ADVERTISEMENT

ബാറ്ററി ശേഷിയിലും സഞ്ചാര പരിധിയിലും പ്രകടനക്ഷമതയിലുമൊക്കെ പിന്നിലായിട്ടും വിലക്കുറവിന്റെ പിൻബലത്തിൽ വിൽപന കണക്കെടുപ്പിൽ ടെസ്‌ലയുടെ മോഡൽ ത്രീയെ ബഹുദൂരം പിന്നിലാക്കി ചൈനയുടെ ഹോങ് ഗ്വാങ് മിനി. ആഗോളതലത്തിൽതന്നെ ഏറ്റവുമധികം വിൽപനയുള്ള വൈദ്യുത വാഹന(ഇവി)മെന്ന പെരുമയാണു യു എസ് നിർമാതാക്കളായ ടെസ്‌ലയുടെ മോഡൽ ത്രീയിൽ നിന്ന് ചൈനയിലെ വുളിങ്ങിന്റെ മിനി സ്വന്തമാക്കിയത്. 

wuling-mini-3

കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വിൽപനയിൽ ടെസ്‌ലയുടെ മോഡൽ ത്രീയെ അപേക്ഷിച്ചു വ്യക്തമായ മേധാവിത്തണാണു ഹോങ് ഗ്വാങ് മിനി ഇ വി കൈവരിച്ചത്. ജനുവരിയിൽ മിനി 36,000 യൂണിറ്റ് വിൽപന കൈവരിച്ചപ്പോൾ മോഡൽ ത്രീ വിൽപന 21,500 യൂണിറ്റിലൊതുങ്ങി. കഴിഞ്ഞ മാസമാവട്ടെ മിനി ഇ വിയുടെ വിൽപ്പന 20,000 യൂണിറ്റിലേറെയും മോഡൽ ത്രീയുടേത് 13,700 യൂണിറ്റുമായിരുന്നു. 

wuling-mini-2

ബാറ്ററി ശേഷിയിലോ സഞ്ചാര പരിധി(റേഞ്ച്’)യിലോ പ്രകടനക്ഷമതയിലോ മോഡൽ ത്രീയുടെ അടുത്തെങ്ങുമെത്തില്ലെങ്കിലും വിലയുടെയും പ്രായോഗികതയിലെയും മികവാണു ഹോങ് ഗ്വാങ് മിനിയെ ജനപ്രിയമാക്കുന്നത്. റിയൽ വീൽ ഡ്രൈവ് മോഡൽ ത്രീയുടെ സ്റ്റാൻഡേഡ് റേഞ്ച് പ്ലസ് വകഭേദത്തിന് 38,190 ഡോളർ (ഏകദേശം 27.67 ലക്ഷം രൂപ) വിലയുള്ളപ്പോൾ വെറും 28,800 യുവാൻ(4,500 ഡോളർ അഥവാ 3.26 ലക്ഷം രൂപ) മുടക്കി മിനി ഇവി സ്വന്തമാക്കാം.

wuling-mini-5

ചൈനയിലെ പൊതുമേഖല സ്ഥാപനമായ ‘സായ്കും’ വുലിങ് മോട്ടോഴ്സും യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സും ചേർന്നുള്ള സംയുക്ത സംരംഭമാണ് ‘ഹോങ്  ഗ്വാങ് മിനി’ ഇ വി നിർമിക്കുന്നത്. ചൈനീസ് വിപണിയിൽ വുലിങ് എന്ന ചുരുക്കപ്പേരിലാണ് ഈ കമ്പനി അറിയപ്പെടുന്നത്. വലിപ്പത്തിലും ‘മിനി ഇ വി’ തീർത്തും ചെറുകാറാണ്; 2921 എം എം നീളവും 1499 എം എം വീതിയും 1626 എം എം ഉയരവുമാണു കാറിനുള്ളത്. 1940 എം എം വീൽ ബേസുള്ള കാറിന്റെ ഭാരമാവട്ടെ 665 കിലോഗ്രാം മാത്രമാണ്. ഒറ്റ ചാർജിൽ 170 കിലോമീറ്റർ സഞ്ചരിക്കാൻ കാറിനാവുമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം; പരമാവധി വേഗമാവട്ടെ മണിക്കൂറിൽ 100 കിലോമീറ്ററും.

wuling-mini-6

അതേസമയം, ടെസ്‌ലയുടെ ‘2021 മോഡൽ ത്രീ’ക്ക് 4699 എം എമ്മാണു നീളം; 1854 എം എം വീതിയും 1448 എം എം ഉയരവും കാറിനുണ്ട്. 2870 എം എം വീൽബേസുള്ള കാറിന്റെ ഭാരം 1587 കിലോഗ്രാമാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ കാറിലെ ബാറ്ററിക്ക് 402 കിലോമീറ്റർ പിന്നിടാനാവുമെന്നാണു ടെസ്‌ലയുടെ വാഗ്ദാനം.

English Summary: Wuling Mini  beats Tesla Model 3 to become the world's bestselling EV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com