ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനികപ്പലായ യുഎസ്എസ് എന്റര്‍പ്രൈസിന്റെ നീളം 1112 അടിയാണ്. എന്നാല്‍ ഇന്നുവരെ നിർമിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ചരക്കുകപ്പലായ സീവൈസ് ജയന്റിന് യുഎസ്എസ് എന്റര്‍പ്രൈസസിനേക്കാളും നാലിലൊന്ന് നീളം കൂടുതലാണ്. എന്തുകൊണ്ടായിരിക്കും ഒരു പരിധിയില്‍ കൂടുതല്‍ നീളം വിമാനവാഹിനിക്കപ്പലുകള്‍ക്ക് അനുയോജ്യമല്ലെന്ന് കരുതപ്പെടുന്നത്. ഇതിന് പ്രധാനമായും നാലു കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ചിലവ്

വലിപ്പം കൂടും തോറും വിമാനവാഹിനിക്കപ്പലുകളുടെ നിര്‍മ്മാണ ചിലവും അറ്റകുറ്റപണികള്‍ക്ക് വേണ്ടിവരുന്ന ചിലവും കുത്തനെ കൂടും. 2020ല്‍ അമേരിക്കന്‍ നാവികസേനയുടെ ബജറ്റ് 160 ബില്യണ്‍ ഡോളറാണ് (ഏകദേശം 11.61 ലക്ഷം കോടിരൂപ). ഇത് വലിയ തുകയാണ് എന്നുകരുതി പരിധികളില്ലാത്ത തുക എക്കാലത്തും ലഭിക്കുമെന്ന് പ്രതീക്ഷിക്കാനുമാകില്ല. വലിയ വിമാനവാഹിനിക്കപ്പലുകള്‍ നിർമിക്കുകയെന്നത് അമേരിക്കന്‍ നാവികസേനയുടെ 355 കപ്പലുകളുള്ള സേനാവ്യൂഹമുണ്ടാക്കുകയെന്ന ലക്ഷ്യത്തിന് പോലും തടസമുണ്ടാക്കും. 

മെയ്‌വഴക്കം

യാത്രക്കിടെ പരമാവധി വേഗത്തില്‍ ദിശമാറ്റുകയെന്നത് വിമാനവാഹിനിക്കപ്പലുകളെ സംബന്ധിച്ച് പ്രധാന ഗുണമാണ്. വലിപ്പം കൂടും തോറും വിമാനവാഹിനിക്കപ്പലുകള്‍ക്ക് തിരിയാന്‍ വേണ്ടി വരുന്ന വൃത്തത്തിന്റെ വലിപ്പവും കൂടും. ചരക്കുകപ്പലുകള്‍ക്കും ഓയില്‍ ടാങ്കറുകള്‍ക്കുമെല്ലാം ഇതൊരു പ്രശ്‌നമല്ലായിരിക്കാം. എന്നാല്‍ യുദ്ധമുന്നണിയില്‍ എപ്പോള്‍വേണമെങ്കിലും ആക്രമണം പ്രതീക്ഷിച്ച് കഴിയുന്ന വിമാനവാഹിനിക്കപ്പലുകള്‍ക്ക് വലിപ്പം ഒരു പ്രശ്‌നമായി തന്നെ വരും. 

നങ്കൂരമിടല്‍

മുന്‍നിശ്ചയിച്ച തുറമുഖങ്ങളും സമുദ്രപാതകളുമൊക്കെയാകും സാധാരണ ചരക്കുകപ്പലുകള്‍ക്കുണ്ടാവുക. ഇത്തരം തുറമുഖങ്ങള്‍ വന്‍കപ്പലുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതായിരിക്കുകയും ചെയ്യും. എന്നാല്‍ വിമാനവാഹിനിക്കപ്പലുകളുടെ കാര്യം അതല്ല. അത്യാവശ്യഘട്ടങ്ങളില്‍ ഏതു തുറമുഖത്തിലും നങ്കൂരമിടാനും അറ്റകുറ്റപ്പണികള്‍ നടത്താനും കഴിയുകയെന്നത് വിമാനവാഹിനിക്കപ്പലുകള്‍ക്ക് അവശ്യം വേണ്ട ഗുണമാണ്. കേടുപാടുകള്‍ തീര്‍ക്കുന്നതിനായി പ്രത്യേക സൗകര്യമുള്ള തുറമുഖം തേടി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അധികം സഞ്ചരിക്കേണ്ടി വരുന്നത് വിമാനവാഹിനിക്കപ്പലുകളെ വന്‍ ദുരന്തത്തിലേക്കാകും നയിക്കുക. 

വേഗം

15 മുതല്‍ 25 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് ചരക്കുകപ്പലുകള്‍ സഞ്ചരിക്കാറ്. ക്രൂയിസ് കപ്പലുകളാകട്ടെ ശരാശരി 20 നോട്ടിലും. എന്നാല്‍ ഇത്ര വലിയ വേഗത്തില്‍ സഞ്ചരിക്കുകയെന്നത് വിമാനവാഹിനിക്കപ്പലുകളുടെ ലക്ഷ്യമേയല്ല. പോര്‍വിമാനങ്ങളെ വഹിക്കാനും അവക്ക് പറന്നിറങ്ങാനും പറന്നുയരാനുമുള്ള സൗകര്യം ഒരുക്കുകയാണ് വിമാനവാഹിനിക്കപ്പലുകളുടെ പ്രാഥമിക ദൗത്യം. പോര്‍വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാനവാഹിനിക്കപ്പലുകള്‍ക്ക് വേഗതയില്‍ പരിധി പാലിക്കേണ്ടി വരും. 

പോര്‍വിമാനങ്ങള്‍ പറന്നുയരുമ്പോള്‍ കാറ്റിന്റെ ദിശയിലായിരിക്കണം വിമാനവാഹിനിക്കപ്പലുകള്‍ സഞ്ചരിക്കേണ്ടത്. രണ്ട് സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും 150 നോട്ട് വേഗത്തിലേക്കെത്തിയാണ് പോര്‍വിമാനങ്ങള്‍ കപ്പലുകളില്‍ നിന്നും പറന്നുയരുന്നത്. പരമാവധി 30 നോട്ട് വേഗത്തിലാണ് പോര്‍വിമാനങ്ങള്‍ക്ക് സഞ്ചരിക്കാനാവുക. 

ചുരുക്കത്തില്‍ വേഗതയും വലിപ്പത്തിനും വിമാനവാഹിനിക്കപ്പലുകളുടെ കാര്യത്തില്‍ വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ കൂടുതല്‍ വേഗത കൂടുതല്‍ വലിപ്പം എന്നതല്ല ഇവിടെ പ്രധാനം. ലോകത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ നങ്കൂരമിടാനും സ്യൂയസ്, പനാമ കനാലുകള്‍ കടക്കാനും സാധിക്കില്ലെങ്കില്‍ അത് വിമാനവാഹിനിക്കപ്പലുകളെ സംബന്ധിച്ചിടത്തോളം തന്ത്രപരമായ വീഴ്ച്ചയായിട്ടാവും കണക്കിലെടുക്കേണ്ടി വരിക. 

English Summary: Why Aircraft Carriers are Smaller than Cargo Ships?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com