലെ ഏറ്റവും ജനസാന്ദ്രമായ പ്രദേശങ്ങളിലൊന്നില്‍ ശബ്ദ വിസ്‌ഫോടനത്തിലൂടെ ഇന്ത്യയുടെ മിഗ് 25 വിമാനത്തിലെ പൈലറ്റ് സാന്നിധ്യം അറിയിച്ചത് എന്തിനാണെന്നതിനും വിശദീകരണമില്ല.

ഏതാണ്ട് 25 വര്‍ഷക്കാലത്തോളം ഇന്ത്യന്‍ വ്യോമസേനയുടെ അവിഭാജ്യഘടകമായിരുന്നു മിഗ് 25 വിമാനങ്ങള്‍. 1995ല്‍ സ്ട്രാറ്റോസ്ഫിയറിലേക്ക് പറന്ന്(ഭൂമിയില്‍ നിന്നും 14.5 കിലോമീറ്ററിനും 50 കിലോമീറ്ററിനും ഇടക്കുള്ള അന്തരീക്ഷം) സൂര്യഗ്രഹണത്തിന്റെ അപൂര്‍വ്വ ചിത്രങ്ങളെടുത്തതും മിഗ് 25 വിമാനമായിരുന്നു. 2006 മെയ് ഒന്നിനാണ് സംഭവബഹുലമായ സേവനത്തിനുശേഷം ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും മിഗ് 25 വിമാനങ്ങള്‍ വിരമിച്ചത്.

English Summary: When an IAF jet caused sonic boom over Islamaba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com